കിഫ്ബി മസാല ബോണ്ട് കേസ്; ഇ ഡിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തോമസ് ഐസക് ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യലിന്‌ വിളിപ്പിക്കാനുള്ള സ്‌റ്റേ ഹൈക്കോടതി നീട്ടി.

0
131

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വ്യക്തിവിവരങ്ങള്‍ എന്തിനാണ് ആവശ്യപ്പെട്ടതെന്ന് ഇ ഡിയോട്, ഹൈക്കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ അന്വേഷണം ആവശ്യമാണോയെന്ന് അറിയിക്കാനും കോടതി ഇ ഡിയോട് നിര്‍ദേശിച്ചു. തോമസ് ഐസക്ക് ഉള്‍പ്പെടയുള്ളവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി.

കിഫ്ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട ഇടപാടില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഇ ഡി നിരന്തരം നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസ് ചോദ്യം ചെയ്ത് തോമസും ഐസകും കിഫ്ബിയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കിഫ്ബി മസാല ബോണ്ട് കേസില്‍ എന്താണ് നിയമലംഘനമെന്ന് ഇ ഡി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഒപ്പം, എന്തിനാണ് തോമസ് ഐസകിന്റെ വ്യക്തിപരമായ വിവരങ്ങള്‍ ചോദിച്ചത്. അത്തരം കാര്യങ്ങളില്‍ അന്വേഷണം ആവശ്യമാണോ എന്ന് അറിയിക്കണമെന്നും ഹൈക്കോടതി ഇ ഡിക്ക് നിര്‍ദ്ദേശം നല്‍കി. നിരന്തരം സമന്‍സ് നല്‍കുന്നത് കൊണ്ടാണ് ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കേണ്ടി വരുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

തോമസ്‌ ഐസക്‌ ഉൾപ്പെടെയുള്ളവർക്ക്‌ നിരന്തരം സമൻസ് നൽകുന്നതുകൊണ്ടാണ് ഹർജിക്കാർക്ക്‌ കോടതിയെ സമീപിക്കേണ്ടിവരുന്നത്‌. മാത്രമല്ല, ചോദ്യംചെയ്യലിന്‌ ഹാജരാകാൻ ആവശ്യപ്പെട്ട്‌ നൽകിയ സമൻസുകളിൽ തോമസ്‌ ഐസക്‌ ഉൾപ്പെടെയുള്ളവർ ചെയ്‌ത കുറ്റമോ, നിയമലംഘനമോ എന്തെന്ന്‌ വിശദീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ അവർ എങ്ങനെയാണ്‌ ചോദ്യംചെയ്യലിന്‌ ഹാജരാകുക? തോമസ് ഐസക്‌ ചോദ്യംചെയ്യലിന്‌ ഹാജരാകാൻ ആവശ്യപ്പെടുന്നതിന്റെ കാരണം വിശദമാക്കണമെന്നും കോടതി പറഞ്ഞു.

കിഫ്‌ബി മസാല ബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമം (ഫെമ) ലംഘിച്ചിട്ടുണ്ടോയെന്ന ഇഡി അന്വേഷണത്തിന്റെ പേരിൽ ഹാജരാകാൻ നൽകിയ സമൻസുകൾ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് തോമസ് ഐസക്കും ഒന്നരവർഷമായി ബുദ്ധിമുട്ടിക്കുകയാണെന്ന്‌ ആരോപിച്ച് കിഫ്ബി സിഇഒ കെ എം എബ്രഹാമും ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസും നൽകിയ ഹർജികളാണ്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ പരിഗണിക്കുന്നത്‌.

തോമസ് ഐസക് ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യലിന്‌ വിളിപ്പിക്കാനുള്ള സ്‌റ്റേ ഹൈക്കോടതി നീട്ടി. മറ്റു കാര്യങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും വ്യക്തമാക്കി. ഹർജി വിശദവാദം കേൾക്കാൻ നവംബർ 24ലേക്ക് മാറ്റി. കിഫ്‌ബിക്കുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ അരവിന്ദ്‌ ദത്താറും ഡോ. തോമസ്‌ ഐസക്കിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ ജയ്‌ദീപ്‌ ഗുപ്‌തയും, അഡ്വ. എൻ രഘുരാജും ഹാജരായി.