ഭർതൃ പീഡനം നിലനിൽക്കില്ല; ലിവിംഗ് ടുഗെതർ പങ്കാളി ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷ റദ്ദാക്കി ഹൈക്കോടതി

നിയമത്തിന് മുന്നിൽ ഇരുവരും ഭാര്യാഭർത്താക്കന്മാരായിരുന്നില്ലെന്നത് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

0
2361

കൊച്ചി: ലിവിംഗ് ടുഗതർ പങ്കാളിക്കെതിരെ ഐ പി സി 498 എ പ്രകാരം കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ സ്ത്രീയെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഐപിസി 498 എ വകുപ്പ്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ച സ്ത്രീ ആത്മഹത്യ ചെയ്ത കേസിലാണ് കേരളാ ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. കേസിൽ ഭർത്താവിനെയും കുടുംബത്തെയും ശിക്ഷിച്ച നടപടി ഹൈക്കോടതി റദ്ദാക്കി.

ഇരുവരും തമ്മിൽ നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ ഭർത്താവിന്റെ വീട്ടിൽ വെച്ചുള്ള പീഡനമെന്ന രീതിയിൽ കേസ് കണക്കാക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരനും മരിച്ചയാളും തമ്മില്‍ മതപരമായോ ആചാരപരമായോ വിവാഹം ചെയ്തിട്ടില്ല. നിയമപരമായ പവിത്രതയില്ലാത്ത വിവാഹ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ സാധുവായ വിവാഹ രേഖയില്ലാതെയാണ് ഇരുവരും ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് ജീവിച്ചിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുവരും ഒരുമിച്ച് താമസം തുടങ്ങുകയും പിന്നീട് വിവാഹം കഴിക്കാമെന്നും വ്യക്തമാക്കി കരാറിൽ ഏ‌ർപ്പെടുകയായിരുന്നു. സാധുവായ വിവാഹ രേഖ ഇല്ലാത്തതിനാൽ ഐപിസി 498 എ നിലനിൽക്കില്ലെന്ന് ജസ്റ്റിസ് സോഫിയ തോമസ് ഉത്തരവിൽ വ്യക്തമാക്കി. ലിവിംഗ് ടുഗെതർ പങ്കാളി ആത്മഹത്യ ചെയ്ത കേസിൽ വിചാരണ കോടതി ശിക്ഷിച്ച പാലക്കാട് സ്വദേശിയും കുടുംബവുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

നിയമസാധുതയുള്ള വിവാഹമുണ്ടെങ്കിൽ മാത്രമേ ഐപിസി 498 എ വകുപ്പ് പ്രകാരം ഒരു സ്ത്രീക്ക് നിയമപരമായ വഴി തേടാൻ കഴിയൂ. അതിനാൽ 306 വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണക്കും 498 എ പ്രകാരം ഭർതൃവീട്ടിലെ പീഡനത്തിനുമെതിരെ എടുത്ത കേസ് നിലനിൽക്കില്ലെന്നും ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി.

English Summary: Couple Living Together Under ‘Marriage Agreement’ Not Husband-Wife.