അനിയൻബാവ പോസ്റ്റുന്നു, ചേട്ടൻബാവ ലൈക്കുന്നു; വിഷമിറക്കാൻ പാമ്പിനെ തേടുന്ന ഫിറോസ്‌ക്കയുടെ ദണ്ണം ആരറിയും?

'റിപ്പോർട്ട് തള്ളിയാലെന്താ..? സമൻസ് അയപ്പിച്ചില്ലേ. അതല്ലേ ഹീറോയിസം'.

0
1085

“ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ…” എന്ന് ഹരിനാമ കീർത്തനത്തിൽ പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങളുടെ ഇക്കാലത്ത് ന്യൂജെൻ ടീം അതിനെ ‘അനിയൻബാവ പോസ്റ്റുന്നു, ചേട്ടൻബാവ ലൈക്കുന്നു’ എന്ന് പറയും. അതേപോലെയാണ് കുത്തിത്തിരിപ്പുകളുടെ ഉസ്താദുമാരായ വി ഡി സതീശനും വി മുരളീധരനും. നല്ല കിടുക്കാച്ചി പ്രതികരണമാണ് ഇന്ന് രണ്ടുപേരും നടത്തിയിരിക്കുന്നത്. ഈച്ചക്കോപ്പി എന്നൊക്കെ പറയില്ലേ, അതുതന്നെ. ഒരേ സ്ഥലത്ത് ഒരാൾ എഴുതിത്തയ്യാറാക്കി രണ്ട് ഫോട്ടോസ്റ്റാറ്റ് എടുത്താൽ സംഗതി കഴിഞ്ഞു. വലിയ ചെലവൊന്നുമില്ല. കൂടിപ്പോയാൽ പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ നിന്ന് ബിജെപി കാര്യാലയത്തിലേക്ക് പോകുന്ന ഓട്ടോക്കൂലിയും പിന്നെ ഫോട്ടോസ്റ്റാറ്റിന്റെ അഞ്ചു രൂപയും.

‘എന്റെയും ചേട്ടന്റെയും ശബ്ദം ഒരു പോലെയിരിക്കുന്നു’ തിലകനും ശ്രീനിവാസനും കസറിയ ആ എവർഗ്രീൻ കോമ്പിനേഷൻ ആണിവിടെ വി ഡി സതീശനും മുരളിയും ചേർന്ന് പുനരാവിഷ്ക്കരിക്കുന്നത്. പുതുപ്പള്ളിയിലെ പോലെ ‘ആരാദ്യം പറയും’ എന്ന ശങ്കയൊന്നും ഇവിടെ ഉണ്ടായില്ല. അതുതന്നെ ഇവരുടെ മാനസിക ഐക്യത്തിന്റെ തെളിവാണ്. പതിവുപോലെ വി ഡി സതീശൻ ആദ്യം പറയുന്നു, അര അമണിക്കൂർ കഴിഞ്ഞില്ല ‘കേന്ദ്രനും’ അതേ സംഗതി പിന്നെയും പറയുന്നു. വിഷയം വിഴിഞ്ഞവും പി ആർ വർക്കും തന്നെ. ബിജെപിക്കും വി ഡിക്കും രണ്ടുപേർക്ക് അസൈൻമെന്റ് ഉള്ളതിനാൽ കേട്ടോണ്ടിരിക്കുന്ന മാധ്യമപ്രവർത്തകർക്ക് അതൊരു വിഷയമാകില്ല. അല്ലേലും ഒരേ ഒരാൾ വിഷ്വൽ എടുത്തും സ്ക്രിപ്റ്റ് വാട്സാപ്പ് ചെയ്തുമാണ് തലസ്ഥാനത്തെ ‘ഉശിരൻ’ മാധ്യമപ്രവർത്തനമെന്നത് പത്രക്കാർ ഒഴികെ ബാക്കി മാലോകർക്കെല്ലാം അറിയാം.

തിങ്കളാഴ്ച രാവിലെയാണ് സതീശണ്ണൻ പൊട്ടിത്തെറിച്ചത്. എന്നെക്കൊണ്ട് പറയിക്കരുത് എന്നുവരെ ഇടതുകൈയിലെ തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് ഒരു പ്രത്യേക ആക്ഷനിൽ പറഞ്ഞു. എന്നും രാത്രിയിൽ ചില അളവ് ഇതേ മുദ്രയിലാണ് കാണിക്കുന്നത് എന്നും കരക്കമ്പിയുണ്ട്. അപ്പോ അതേ മുദ്ര വെച്ച് സതീശൻ പെടച്ചു. വിഴിഞ്ഞത്തെപ്പറ്റി പറയുമ്പോ പുള്ളിക്ക് ഇടക്ക് കണ്ഠമിടറി. അതിനിടയിൽ പി ആർ വർക്ക് എന്ന് പറഞ്ഞ് രൗദ്രഭാവത്തിൽ ഉറഞ്ഞുതുള്ളി. മൊത്തത്തിൽ ഒരു ഹരമായിരുന്നു സംഗതി കാണുന്നവർക്ക്. സതീശേട്ടന്റെ ഭാവങ്ങൾ കണ്ട ‘തലസ്ഥാന വി ഡി മീഡിയക്കാർ’ പുളകിതരായി.

കോൺഗ്രസിൻ്റെ ഉന്നതാധികാര സമിതി യോഗത്തിൽ സുനിൽ കനഗോലു പങ്കെടുത്തതിൽ എന്താണ് തെറ്റെന്നായിരുന്നു സതീശന്റെ ചോദ്യം. പിആർ ഏജൻസിയുടെ ആൾ മുഖ്യമന്ത്രിയാണെന്നും പുള്ളി കണ്ടെത്തിക്കളഞ്ഞു. അഡ്വര്‍ടൈസ് ഏജന്‍സിയെക്കുറിച്ച് പിആര്‍ ഏജന്‍സിയെക്കുറിച്ച് എന്നേടൊന്നും പറയണ്ട. ഏത് പാര്‍ട്ടിയാണ് പിആര്‍ ഏജന്‍സിയെ ഉപയോഗിക്കാത്തത്. അങ്ങനെ ഉപയോഗിച്ചു എന്ന് പറഞ്ഞാല്‍ എന്താണ് തെറ്റ് എന്നുവരെ സതീശൻ പറഞ്ഞു. വിഴിഞ്ഞത്ത് ഉമ്മൻചാണ്ടിയെ പിണറായി അനുസ്മരിക്കാത്തത് ഉചിതമായില്ലെന്നും ഇടക്ക് ഇടറിയ തൊണ്ടയോടെ പറഞ്ഞു. വി ഡി ആയതുകൊണ്ട് എല്ലാ പത്രക്കാരും കപ്പലണ്ടിയും കൊറിച്ച് ചായയും കുടിച്ച് സന്തോഷത്തോടെ പിരിഞ്ഞു.

അര മണിക്കൂർ കഴിഞ്ഞില്ല, ദേ വി മുരളിയണ്ണൻ. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം പിആർ വർക്കാണോയെന്ന് സംശയിച്ചാണ് ആകെ ബേജാറായി വശം കെട്ട് നിലവിളക്ക് കൊളുത്തിയ ‘കേന്ദ്രന്റെ’ രംഗത്തുവരവ്. മനസില്ലാമനസോടെയാണ് വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തത് എന്നും പുള്ളി തുറന്നുപറഞ്ഞിട്ടുണ്ട്. അപ്പോ പ്രാകിക്കൊണ്ടാണ് ചടങ്ങിന് വന്നതെന്ന് സാരം. വന്ദേഭാരത് അല്ലാത്തതുകൊണ്ട് ബിജെപിക്കാരെ കൊടിയുമായി ചടങ്ങിൽ കെട്ടിക്കയറ്റിക്കാനും കഴിഞ്ഞില്ല. ഉള്ളിൽ സങ്കടപ്പെട്ട് നിലവിളക്ക് കൊളുത്തിയപ്പോഴാണ് ‘കേന്ദ്രന്’ വിളി വരുന്നത്. ഈ വിഴിഞ്ഞം ഉദ്‌ഘാടനം എന്തിനുവേണ്ടിയാണ്? അതും മാമാങ്കം പോലെ നടത്തണോ എന്നൊക്കെയാണ് ആ വിളി. രാത്രി വീട്ടിലെത്തി തിരിഞ്ഞും മറിഞ്ഞും കിടന്നാലോചിച്ചു. എത്തും പിടിയും കിട്ടുന്നില്ല. രാവിലെയാണ് തലയിൽ വെളിച്ചം കയറിയത്. സംഗതി കണ്ടെത്തി. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പി ആർ വർക്ക് ആയിരുന്നുപോലും വിഴിഞ്ഞം തുറമുഖം ഉദ്‌ഘാടനം. പിന്നെ പി ആർ വർക്കിനെപ്പറ്റി വി ഡി സതീശൻ പറഞ്ഞ അതേ കാര്യങ്ങൾ തന്നെ ‘കേന്ദ്രനും’ ആവർത്തിക്കുന്നു. ഒരിടത്ത് മാത്രം ഒരു തിരുത്തൽ. സതീശൻ ‘ചാണ്ടി സെർ’ എന്ന് പറഞ്ഞിടത്ത് മുരളി ‘മോഡിജി’ എന്ന് പറഞ്ഞു. അതോടെ കഴിഞ്ഞു. ശുഭം.

ഇത് കണ്ടപ്പോഴാണ് ഹരിനാമ കീർത്തനം സാമാന്യം മലയാളികൾക്ക് ഓർമ വന്നത്. നവരാത്രിക്കാലമായതുകൊണ്ട് നല്ലതുമാണ്. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ ഈ രണ്ടുപേരും ഒന്നായി നടന്നു, ഒന്നായി സമരിച്ചു, ഒന്നിച്ചു തന്നെ കിടന്നുറങ്ങി, പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഒന്നിച്ചുതന്നെ പറഞ്ഞു. പക്ഷേ, എന്തുണ്ടായി. തുറമുഖം തുറന്നുകൊടുത്തതിന്റെ ആ ഒരു ‘ഇണ്ടൽ’ ഇതുവരെ രണ്ടുപേർക്കും മാറിയിട്ടുമില്ല. അല്ലേലും കേരളത്തിൽ എന്തുണ്ടായാലും ഇവർക്ക് രണ്ടുപേർക്കും വല്ലാത്ത ഒരു ഇണ്ടലാണ്. നാടൻഭാഷയിൽ പറഞ്ഞാൽ അസൂയ, കുശുമ്പ് എന്നിങ്ങനെ. അതുകൊണ്ടാണ് ഒരേ സ്ക്രിപ്റ്റ് വെച്ച് ഒരേയിടത്തുവെച്ച് രണ്ടാളും തങ്ങളുടെ ‘ഇണ്ടൽ’ ഇങ്ങനെ കുത്തിത്തിരിപ്പുകളാക്കി മാറ്റുന്നത്. പറഞ്ഞിട്ട് കാര്യമില്ല. അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്നാണല്ലോ.

ഇവരുടെ ‘ഇണ്ടൽ’ മെല്ലെ ഒന്നടങ്ങിയപ്പോഴാണ് കടിച്ച പാമ്പിനെകൊണ്ട് വിഷമിറക്കുന്ന വൈദ്യൻ ഫിറോസ്‌ക്ക രംഗത്തുവരുന്നത്. കത്വ എന്നോ ഉന്നാവോ എന്നോ ഒക്കെ പറഞ്ഞ് പെൺകുട്ടികളുടെ പേരിൽ പിരിച്ച പൈസ മുക്കിയത് തന്നെയായിരുന്നു വിഷയം. കത്വയിലും ഉന്നാവോയിലും ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിനായി സമാഹരിച്ച ഒരു കോടിയോളം വരുന്ന ഫണ്ടില്‍ നിന്ന് ചില്ലറ- വെറും 15 ലക്ഷം ഫണ്ട് മുക്കി നക്കിയതാണ് വലിയ സംഗതിയായി കൊണ്ടുനടന്നത്. എന്നിട്ടെന്തായി.? ദേ പൊലീസ് റിപ്പോർട്ട് കണ്ടില്ലേ.? ഫണ്ട് തട്ടിപ്പ് ആരോപണം കളവാണെന്ന് പൊലീസ് കുന്നമം​ഗലം കോടതിയിൽ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. ‘കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കാൻ കഴിഞ്ഞു എന്ന സന്തോഷത്തിലാണ് ഞങ്ങളിപ്പോഴുള്ളത്. ഞങ്ങൾക്കുറപ്പായിരുന്നു ഈ കേസ് വിജയിക്കുമെന്ന്. അന്തിമവിജയം സത്യത്തിനായിരിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു’ എന്നൊക്കെ ഫിറോസ്ക്ക വികാരഭരിതനായി. ഇതുകേട്ട അസർപ്പ് പച്ചപ്പടയും കൂട്ടരും സോഷ്യൽ മീഡിയ വിലക്ക് വാങ്ങി തള്ളിമറിച്ചു. ഷാജിക്കാക്ക് പിന്നാലെ ഫിറോസിക്കയും. കേട്ടപാതി കേൾക്കാത്തപാതി, മുനവ്വറലി തങ്ങളും എടുത്തിട്ട് പൊരിച്ചു. കൂട്ടത്തിൽ നല്ല ബിജിഎമ്മും. സ്വർഗത്തിലേക്ക് പോകാനുള്ളതുകൊണ്ട് പച്ചക്കൊടി തലങ്ങും വിലങ്ങും വീശി. വൈകിട്ടായപ്പോഴാണ് കോടതി പറഞ്ഞ കാര്യം യൂത്ത് ലീഗാര് അറിയുന്നത്. റിപ്പോർട്ടും കൊണ്ടുപോയ പൊലീസിനെ കോടതി കണ്ടം വഴി ഓടിച്ചു. കൂട്ടത്തിൽ ഒരു കാര്യവും പറഞ്ഞു. ആ ഫിറോസിനും സുബൈറിനും സമൻസ് അയക്കണമെന്നും. പച്ചക്കൊടിക്ക് കീഴിൽ നിന്ന് സ്വർഗത്തിലേക്ക് പോകാൻ വരിനിന്ന ലീഗ് പുള്ളന്മാരുടെ സ്ഥിതി ആകെ ബേജാറുമായി. പക്ഷേ വേറൊരു സംഗതി അസർപ്പ് പച്ചപ്പട ഏറെ വൈകി പൂശിയിട്ടുണ്ട്.
‘റിപ്പോർട്ട് തള്ളിയാലെന്താ..? സമൻസ് അയപ്പിച്ചില്ലേ. അതല്ലേ ഹീറോയിസം’ എന്ന്.