‘ഏത് പ്രതിസന്ധിയെയും അതിജീവിക്കും; കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ല’; മുഖ്യമന്ത്രി പിണറായി വിജയൻ

വരാന്‍ പോകുന്ന വികസനങ്ങള്‍ ഭാവനക്കപ്പുറമാണെന്നും മുഖ്യമന്ത്രി.

0
139

തിരുവനന്തപുരം: കേരളത്തെ സംബന്ധിച്ച് അസാധ്യം എന്ന വാക്കില്ല എന്നതാണ് വിഴിഞ്ഞം തുറമുഖത്തോടുകൂടി തെളിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുപോലെ എട്ട് കപ്പല്‍ കൂടി ഇവിടേക്ക് അടുത്ത ദിവസങ്ങളില്‍ വരുമെന്ന് അദാനി പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ആറ് മാസത്തില്‍ പദ്ധതി പൂർണമായും കമ്മീഷന്‍ ചെയ്യാനാകുമെന്നു അവര്‍ ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. വരാന്‍ പോകുന്ന വികസനങ്ങള്‍ ഭാവനക്കപ്പുറമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യകപ്പലിനുള്ള വരവേൽപ്പും തുറമുഖ പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിഴിഞ്ഞം തുറമുഖം പോലെ ഒരു തുറമുഖം ലോകത്ത് അപൂർവമാണ്. ഈ നിമിഷം വിഴിഞ്ഞത്തിന്റയും കേരളത്തിന്റയും അഭിമാന നിമിഷമാണ്. അന്താരാഷ്ട്ര തുറമുഖ പട്ടികയില്‍ പ്രമുഖ സ്ഥാനത്താണ് വിഴിഞ്ഞം എത്തുക. സ്വപ്ന പദ്ധതി യഥാര്‍ത്ഥമാകുന്നതിന്റെ അടുത്താണ് നമ്മള്‍. വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തിയിരിക്കുന്നു. ഇതുപോലെത്തെ എട്ടു കപ്പലുകള്‍ കൂടിയാണ് ഇങ്ങോട്ടേക്ക് വരുന്നത്.

ഏതു പ്രതിസന്ധിയെയും അതെത്ര വലുതാണെങ്കിലും അതിനെ അതിജീവിക്കുമെന്ന് നമ്മുടെ ഐക്യത്തിലൂടെ തെളിയിച്ചിട്ടുള്ളതാണ്. എല്ലാവരും ഒത്തുചേര്‍ന്നാല്‍ അസാധ്യമായി ഒന്നുമില്ല. എല്ലാ മേഖലയും ശക്തിപ്പെടണം. അതിന് വ്യക്തമായ കാഴ്ചപ്പാടോടെയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നമ്മുടെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം പോര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നു എന്നതിന്റെ ഉറപ്പാണ് ഈ കപ്പല്‍. പദ്ധതി യാഥാര്‍ത്ഥ്യമാകണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഇതിന്റെ വികസന സാധ്യത വളരെ വലുതാണ്. വികസനക്കുതിപ്പിന് കരുത്തേകുന്ന ഒന്നാകും ഈ പോര്‍ട്ട്. ഇനിയും കൂടുതല്‍ വികസിക്കേണ്ടതുണ്ട്. വികസിത കേരളമാണ് നാം ആഗ്രഹിക്കുന്നത്.

ലോകത്തെ അന്താരാഷ്ട്ര തുറമുഖ പട്ടികയില്‍ പ്രമുഖ സ്ഥാനത്താണ് വിഴിഞ്ഞം എത്തിനില്‍ക്കുന്നത്. ഇത്തരം ഒരു വികസനം ഒരിടത്തുണ്ടാവുമ്പോള്‍, ചില അന്താരാഷ്ട്ര ലോബികള്‍ അവരുടെ താല്‍പര്യം വച്ച് എതിരായ നീക്കം നടത്താറുണ്ട്. ചില അന്താരാഷ്ട്ര ലോബികള്‍ എതിരായ നീക്കം നടത്തി. ഈ പോര്‍ട്ടിന്റെ കാര്യത്തിലും അത്തരം ശക്തികളുണ്ടായി എന്നത് വസ്തുതയാണ്. ചില പ്രത്യേക വാണിജ്യ ലോബികള്‍ക്കും പോര്‍ട്ട് യാഥാര്‍ഥ്യമാകുന്നതിന് താല്‍പര്യമുണ്ടായില്ല. അവരും രംഗത്തുവന്നിരുന്നു. എന്നാല്‍ അതൊക്കെ അതിജീവിക്കാന്‍ കഴിഞ്ഞു.

കേരളം ഇന്ത്യക്ക് നല്‍കുന്ന മഹത്തായ സംഭാവനകളില്‍ ഒന്നാണ് പോര്‍ട്ട് എന്ന് നാം കാണണം. മറ്റൊരു തുറമുഖത്തിനും ഇല്ലാത്ത ഒരുപാട് സാധ്യതകളാണ് വിഴിഞ്ഞത്തുള്ളത് . ഇതൊരു അന്താരാഷ്ട്ര തുറമുഖമായി ഉയരണം എന്നതില്‍ വ്യക്തമായ നിലപാടാണ് നമുക്ക് നേരത്തെ മുതല്‍ ഉണ്ടായിരുന്നത്. അത് അതുപോലെ തന്നെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു. ചില വാണിജ്യ ലോബികളും ഇതിനെതിരെ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കേരളം അതിജീവിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. 7700 കോടി രൂപ മുതല്‍ മുടക്കിയ പദ്ധതിയാണിതെന്നും 4600 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യ കടല്‍പാതയോട് ഇത്രമാത്രം അടുത്ത് നില്‍ക്കുന്ന മറ്റൊരു തുറമുഖവും രാജ്യത്തില്ല. 2021ല്‍ പുലിമുട്ടിന്റെ നീളം ഭാഗികമായാണ് നിര്‍മിച്ചത്. നിര്‍മാണോത്പന്നങ്ങളുടെ ലഭ്യതക്കുറവ് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. അതൊരു തടസമായി വന്നുകൂടാ എന്നതിനാല്‍ ഒരു പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തന്നെ തയ്യാറാക്കി. അതിന്റെ ഭാഗമായി പ്രതിമാസ അവലോകനങ്ങളും ദൈനംദിന അവലോകനത്തിനായി പ്രത്യേക മൊബെല്‍ ആപ്പും തയ്യാറാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English Summary: Vizhinjam Port is one of Kerala’s greatest contributions to India: Pinarayi Vijayan.