തലസ്ഥാനത്ത് ദുരിതം വിതച്ച് കനത്തമഴ; വീടുകളില്‍ വെള്ളം കയറി, 11 ക്യാമ്പുകൾ തുറന്നു

ശക്തമായ നീരൊഴുക്കിനെതുടര്‍ന്ന് നെയ്യാര്‍, പേപ്പാറ ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തി.

0
184

തിരുവനന്തപുരം: 12 മണിക്കൂറിലേറെ നിർത്താതെ പെയ്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ വൻ നാശനഷ്ടം. തലസ്ഥാന നഗരിയിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. അതിശക്തമായ നീരൊഴുക്കിനെത്തുടർന്ന് മിക്ക നദികളും കരകവിഞ്ഞു. ഞായറാഴ്ച പകൽ അൽപ്പസമയം മഴ മാറിനിന്നെങ്കിലും 11 മണിയോടെ മഴ വീണ്ടും തുടങ്ങി. 12 മണിക്കൂറിനുള്ളില്‍ അഞ്ച് സ്റ്റേഷനുകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴയാണ് പെയ്തത്.

കഴക്കൂട്ടം, മണക്കാട്, ഉള്ളൂര്‍, വെള്ളായണി, പോത്തന്‍കോട് ഭാഗങ്ങളില്‍ വീടുകളിലും വെള്ളം കയറി. പാറ്റൂര്‍, കണ്ണമൂല, ചാക്ക തുടങ്ങിയ തിരുവനന്തപുരത്തെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3ന് സമീപം തെറ്റിയാര്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. മൂന്ന് കുടുംബങ്ങളെ ഫയര്‍ഫോഴ്‌സ് വാട്ടര്‍ ഡിങ്കിയില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തെറ്റിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ സര്‍വീസ് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ടെക്‌നോപാര്‍ക്കിലേക്കുള്ള ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ സര്‍വീസ് റോഡ് വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കരമനയാറും കര കവിഞ്ഞതോടെ ബണ്ട് റോഡ്, കിള്ളിപ്പാലം, ചിറമുക്ക് എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറി.

പാറ്റൂർ ഇഎംഎസ് ന​ഗർ, തേക്കുംമൂട് ബണ്ട് കോളനിയിലും വീടുകളിലേക്കും വെളളം കയറി. അരപ്പൊക്കത്തിൽ വെള്ളം കയറിട്ടുണ്ട്. തേക്കുംമൂട് ബണ്ട് കോളനിയിൽ മാത്രം 106 വീടുകളിൽ വെള്ളം കയറി. വെഞ്ഞാറമൂട് നിർമാണത്തിലിരിക്കുന്ന വീടുകൾ ഉൾപ്പെടെ രണ്ടു വീടുകൾ തകർ‌ന്നു. കല്ലുവിളയിൽ മതിൽ തകർ‌ന്നു വീണ് യുവാവിന് പരിക്കേറ്റു. കിണർ ഇടിഞ്ഞു താഴ്ന്നതായും റിപ്പോർട്ടുണ്ട്. ആറ്റിങ്ങൽ ചിറയിൻകീഴ് മേഖലകളിലും വെള്ളം കയറിയിട്ടുണ്ട്.

പോത്തന്‍കോട് കരൂരിലെ ഏഴു വീടുകളിലാണ് വെള്ളം കയറിയത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. ശ്രീകാര്യത്തെ ഗുലാത്തി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ പിന്‍ഭാഗത്തെ മതില്‍ ഇടിഞ്ഞുവീണു. സമീപത്തെ നാല് വീടുകളുടെ മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. വെളുപ്പിന് 12.30ഓടെയായിരുന്നു സംഭവം. ആളപായമില്ല. പോത്തന്‍കോട് വീടിന്റെ മതിലിടിഞ്ഞ് യുവാവിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ കല്ലുവിള സ്വദേശി അരുണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂടെ പുല്ലമ്പാറയില്‍ മണ്ണിടിഞ്ഞു വീണ് വീടു തകര്‍ന്നു. പട്ടം കോസ്‌മോ ഹോസ്പിറ്റലിന് എതിർവശത്തും കഴക്കൂട്ടത്തും നിരവധി വീടുകളിൽ വെള്ളം കയറി. നഗരത്തില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ്. ചാക്ക, ഗൗരീശപട്ടം, വെള്ളായണി, പാറ്റൂര്‍, കണ്ണമ്മൂല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി. മണക്കാട്, ഉള്ളൂര്‍, വെള്ളായണി, പാറ്റൂര്‍ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.

നഗര, മലയോര, തീര മേഖലകളിൽ മഴ ശക്തമാകുന്ന സാഹചര്യമാണുള്ളത്. നെയ്യാറ്റിൻകര, പൊന്മുടി, വർക്കല തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയാണ്. നെയ്യാറ്റിൻകര റെയിൽവെ സ്റ്റേഷനു സമീപത്തുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കിളിമാനൂർ പഴയകുന്നുമ്മേൽ കാനറ വാട്ടർ ടാങ്കിന്സമീപം കാനറ ശ്മശാനത്തിലേക്കുള്ള റോഡിൽ കുന്ന് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പഴയ കുന്നുമ്മേൽ വണ്ടന്നൂർ വാർഡിലെ പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മരുത്തൂരിൽ ഹൈവേയ്ക്ക് കുറുകേ മരം വീണ് ഗതാഗതം തടസപ്പെട്ടു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് റോഡിലെ മുറിഞ്ഞപാലത്ത് അതിശക്തമായ നീരൊഴുക്കാണ്. പ്രധാന റോഡിലേക്ക് വരെ വെള്ളം കയറി. ഇവിടെ ശക്തമായ മഴ തുടരുകയാണ്. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി.

കഴക്കൂട്ടം ടെക്നോപാർക്കിലും വെള്ളം കയറി

കഴക്കൂട്ടം ടെക്നോപാർക്കിലെ നിരവധി കെട്ടിടങ്ങളിൽ വെള്ളം കയറി. താഴത്തെ നിലയിലെ പാർക്കിംഗ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന നിരവധി കാറുകളും ബൈക്കുകളും വെള്ളത്തിലായി. ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരെ ഫൈബർ ബോട്ടുകളിൽ മാറ്റുകയാണ്. യുഎസ്ടി ​ഗ്ലോബലിന് സമീപത്തും വെള്ളം കയറി. അമ്പലത്തിൻകര സബ് സ്റ്റേഷന് സമീപത്തെ 30 ഓളം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

നെയ്യാര്‍, പേപ്പാറ ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തി

കനത്ത നീരൊഴുക്കിനെ തുടര്‍ന്ന് നെയ്യാര്‍, പേപ്പാറ ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തി. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകൾ നിലവിൽ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. നീരൊഴുക്ക് ശക്തമായതോടെ ഓരോ ഷട്ടറുകളും 40 സെന്റിമീറ്റര്‍ കൂടി (ആകെ 280 സെന്റിമീറ്റര്‍) ഉയർത്തും. പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി. നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ 70 സെന്റിമീറ്റര്‍ കൂടി വർധിപ്പിച്ച് ആകെ 80 സെന്റിമീറ്റര്‍ ഉയര്‍ത്തും. സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. മലയോരമേഖലയില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കനത്ത മഴയെത്തുടർന്ന് പൊന്മുടിയിലേക്കുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി.

വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാമ്പ്, 15 കുടുംബങ്ങളെ മാറ്റി

കനത്ത മഴയെതുടർന്ന് വെള്ളായണിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പതിനഞ്ചോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. തലസ്ഥാന ന​ഗരിയിൽ വിവിധയിടങ്ങളിൽ വെളളം കയറി. രക്ഷാപ്രവർത്തനം തുടരുന്നു. പലയിടങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്.

കൺട്രോൾ റൂമുകൾ തുറന്നു

മഴക്കെടുതി നേരിടാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താലൂക്കുകളിൽ കൺട്രോൾ റൂം തുറന്നു. തിരുവനന്തപുരം താലൂക്ക് കൺട്രോൾ റൂം നമ്പർ: 0471 2462006, 9497711282, നെയ്യാറ്റിൻകര താലൂക്ക് കൺട്രോൾ റൂം നമ്പർ: 0471 2222227, 9497711283, കാട്ടാക്കട താലൂക്ക് കൺട്രോൾ റൂം നമ്പർ: 0471 2291414, 9497711284, നെടുമങ്ങാട് താലൂക്ക് കൺട്രോൾ റൂം നമ്പർ: 0472 2802424, 9497711285, വർക്കല താലൂക്ക് കൺട്രോൾ റൂം നമ്പർ: 0470 2613222, 9497711286, ചിറയിൻകീഴ് താലൂക്ക് കൺട്രോൾ റൂം നമ്പർ: 0470 2622406, 9497711284.

ഏറ്റവുമധികം മഴ നെയ്യാറ്റിന്‍കരയില്‍

പെയ്തത് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍. 185 മില്ലിമീറ്റര്‍ മഴയാണ് നെയ്യാറ്റിന്‍കരയില്‍ ലഭിച്ചത്. വര്‍ക്കലയില്‍ 160 മില്ലി മീറ്റര്‍, പിരപ്പന്‍കോട് 122 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മഴ പെയ്തത്.

തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം

തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന തിരുവനന്തപുരം ന്യൂഡൽഹി കേരള എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം. കൊച്ചുവേളിയിൽ രൂപപ്പെട്ട വെള്ളക്കെട്ടിനെത്തുടർന്നാണ് സമയം മാറ്റിയത്. ഉച്ചയ്ക്ക് 12.30 പുറപ്പെടേണ്ട ട്രെയിൻ വൈകുന്നേരം 7.35 ന് മാത്രമേ തിരുവനന്തപുരത്തു നിന്നും പുറപ്പെടുകയുള്ളൂവെന്ന് റെയിൽവേ അറിയിച്ചു.

മഴ തുടരും, കടലാക്രമണ സാധ്യതയും

തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളിൽ അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 18 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നല്‍ ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്നു രാത്രി തീരദേശമേഖലയില്‍ 1.9 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ വീശിയടിക്കാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

English Summary: Shutters of Neyyar and Peppara dams were raised due to heavy water flow.