‘കുഞ്ഞിനെ ഇല്ലാതാക്കാൻ ഉത്തരവിടാനാകില്ല’; ഗർഭഛിദ്ര കേസിൽ ഹർജി തള്ളി സുപ്രീംകോടതി

26 ആഴ്ച പിന്നിടുന്ന ഗര്‍ഭം അലസിപ്പിക്കുന്നത് മെഡിക്കല്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

0
215

ന്യൂഡൽഹി: 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ട് കുട്ടികളുടെ അമ്മയായ 27കാരിയാണ് ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്. അമ്മയുടെ ജീവന് അടിയന്തര ഭീഷണിയില്ലെന്നും ഭ്രൂണത്തിന് അസ്വഭാവികതയില്ലെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. എയിംസ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്, മിടിക്കുന്ന കുരുന്ന് ഹൃദയത്തെ പിടിച്ചുനിര്‍ത്താനാവില്ലെന്നും ചൂണ്ടിക്കാട്ടി.

26 ആഴ്ചയും അഞ്ച് ദിവസവും പിന്നിടുന്ന ഗര്‍ഭം അലസിപ്പിക്കുന്നത് മെഡിക്കല്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മിടിച്ചുകൊണ്ടിരിക്കുന്ന ഒരു ഹൃദയത്തിന്റെ ചലനം പിടിച്ചുനിർത്താൻ സാധിക്കില്ലെന്നും അത്തരമൊരു ഉത്തരവ് നൽകാൻ കോടതിക്ക് സാധിക്കില്ലെന്നും ബെഞ്ച് പറഞ്ഞു. ഹർജിക്കാരിയും ഒരിക്കലും അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷാദ രോഗമടക്കമുള്ള ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അലട്ടുന്നതിനാല്‍ ഇനി ഒരു കുഞ്ഞിനെ കൂടി പരിപാലിക്കാനാവില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഹര്‍ജി സുപ്രീംകോടതിയിലെത്തിയത്. ജസ്റ്റിസുമാരായ ഹിമ കൊഹ്ലി, ബി വി നാഗരത്ന എന്നിവരുടെ ബഞ്ചില്‍ ഭിന്നവിധികളുണ്ടായ പശ്ചാത്തലത്തിലാണ് ഹര്‍ജി ചീഫ് ജസ്റ്റിന്‍റെ പരിഗണനയ്ക്ക് വന്നത്.

പ്രസവശേഷം കുഞ്ഞിനെ ദത്ത് നൽകുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് തീരുമാനം എടുക്കാം. ഡൽഹി എയിംസ് ആശുപത്രി അധികൃതർ ആവശ്യമായ സഹായം നൽകണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു. മാനസികവും ശാരീരികവുമായ ആരോഗ്യമില്ലെന്നും അതിനാല്‍ മൂന്നാമത്തെ കുട്ടി വേണ്ടെന്നുമായിരുന്നു ഹര്‍ജിയില്‍ അമ്മയുടെ ആവശ്യം. രണ്ടംഗ ബെഞ്ചിലെ ഭിന്നവിധിയെത്തുടർന്നാണ് ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

English Summary: Supreme Court Rejects Married Woman’s Plea To Abort 26-Week Pregnancy.