ബാഗില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്‍; മുംബൈയില്‍ വിമാനം അടിയന്തരമായി ഇറക്കി

0
178

മുംബൈ – ബാഗില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് മുംബൈയില്‍ വിമാനം അടിയന്തരമായി ഇറക്കി. അകാശ എയറിന്റെ പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് പുലര്‍ച്ചെ 12.07ന് അടിയന്തര ലാന്‍ഡിങ് നടത്തിയത്. പുലര്‍ച്ചെ 2.30 ഓടെ സംഭവത്തെക്കുറിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മുംബൈ പോലീസ് കണ്‍ട്രോളിനെ അറിയിച്ചു.

തുടര്‍ന്ന് ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചു. ബിഡിഡിഎസ് സംഘവും പോലീസ് ഉദ്യോഗസ്ഥരും അവിടെ സന്നിഹിതരായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ സംശയാസ്പദമായ ഒരു വസ്തുവും പോലീസിന് കണ്ടെത്താനായില്ല. യാത്രക്കാരന്റെ ബന്ധുവും ആ വിമാനത്തില്‍ യാത്ര ചെയ്തിരുന്നതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യാത്രക്കാരന്‍ നെഞ്ചുവേദനയ്ക്ക് മരുന്ന് കഴിച്ചിരുന്നെന്നും എന്തൊക്കെയോ വാശിപിടിക്കുകയായിരുന്നുവെന്നും ബന്ധു പോലീസിനോട് പറഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷം രാവിലെ 6 മണിയോടെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ പോലീസ്അറസ്റ്റ് ചെയ്തു.സംഭവത്തില്‍ മുംബൈ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.