കത്വ – ഉന്നാവോ ഫണ്ട് മുക്കൽ; യൂത്ത് ലീഗിന് തിരിച്ചടി, പി കെ ഫിറോസിനും സി കെ സുബൈറിനും സമൻസ്‌ അയക്കാൻ കോടതി ഉത്തരവ്‌

പരാതി വ്യാജമെന്ന പൊലീസ് റിപ്പോർട്ട് കുന്ദമംഗലം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി.

0
127

മലപ്പുറം: കത്വ – ഉന്നാവോ ഫണ്ടിൽനിന്നും ലക്ഷങ്ങൾ മുക്കിയ സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗിന് കനത്ത തിരിച്ചടി. ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനും സി കെ സുബൈറിനും സമൻസ്‌ അയക്കാൻ കോടതി ഉത്തരവ്‌. കേസിൽ യൂത്ത് ലീ​ഗ് നേതാക്കൾക്ക് ക്ലീൻചിറ്റ് നൽകിയുള്ള പൊലീസ് റിപ്പോർട്ട് കുന്ദമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. 2024 ഫെബ്രുവരി ഒമ്പതിന്‌ പ്രതികൾ കോടതിയിൽ ഹാജരാകണം. പരാതിക്കാരൻ യൂസുഫ് പടനിലം നൽകിയ ഹർജിയിലാണ്‌ കോടതി ഉത്തരവ്‌. തെളിവുകൾ ഗൗനിക്കാതെയാണ്‌ പ്രതികൾക്ക് അനുകൂലമായി 2023 ജൂണിൽ പൊലീസ്‌ റിപ്പോർട്ട്‌ നൽകിയതെന്നാണ്‌ യൂസുഫ്‌ പടനിലത്തിന്റെ ആരോപണം. ഇതോടെ പൊലീസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി യൂത്ത് ലീഗും മാധ്യമങ്ങളും നടത്തിയ വ്യാജപ്രചാരണങ്ങൾ പൊളിഞ്ഞു.

കത്വയിലും ഉന്നാവോയിലും ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിനായി സമാഹരിച്ച ഒരു കോടിയോളം വരുന്ന ഫണ്ടില്‍ 15 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ച് വഞ്ചിച്ചുവെന്നാണ് പരാതി. പരാതിയിൽ സി കെ സുബൈര്‍, പി കെ ഫിറോസ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഐപിസി 420 അനുസരിച്ച് വഞ്ചനാകുറ്റമാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഫണ്ട് യൂത്ത് ലീഗ് നേതാക്കള്‍ കുടുംബത്തിന് നല്‍കാതെ വകമാറ്റിയെന്ന് യൂസഫ് പടനിലം പരാതിയിൽ പറഞ്ഞു. പള്ളികളില്‍ നിന്നും പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത ലക്ഷങ്ങള്‍ ഇരകളുടെ കുടുംബത്തിന് നല്‍കിയില്ലെന്നായിരുന്നു ആരോപണം. ഈ ആരോപണം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഭാരവാഹിയുമായ മുഈന്‍ അലി തങ്ങള്‍ ശരിവെച്ചിരുന്നു. ഇത്തരമൊരു സഹായം കുടുംബത്തിന് ലഭിച്ചില്ലെന്ന് ഇരയുടെ അഭിഭാഷക ദീപിക സിംഗ് രജാവത്തും വെളിപ്പെടുത്തുകയുണ്ടായി.

ഫിറോസിനും സുബൈറിനുമെതിരായ പരാതി വ്യാജമാണെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. കുന്ദമംഗലം കോടതിയിൽ തിങ്കളാഴ്ചയാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടാണ് തള്ളിയത്. പൊലീസ് റിപ്പോർട്ട് ചില മാധ്യമങ്ങൾ വലിയ വാർത്തയാക്കിയതോടെ യൂത്ത് ലീഗും പി കെ ഫിറോസും വലിയ അവകാശവാദവുമായി രംഗത്തുവരികയും ചെയ്തു. കെ ടി ജലീൽ എംഎൽഎയും മന്ത്രി വി അബ്ദു റഹിമാനും സിപിഐ എം നേതൃത്വവുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് വരെ ഫിറോസ് കണ്ടെത്തിക്കളഞ്ഞു. നിയമോപദേശം കിട്ടിയ ശേഷം ഗൂഢാലോചനക്കെതിരെയടക്കം പരാതി നൽകുമെന്നും പി കെ ഫിറോസ് പറഞ്ഞിരുന്നു. എന്നാൽ, പരാതി വ്യാജമാണെന്ന പൊലീസ് റിപ്പോർട്ട് കോടതി തള്ളിയതോടെ യൂത്ത് ലീഗ് നേതൃത്വമാകെ പെട്ടിരിക്കുകയാണ്.

English Summary: Katwa-Unnao fund fraud; Kundamangalam Court rejected Police report.