പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കാൻ കേന്ദ്രനീക്കം; ഓൺലെെൻ പോർട്ടൽ സജ്ജമാക്കും, ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്

സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഇല്ലാതെ പൗരത്വം നല്‍കാനാണ് നീക്കം.

0
112

ന്യൂഡൽഹി: നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ തിടുക്കപ്പെട്ട നീക്കവുമായി കേന്ദ്രസർക്കാർ. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഇല്ലാതെ പൗരത്വം നല്‍കാനാണ് പൊടുന്നനെയുള്ള തീരുമാനം. ഇതിന്റെ ഭാഗമായി പൗരത്വ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടൽ ഉടൻ സജ്ജമാക്കും. പൗരത്വ ഭേദഗതി നിയമ ബിൽ പാർലമെന്റിൽ പാസാക്കിയെങ്കിലും ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ നിയമം നടപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഓൺലെെൻ പോർട്ടൽ തയ്യാറാക്കുന്നത്. കേരളമടക്കം വിവിധ സംസ്ഥാനങ്ങൾ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരുകളുടെ ഇടപെടലില്ലാതെ പൗരത്വം നൽകാൻ ഓൺലൈൻ പോർട്ടൽ സജ്ജമാക്കുന്നത്.

2019 ഡിസംബര്‍ 10ന് ലോക്‌സഭയിലും രാജ്യസഭയില്‍ ഡിസംബര്‍ 11നുമാണ് പൗരത്വ ഭേദഗതി ബില്‍ പാസായത്. 2020 ജനുവരി 10ന് കേന്ദ്രം നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയെങ്കിലും ഭേദഗതി ചെയ്തിരുന്നില്ല. ഭേദഗതിക്കനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാന്‍ പോര്‍ട്ടല്‍ സജ്ജമാക്കും. വിവരങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാനങ്ങളുടെ ഇപെടല്‍ ഒഴിവാക്കും. രാജ്യമൊട്ടുക്ക് കനത്ത പ്രതിഷേധം ഉയർന്നതോടെയാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽനിന്നു കേന്ദ്രസർക്കാർ പിൻവലിഞ്ഞത്‌. എന്നാൽ, അടുത്തവർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് ഏറെ നിർണായകമാണെന്ന ഘട്ടത്തിലാണ് കേന്ദ്രസർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കം. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ബിജെപി പശ്ചിമബംഗാൾ സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുൻദാർ വ്യക്തമാക്കിയിട്ടുമുണ്ട്.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ പൗരത്വ ഭേദഗതി നിയമം. മുസ്ലിങ്ങളെ അതിൽ പരിഗണിക്കില്ല.

പൗരത്വ നിയമത്തിലെ ഭേദഗതിയെ കേരളം, ബംഗാള്‍, രാജസ്ഥാന്‍ അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ എതിര്‍ത്തിരുന്നു. ഈ ഭേദഗതിക്കെതിരെ കേരള നിയമസഭാ പ്രമേയം പാസാക്കുകയും ചെയ്തു. ഇതിനുപുറമെ വിവിധ മുസ്ലീം സംഘടനകളുടെയും ഇടതുപക്ഷ പാർട്ടികളുടെയും നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നുവന്നു. വ്യാപക പ്രതിഷേധം ഉയർന്നതോടെ തുടനടപടികളിൽ നിന്നും പിൻവലിഞ്ഞ കേന്ദ്ര ബിജെപി സർക്കാർ തെരഞ്ഞെടുപ്പു മുന്നിൽകണ്ടാണ് വീണ്ടും പൗരത്വ ഭേദഗതി നിയമവുമായി വരുന്നത്. തെരഞ്ഞെടുപ്പിൽ രാമക്ഷേത്രവും അതിനൊപ്പം പൗരത്വ ഭേദഗതി നിയമവും പ്രചാരണമാക്കാനാണ് ബിജെപി തീരുമാനം. അതിന്റെ ഭാഗമായാണ് ഇപ്പോൾ സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഒഴിവാക്കി പൗരത്വ ഭേദഗതി നിയമം വീണ്ടും നടപ്പാക്കാൻ ഒരുങ്ങുന്നത്.

English Summary: Centre plans Online Portal around Citizenship Amendment Act ahead of 2024 Lok Sabha election.