ഇന്ത്യയും ന്യുസീലൻഡും ലോകകപ്പിൽ ഇന്ന് ആവേശപ്പോര്

0
815

ഏകദിന ലോകകപ്പിൽ വിജയത്തുടർച്ച ലക്ഷ്യമിട്ട് ഇന്ത്യയും ന്യുസീലൻഡ‍ും ഇന്ന് ഏറ്റുമുട്ടും. കളിച്ച നാല് മത്സരങ്ങളിലും തകർപ്പൻ ജയം നേടിയാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടാനിറങ്ങുന്നത്. കെയ്ൻ വില്യംസൺ ഇല്ലാതെയും മികച്ച പ്രകടനം നടത്തുന്ന കിവിസിന് ഒന്നും ഭയപ്പെടാനില്ല.

ഹർദിക്ക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതും ഷർദുൽ താക്കൂറിന്റെ മോശം പ്രകടനവുമാണ് ഇന്ത്യയ്ക്ക് തിരിച്ചടി. താക്കൂറിനെ മാറ്റി നിർത്തി മുഹമ്മദ് ഷമിയെ ഇറക്കണമെന്ന ആവശ്യം ഇതിനോടകം ഉയർന്നുകഴിഞ്ഞു. സൂര്യകുമാർ യാദവിനാകും ഹാർദിക് പാണ്ഡ്യയുടെ പകരക്കാരന്റെ റോളിൽ ഇറങ്ങാൻ അവസരം ലഭിക്കുക. ഇന്ത്യൻ ടീമിൽ മറ്റു മാറ്റങ്ങൾക്ക് സാധ്യതയില്ല.

ലോകകപ്പ് വേദികളിൽ ഒമ്പത് തവണ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ചിൽ ന്യൂസിലൻഡും മൂന്ന് എണ്ണത്തിൽ ഇന്ത്യയും വിജയിച്ചു. കഴിഞ്ഞ ലോകകപ്പിലെ സെമിയിലെ തോൽവിയാണ് ഇന്ത്യയെ ഏറെ വേദനിപ്പിക്കുന്നത്. കിവിസിന്റെ 18 റൺസ് ജയം ഇന്ത്യയെ ലോകകപ്പില്‍ നിന്ന് പുറത്താക്കി. ഇത്തവണത്തെ ടൂർണമെന്റ് ഫേവറേറ്റുകൾ ഏറ്റുമുട്ടുമ്പോൾ ഫൈനലിന് മുമ്പൊരു ഫൈനൽ എന്നും മത്സരത്തെ വിശേഷിപ്പിക്കാം.