അബൂദാബിയിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളിൽ പരാതിപ്പെടാൻ പുതിയ ഹോട്ട്ലൈൻ നമ്പർ അവതരിപ്പിച്ച് അധികൃതർ.വീടുകളിലും സ്കൂളുകളിലും കുട്ടികളെ ഉപദ്രവിക്കുക,മാനസികമായി പീഡിപ്പിക്കുക, മാനസികാരോഗ്യ പ്രശ്നം, കുടുംബപ്രശ്നം തുടങ്ങിയവ സംബന്ധിച്ച് ഈ നമ്പറിൽ പരാതിപ്പെടാം.അബൂദബി സാമൂഹിക വികസന വിഭാഗമാണ് കുടുംബ പരിചരണ അതോറിറ്റിയുമായി സഹകരിച്ച് 800444 എന്ന ഹോട്ട്ലൈൻ നമ്പറിന് തുടക്കം കുറിച്ചത്.
സമൂഹത്തിന് അനിവാര്യമായ സമയങ്ങളിൽ നേരിട്ട് അധികൃതരെ ബന്ധപ്പെടാൻ നടപടി സഹായിക്കുമെന്ന് കുടുംബ പരിചരണ അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. ബുഷ്റ അൽ മുല്ല പറഞ്ഞു. സാമൂഹിക വിഷയങ്ങൾ അറിയിക്കാനും സഹായം തേടാനും നമ്പർ പൗരന്മാർക്ക് പുറമേ പ്രവാസികൾക്കും സന്ദർശകർക്കും ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
അൽ ഖാനയിൽ നടന്ന ഹോട്ട് ലൈൻ സേവന പ്രഖ്യാപന ചടങ്ങിൽ സാമൂഹിക വികസന വകുപ്പ് അണ്ടർ സെക്രട്ടറി എൻജിനീയർ ഹമദ് അലി അൽ ധാഹിരി, വകുപ്പ് ചെയർമാൻ ഡോ. മുഗീർ ഖമിസ് അൽ ഖലീലി തുടങ്ങിയവർ സംബന്ധിച്ചു.