സാമ്പാറില്‍ എരിവുകൂടിയതിനെ തുടർന്ന് വഴക്ക്; അച്ഛനെ മകന്‍ മരക്കമ്പുകൊണ്ട് അടിച്ചുകൊന്നു

0
555

ബംഗളൂരു: കര്‍ണാടകയില്‍ സാമ്പാറില്‍ എരിവുകൂടിയെന്ന് പരാതിപ്പെട്ടതിന് അച്ഛനെ മകന്‍ മരക്കമ്പുകൊണ്ട് അടിച്ചുകൊന്നു. കുടക് വിരാജ്‌പേട്ട് താലൂക്കിലെ നംഗലപ്പ സ്വദേശിയായ സി കെ ചിട്ടിയപ്പ (63)യാണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ മകന്‍ തമ്മയ്യയെ (38) പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബവഴക്കിനെ തുടര്‍ന്ന് മൂത്തമകനും മരുമകളും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. വീട്ടില്‍ ചിട്ടിയപ്പയും ഇളയമകനായ തമ്മയ്യയും മാത്രമായിരുന്നു താമസം. തമ്മയ്യയാണ് ഭക്ഷണം പാചകം ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം രാത്രി ഉണ്ടാക്കിയ സാമ്പാറില്‍ എരിവ് കൂടിപ്പോയെന്ന് ചിട്ടിയപ്പ പരാതിപ്പെട്ടു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തർക്കമായി. തര്‍ക്കത്തിനിടെ തമ്മയ്യ സമീപത്തുണ്ടായിരുന്ന മരക്കമ്പെടുത്ത് ചിട്ടിയപ്പയെ മര്‍ദ്ദിക്കുകയായിരുന്നു.

കഴുത്തിനും നെഞ്ചിനും പരിക്കേറ്റ ചിട്ടിയപ്പ ബോധരഹിതനായതോടെ, തമ്മയ്യ സമീപവാസികളെ വിവരമറിയിച്ചു. ചിട്ടിയപ്പയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പൊലീസ് പറയുന്നു.