സമസ്തയോട് കളിക്കരുത്, ദുഷ്ഫലം അനുഭവിക്കും; പി എം എ സലാമിനെതിരെ ആഞ്ഞടിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ

സമസ്ത ആർക്കെങ്കിലും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ലെന്നും ജിഫ്രി തങ്ങൾ.

0
1284

കോഴിക്കോട്: പി എം എ സലാമിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി സമസ്ത കേരള ജംഇയത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഉത്തരവാദിത്തപെട്ടവർ തന്നെ അധിക്ഷേപങ്ങൾ പറയരുത്. അങ്ങനെ പറയുന്നവരെ ഉത്തരവാദിത്തപ്പെട്ടവർ കടിഞ്ഞാണിടണം, അല്ലെങ്കിൽ പിടിച്ചു കെട്ടിയിടണം. അങ്ങനെ ഉള്ളവരെ അതിന് വേണ്ടുന്ന സ്ഥലങ്ങളിൽ കൊണ്ട് ചെന്നാക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. എസ് വൈ എസ് സംസ്ഥാന മീലാദ് ക്യാമ്പയിൻ സമാപന വേദിയിലാണ് ജിഫ്രി തങ്ങൾ മറുപടി നൽകിയത്.

അധിക്ഷേപങ്ങളുണ്ടായാൽ ഇനിയും മറുപടി പറയുമെന്നും സമസ്‌ത അദ്ധ്യക്ഷൻ പറഞ്ഞു. അപ്പോൾ പല തകരാറുകളുമുണ്ടാകും. പ്രയാസങ്ങൾ ഉണ്ടായിട്ട് പറഞ്ഞിട്ട് കാര്യമില്ല. അതിനുള്ള അവസരം ഉണ്ടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യം നിലനിർത്താൻ എല്ലാ ഭാഗത്ത് നിന്നും ശ്രമങ്ങൾ ഉണ്ടാകണം. സമസ്തയോട് കളിക്കരുത്. അധിക്ഷേപിക്കുന്നവർ അതിന്റെ ദുഷ്ഫലങ്ങൾ അനുഭവിക്കും. ഇരുത്തേണ്ടവരെ ഇരുത്തേണ്ടിടത്ത് ഇരുത്താൻ സമസ്തക്ക് അറിയാമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

സമസ്തയുടെ പോഷക സംഘടനകളെ കുറിച്ച് അറിയാത്തവരാണ് സമസ്തയെ കുറിച്ച് പറയുന്നത്. ആദ്യം സമസ്തയെ കുറിച്ച് പഠിക്കണം. പഠിച്ച ശേഷം മതി ആക്ഷേപങ്ങൾ. അല്ലെങ്കിൽ അത് അധഃപതനത്തിലേക്കുള്ള പോക്കാണ്. സമസ്ത ആർക്കെങ്കിലും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ല. ഇതിൽ ആരൊക്കെ വേണം വേണ്ട എന്ന് തീരുമാനിക്കാൻ ആരെയും ഗേറ്റ് കീപ്പർമാരായി അധികാരപ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എസ്കെഎസ്എസ് എഫിന്റെ അധ്യക്ഷനായിരുന്ന കാലത്തെ പ്രാധാന്യം നിലവിലെ അധ്യക്ഷനായ ഹമീദലി തങ്ങൾക്കില്ലെന്നതായിരുന്നു സലാമിന്റെ വിവാദ പരാമർശം. സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്കെഎസ്എസ്എഫ് രംഗത്തുവന്നിരുന്നു.