ഉണർന്നു ട്രാക്കും ഫീൽഡും; കൗമാര കായികമേളക്ക് തുടക്കം, ആദ്യ സ്വർണം കണ്ണൂരിന്‌

നാളെയുടെ വാഗ്ദാനങ്ങളായ മൂവായിരത്തിലേറെ വിദ്യാർഥികളാണ് മേളയിൽ പങ്കെടുക്കുന്നത്.

0
723

തൃശൂർ: 65-ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം. ജൂനിയർ ഗേൾസ് മൂവായിരം മീറ്റർ ഇനത്തോടെയാണ് മേളക്ക് തുടക്കം കുറിച്ചത്. മത്സരത്തിൽ കണ്ണൂർ ജിവിഎച്ച്എസ്എസ് വിദ്യാർഥിനി ഗോപിക ഗോപി സ്വർണം സ്വന്തമാക്കി. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്റെ അശ്വിനി വെള്ളിയും എറണാകുളം മാർ ബേസിൽ സ്കൂളിന്റെ അനുമോൾ സജിക്ക് വെങ്കലവും ലഭിച്ചു.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മലപ്പുറത്തിനാണ് സ്വര്‍ണവും വെള്ളിയും. ചിക്കോട് കെകെഎച്ച്എസ്എസിലെ മുഹമ്മദ് ആമേൻ സ്വർണമണിഞ്ഞപ്പോൾ അതേസ്‌കൂളിലെ തന്നെ മുഹമ്മദ് ജസീലിൽ വെള്ളി നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസിലിന്‍റെ സി ആര്‍ നിത്യയ്ക്കാണ് സ്വര്‍ണം. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും പാലക്കാടിന് ലഭിച്ചു. ചിറ്റൂര്‍ ജിവിഎച്ച്എസ്എസിലെ ബിജോയിക്ക് സ്വര്‍ണം. കുമരംപുത്തൂര്‍ സ്‌കൂളിലെ മുഹമ്മദ് മഷ്ബൂദ് രണ്ടാമത്. ആദ്യ ദിനമായ ചൊവ്വാഴ്ച 21 ഫൈനൽ മത്സരങ്ങളാണ് നടക്കുന്നത്.

മേളക്ക് തുടക്കം കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാകയുയർത്തി. പകൽ മൂന്നരയ്ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കായികമേളയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിക്കും. ആറ് വിഭാഗങ്ങളിലായി 3000ത്തിൽ കൂടുതൽ മത്സരാർത്ഥികൾ മാറ്റുരക്കും. സമാപന സമ്മേളനം 20ന് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കായികമന്ത്രി വി അബ്ദുറഹ്മാൻ സമ്മാനദാനം നിർവഹിക്കും.

English Summary: Kerala state school sports meet at kunnamkulam.