മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയുടെ കുടുംബത്തോട് മാപ്പ് പറയണം: എ കെ ബാലൻ

കുഴൽനാടൻ പൊതുപ്രവർത്തനത്തിൽ തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അദ്ദേഹം ആദ്യം പറഞ്ഞതുപോലെ മാപ്പ് പറയണം.

0
139

പാലക്കാട്: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഉയർത്തിയ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ മാപ്പ് പറയണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. സിഎംആർഎൽ കമ്പനിക്ക്‌ സാങ്കേതിക സഹായം നൽകിയതിന്‌ സ്വീകരിച്ച പ്രതിഫലത്തിന്‌ വീണ ഐജിഎസ്‌ടി അടച്ചതായി ജിഎസ്‌ടി കമീഷണർ ധനമന്ത്രിക്ക്‌ റിപ്പോർട്ട്‌ നൽകി. ഇതോടെ ആരോപണം ഉന്നയിച്ച കുഴൽനാടൻ വീണയോടും മുഖ്യമന്ത്രിയുടെ കുടുംബത്തോടും മാപ്പുപറയണമെന്ന് എ കെ ബാലൻ ആവശ്യപ്പെട്ടു.

‘ഔപചാരികമായി കത്തു കൊടുത്താൽ അതിന്റെ മറുപടി വരുന്നതു വരെ കാത്തിരിക്കണം. നുണ ഇങ്ങനെ പറഞ്ഞു പ്രചരിപ്പിക്കാൻ അനുവദിക്കരുത്. നുണക്കച്ചവടത്തിന്റെ ഹോൾ സെയിൽ ഏജന്റുമാരായി യുഡിഎഫും കോൺഗ്രസും മാറിയിരിക്കുന്നു.’– എ കെ ബാലൻ പറഞ്ഞു.

‘കുഴൽനാടൻ പൊതുപ്രവർത്തനത്തിൽ തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അദ്ദേഹം ആദ്യം പറഞ്ഞതുപോലെ മാപ്പ് പറയണം. വീണയോടും മുഖ്യമന്ത്രിയുടെ കുടുംബത്തോടും ഒരു വട്ടമെങ്കിലും മാപ്പ് പറയണം. ഈ പ്രശ്‌നം വന്നഘട്ടത്തിൽ തന്നെ വീണ ജിഎസ്ടിയും ഇൻകംടാക്‌സും കൊടുത്തു എന്ന് ഞാൻ പറഞ്ഞതാണ്. അപ്പോഴേക്കാണ് അയാൾ ഔപചാരിക കത്ത് കൊടുത്തത്. അത് നൽകിയ സ്ഥിതിക്ക് അതിന്റെ മറുപടി വരുന്നത് വരെ കാത്തിരിക്കണം. അതിനിടയിൽ ഞങ്ങൾ കൊടുക്കുന്നത് ശരിയല്ലാത്തത് കൊണ്ടാണ് ഞങ്ങളിത് നൽകാതിരുന്നത്. വിശദമായ പരിശോധന നടത്താൻ സമയമെടുത്തത് കൊണ്ടാവും റിപ്പോർട്ട് വൈകിയതെന്ന് കരുതുന്നു. ഈ വിവാദങ്ങൾ അവസാനിച്ചിട്ടില്ല. ഇനി മേലിൽ ഇമ്മാതിരി കള്ളത്തരവും കൊണ്ട് നടക്കരുത്’- എ കെ ബാലൻ വ്യക്തമാക്കി.

നേരം വെളുത്താൽ തുടങ്ങും കോൺഗ്രസ്- ബിജെപി നേതാക്കൾ പച്ച നുണ പറയലെന്നും അദ്ദേഹം കൂട്ടിചേർത്തു. ദേവ ഗൗഡയുമായി ബന്ധപ്പെട്ട് നുണ പറഞ്ഞു. മുഖ്യമന്ത്രിയെ അദ്ദേഹം വിളിച്ചില്ലെന്ന് ഗൗഡ തന്നെ പറഞ്ഞു. നുണ കച്ചവടത്തിന്റെ ഹോൾസെയിൽ ഡീലറവാകുകയാണ് യുഡിഎഫും കോൺഗ്രസുമെന്നും എ കെ ബാലൻ പറഞ്ഞു.