ആർഎസ്എസ് പോലുള്ള സംഘടനകളുടെ മാസ്ഡ്രിൽ, ശാഖകൾ, കൂട്ടായ്മകൾ, ആയോധനപരിശീലനം എന്നിവ ക്ഷേത്രങ്ങളിൽ ഇനി അനുവദിക്കില്ല; തീരുമാനം ശക്തമായി നടപ്പിലാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

0
125

തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് ആർഎസ്എസ് ശാഖാ പരിശീലനത്തിന് വിലക്കേർപ്പെടുത്തിയ തീരുമാനം ശക്തമായി നടപ്പിലാക്കണമെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ് സർക്കുലർ പുറത്തിറക്കി. ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റെ ശാഖകൾ പ്രവർത്തിക്കുന്നതും ആയോധന പരിശീലന മുറകൾ ഉൾപ്പെടെ മാസ്സ്ഡ്രിൽ നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. ഇതിൽ നടപടിയെടുക്കാൻ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർമാർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർമാർ, അഡ്മിനിസ്‌ടേറ്റീവ് ഓഫീസർമാർ, സബ്‌ഗ്രൂപ്പ് ഓഫീസർമാർ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാലിത് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ച് പുതിയ ഉത്തരവിറക്കിയത്.

ക്ഷേത്രവുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങൾ, ഫ്ലക്‌സുകൾ, കൊടിതോരണങ്ങൾ, രാഷ്ട്രീയ, സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം. ആർ.എസ്.എസ്.പോലുള്ള സംഘടനകളുടെ മാസ്ഡ്രിൽ, ശാഖകൾ, കൂട്ടായ്മകൾ, ആയോധനപരിശീലനം എന്നിവ നടക്കുന്നുണ്ടോയെന്നത് കണ്ടെത്താൻ ദേവസ്വം വിജിലൻസ് രാത്രിയിലും മിന്നൽപ്പരിശോധന നടത്തും.

ആർ.എസ്.എസ്. പ്രവർത്തനം നേരത്തേ നിരോധിച്ചതാണെങ്കിലും ലംഘിക്കുന്നതിനെത്തുടർന്നാണ് വീണ്ടും വിലക്കും നടപടികളും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടാകുന്നതായും ബോർഡ് കണ്ടെത്തി.

ഉപദേശകസമിതികൾ അച്ചടിക്കുന്ന നോട്ടീസുകൾ, ലഘുലേഖകൾ എന്നിവയുടെ കരട് ദേവസ്വം അസി. കമ്മിഷണർ അംഗീകരിച്ചശേഷമേ അച്ചടിച്ച് വിതരണം ചെയ്യാവൂ. തീവ്രാശയമുള്ള സംഘടനകൾ ക്ഷേത്രഭൂമിയിൽ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ മേൽശാന്തിമാർ ഉൾപ്പെടെയുള്ളവർ ദേവസ്വം ഉദ്യോഗസ്ഥരെ അറിയിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. ഉപദേശകസമിതികളല്ലാതെ മറ്റ് സംഘടനകൾക്ക് ക്ഷേത്രത്തിൽ പ്രവർത്തിക്കാനാവില്ല.