ക്രിക്കറ്റ്‌ ലോകകപ്പ്; ചാമ്പ്യൻമാരെ ചുരുട്ടിക്കൂട്ടി അഫ്‌ഗാനിസ്ഥാൻ

ലോകചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് 69 റൺസിന്‌.

0
540

ന്യൂഡൽഹി: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ വൻ അട്ടിമറി. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ അഫ്‌ഗാനിസ്ഥാൻ ടൂർണമെന്റിലെ കറുത്ത കുതിരകളായി. മൂന്നാമത്തെ ലോകകപ്പ്‌ കളിക്കുന്ന അഫ്‌ഗാന്റെ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണിത്‌. അഫ്ഗാൻ ഉയർത്തിയ 285 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 40.3 ഓവറിൽ 215 റൺസിൽ എല്ലാവരും പുറത്തായി. സ്‌കോർ: അഫ്‌ഗാൻ 284 (49.5), ഇംഗ്ലണ്ട്‌ 215 (40.3).

ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാന്‌ മികച്ച സ്‌കോർ നൽകിയത്‌ ഓപ്പണർ റഹ്‌മാനുള്ള ഗുർബാസും (57 പന്തിൽ 80) വിക്കറ്റ്‌കീപ്പർ ഇക്രം അലിഖിലുമാണ്‌ (66 പന്തിൽ 58). ആദ്യ വിക്കറ്റിൽ അഫ്​ഗാൻ ഓപ്പണർമാർ കൂട്ടിച്ചേർത്തത് 116 റൺ. 48 പന്തിൽ 28 റൺസെടുത്ത ഇബ്രാഹിം സദ്രാൻ മടങ്ങിയതോടെ അഫ്ഗാന്റെ സ്‌കോർനില പതിയെ താഴ്ന്നു. റഹ്‌മാനുള്ള ഗുർബാസ് കൂടി പവലിയനിലേക്ക് മടങ്ങിയപ്പോൾ അഫ്ഗാൻ എരിഞ്ഞടങ്ങുമെന്നു കരുതി. എന്നാൽ, പിന്നാലെ വന്ന ഇക്രം അലിഖിൽ നേടിയ അർധസെഞ്ച്വറിയും 23 റൺ നേടിയ റാഷിദ് ഖാനും 28 റൺ നേടിയ മുജീബ് റഹ്മാനും മികച്ച പിന്തുണ നൽകി. ഇതോടെയാണ് മാന്യമായ സ്കോറിലേക്ക് അഫ്ഗാൻ എത്തിയത്. ഇംഗ്ലണ്ടിനുവേണ്ടി ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു. മാർക് വുഡ് രണ്ടും ടോപ്‌ലിയും ജോ റൂട്ടും ലിവിങ്സ്റ്റോണും ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് പടയുടെ താളം തുടക്കത്തിലേ പാളി. ഏഴാമത്തെ പന്തിൽ ഓപ്പണർ ജോണി ബെയർസ്‌റ്റോയെ (2) നഷ്‌ടപ്പെട്ട ലോകചാമ്പ്യന്മാർക്ക് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല. ഡേവിഡ് മലാൻ 32 റണ്ണെടുത്ത് ചെറുത്തുനിന്നു. കഴിഞ്ഞ കളിയിൽ തിളങ്ങിയ ജോ റൂട്ട് (11) മുജീബിന്റെ പന്തിൽ ബൗൾഡായി. ക്യാപ്റ്റൻ ജോസ് ബട്ലർ (9) വീണ്ടും നിരാശപ്പെടുത്തി. ഹാരി ബ്രൂക്ക്‌ (66) മാത്രമാണ്‌ പൊരുതിനിന്നത്‌. ഏഴ് ഫോറും ഒരു സിക്‌സറും അടങ്ങിയതായിരുന്നു ഇന്നിംഗ്‌സ്. റാഷിദ് ഖാനും റഹ്‌മാനും മൂന്ന് വിക്കറ്റ് വീതം നേടി. ഫസലാഖ് ഫാറൂഖിയും നവീന്‍ ഉള്‍ ഹഖും ശേഷിച്ച വിക്കറ്റുകളും സ്വന്തമാക്കി.

ഇതിനുമുമ്പ്‌ 2015 ലോകകപ്പിൽ സ്‌കോട്ട്‌ലൻഡിനെ ഒരു വിക്കറ്റിന്‌ തോൽപ്പിച്ചതാണ്‌ അഫ്ഗാനിസ്ഥാന്റെ ഏകവിജയം. ഇക്കുറി രണ്ട്‌ കളിയും തോറ്റ്‌ പോയിന്റ്‌ പട്ടികയിൽ അവസാനസ്ഥാനത്തായിരുന്നു. രണ്ടാംതോൽവി ഇംഗ്ലണ്ടിന്റെ സെമി സാധ്യതയ്‌ക്ക്‌ മങ്ങലേൽപ്പിക്കും.

English Summary: Afghanistan down defending champions England.