പുനഃസംഘടന; കരുനാഗപ്പള്ളിയിൽ കോൺഗ്രസുകാർ നടുറോഡിൽ ഏറ്റുമുട്ടി, പദയാത്ര പാതിവഴിയിൽ നിർത്തി

വനിതാ നേതാക്കളടക്കം പലരും ചിതറിയോടി രക്ഷപ്പെട്ടു.

0
337

കൊല്ലം: കൊല്ലത്തെ കോൺഗ്രസ് പുനഃസംഘടനയെപ്പറ്റിയുള്ള പ്രതിഷേധം തെരുവിലേക്കും. മണ്ഡലം പ്രസിഡന്റിനെ ചൊല്ലി ഉടലെടുത്ത തർക്കം പരസ്യ ഏറ്റുമുട്ടലിലേക്ക് വഴിമാറി. കരുനാഗപ്പള്ളിയിൽ യുഡിഎഫ് പദയാത്രക്കിടെ കോൺഗ്രസുകാർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിലാണ് കോൺഗ്രസുകാർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതിൽ കരുനാഗപ്പള്ളിയിൽ നിലനിൽക്കുന്ന പ്രതിഷേധം ഇതോടെ തെരുവിലെ കയ്യാങ്കളിയിലെത്തി. യുഡിഎഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ചെയർമാൻ ആർ ദേവരാജൻ, മണ്ഡലം പ്രസിഡൻ്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്.

പദയാത്ര ആലുംകടവിൽ എത്താറായപ്പോൾ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം തുടങ്ങി. ജാഥ എത്തിയതോടെ ഇരുചേരികളായി പോർവിളിയും ഉന്തും തള്ളും ആരംഭിച്ചു. വനിതാ നേതാക്കളടക്കം പലരും ചിതറിയോടി രക്ഷപ്പെട്ടു. കെ സി വേണുഗോപാൽ പക്ഷത്തെ കപ്പത്തൂർ റോയി, അനിൽ കാരമൂട്ടിൽ തുടങ്ങിയവർ ഒരുപക്ഷത്തും മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന ജയകുമാർ, അമ്പിളി തുടങ്ങിയവർ എതിർപക്ഷത്തും അണിനിരന്ന് പരസ്പരം വാക്കുതർക്കവും കയ്യാങ്കളിയിലും എത്തി.

പ്രവർത്തകർ ഇരുപക്ഷത്തെയും പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും തന്നെ ജാതി പറഞ്ഞ് ആക്ഷേപിച്ചതായി ജയകുമാർ കപ്പത്തൂർ റോയിക്കെതിരെ ആക്ഷേപം ഉന്നയിച്ചു പാഞ്ഞടുത്തു. നിൻ്റെ രാഷ്ട്രീയ ഭാവി ഇതോടെ അവസാനിച്ചു എന്ന് റോയിയും തിരിച്ചടിച്ചു. തുടർന്ന് ഇവർ കെ സി വേണുഗോപാലിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചാണ് പിരിഞ്ഞുപോയത്. ഏറെ പണിപ്പെട്ടാണ് പ്രവർത്തകർ ഇരുപക്ഷത്തെയും പിടിച്ചു മാറ്റിയത്. അടി തുടങ്ങിയതോടെ പദയാത്ര അവസാനിപ്പിച്ചു.

അതിനിടെ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് രാജിഭീഷണിയുമായി രംഗത്തെത്തി. നിലവിൽ പുറത്തിറക്കിയിരിക്കുന്ന പട്ടികയിൽ ഭൂരിഭാഗവും കെ സി വേണുഗോപാൽ പക്ഷക്കാരാണെന്നതും എ, ഐ ഗ്രൂപ്പുകാരുടെ പ്രാതിനിധ്യം വെട്ടിക്കുറച്ചതുമാണ് മഹേഷിന്റെ രാജിഭീഷണിക്ക് കാരണം. മഹേഷുമായുള്ള പ്രശ്നം പറഞ്ഞുതീർക്കാണ് കഴിയാതെ നേതൃത്വം വിഷമിക്കുന്നതിനിടയിലാണ് പ്രവർത്തകർ തമ്മിൽ നടുറോഡിൽ പരസ്യമായി ഏറ്റുമുട്ടിയത്.

English Summary: Reorganization; In Karunagappally, Congressmen clashed in road.