റാഫ അതിർത്തി തുറന്നു, സഹായവുമായി ട്രക്കുകൾ ഗാസയിലേക്ക്‌: ഒന്നിനും തികയില്ലെന്ന് റെഡ് ക്രെസന്റ്

ട്രക്കുകൾ കടത്തിവിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റഫാ അതിർത്തിയിൽ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയിരുന്നു.

0
277

ഗാസ: ഗാസയിലേക്കുള്ള മാനുഷികസഹായമെത്തിക്കുന്നതിനായി ‌ റാഫ അതിർത്തി തുറന്നു. ട്രക്കുകൾ കടന്നുപോകുന്നതിനാണ് അതിർത്തി തുറന്നത്. ഈജിപ്തിൽ നിന്ന് ഗാസയിലേക്കുള്ള റെഡ് ക്രെസന്റിന്റെ ആദ്യ ട്രക്ക് അതിർത്തി കടന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

20 ട്രക്കുകളാണ് ആദ്യ ഘട്ടത്തിൽ കടത്തി വിടുന്നതിന് ഈജിപ്ത് അനുമതി നൽകിയത്‌. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റാഫ അതിർത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജെറുസലേമിലുള്ള യുഎസ് എംബസി അറിയിച്ചു.

ട്രക്കുകൾ കടത്തിവിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റഫാ അതിർത്തിയിൽ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയിരുന്നു. ”ഈ ട്രക്കുകൾ വെറും ട്രക്കുകളല്ല, ഗാസയിലെ ജനങ്ങൾക്കു മരണത്തിൽനിന്നു ജീവിതത്തിലേക്കുള്ള പിടിവള്ളിയാണ്” എന്നാണു ഗുട്ടെറസ് പറഞ്ഞത്. ”ഈ ട്രക്കുകൾ കടത്തിവിടാൻ അനുവദിക്കുക, എത്രയും വേഗം, എത്രയധികം പറ്റുമോ അത്രയുമധികം.” മരുഭൂമിയിലെ ചൂടിനെ അവഗണിച്ച് റഫാ അതിർത്തിയിലെത്തിയ ഗുട്ടെറസിനു മുന്നിൽ ഈജിപ്തിലെ പ്രതിഷേധക്കാർ പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളുയർത്തി.