ഒളിമ്പിക്‌സിൽ ക്രിക്കറ്റ്; അംഗീകാരം നൽകി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി

ക്രിക്കറ്റ് അടക്കം അഞ്ചു കായികയിനങ്ങള്‍ കൂടി ഉൾപ്പെടുത്താനാണ് മുംബൈയില്‍ ചേര്‍ന്ന ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചത്.

0
589

ലോസ് ഏഞ്ചൽസ്: ക്രിക്കറ്റ് ഇനി ഒളിംപിക്‌സിലും മത്സരയിനമാക്കാൻ തീരുമാനം. 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താൻ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകാരം നൽകി. 20-20 ഫോര്‍മാറ്റിലുള്ള ക്രിക്കറ്റ് അടക്കം അഞ്ചു കായികയിനങ്ങള്‍ കൂടി ഉൾപ്പെടുത്താനാണ് മുംബൈയില്‍ ചേര്‍ന്ന ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചത്.

ക്രിക്കറ്റിനുപുറമെ ബേസ്ബോൾ, സോഫ്റ്റ് ബോൾ, ഫ്ലാ​ഗ് ഫുട്ബോൾ, ലാക്രോസ്, സ്‌ക്വാഷ് എന്നിവയാണ് 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സിൽ മത്സരയിനമാക്കുന്നവ. 128 വർഷത്തിനു ശേഷമാണ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് മത്സരയിനമാകുന്നത്. 1900ത്തിന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് ഒളിമ്പിക്സിൽ ഇടംപിടിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ആറു ടീമുകള്‍ വീതം ആകും ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സിൽ മത്സരിക്കുക.

ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) എക്സിക്യൂട്ടീവ് ബോര്‍ഡ് കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കിയിരുന്നു. 2028ലെ ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ ക്രിക്കറ്റും മറ്റ് നാല് കായിക ഇനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത് അമേരിക്കന്‍ കായിക സംസ്‌കാരത്തിന് പുത്തനുണര്‍വ് നല്‍കുമെന്നും പുതിയ കായികതാരങ്ങളുമായും ആരാധക സമൂഹങ്ങളുമായും ഇടപഴകുന്നതിന് ഒളിമ്പിക് സമൂഹത്തിന് കഴിയുമെന്നും ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു. ക്രിക്കറ്റിന്റെ, പ്രത്യേകിച്ച് ടി20 ഫോര്‍മാറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി തള്ളിക്കളയാനാകില്ലെന്നും ബാച്ച് വ്യക്തമാക്കി.

English Summary: Cricket, squash among five sports approved for 2028 Los Angeles Olympics.