‘മോനെ പിരിയാൻ വയ്യാത്തത് കൊണ്ട് അവനെയും കൂട്ടുന്നു’; ആലപ്പുഴയില്‍ മകനെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു

കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന നിഗമനത്തിൽ പൊലീസ്.

0
1009

ആലപ്പുഴ: മാന്നാറിൽ നാലു വയസുകാരനായ മകനെ കൊലപ്പെടുത്തിയശേഷം അച്ഛൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാകുറിപ്പ് പുറത്ത്. മാന്നാർ കുട്ടമ്പേരൂരിൽ കൃപാസദനത്തില്‍ മിഥുൻകുമാറാണ് (ജോൺ) മകന്‍ ഡെല്‍വിന്‍ ജോണിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഞായറാഴ്ച പകലാണ് സംഭവം. മുറിയില്‍ നിന്ന് മിഥുന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മോനെ പിരിയാൻ വയ്യാത്തത് കൊണ്ട് അവനെയും കൂട്ടുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്. അപ്പയുടെയും അമ്മയുടെയും കാര്യത്തിൽ വിഷമമുണ്ടെന്നും എഴുതിയിട്ടുണ്ട്. എന്നാല്‍ ജീവനൊടുക്കാൻ കാരണം എന്താണെന്ന് പറയുന്നില്ല.

മിഥുന്റെ മാതാപിതാക്കൾ പള്ളിയിൽ പോയി തിരികെ എത്തിയപ്പോഴാണ് മിഥുനെയും ഡെൽവിനെയും മരിച്ച നിലയിൽ കണ്ടത്. കുട്ടി കട്ടിലിൽ കിടക്കുകയായിരുന്നു. മിഥുനെ തൂങ്ങിമരിച്ച നിലയിലും. മിഥുന്‍റെ കൈഞരമ്പും മുറിച്ചിട്ടുണ്ട്. മിഥുൻ്റെ ഭാര്യ ഭാര്യ സെലിൻ വിദേശത്ത് നേഴ്‌സാണ്. ഭാര്യയുമായി ഇന്നലെ മിഥുനും മകനും വീഡിയോ കോളിൽ ഏറെനേരം സംസാരിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഭാര്യയുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായി സൂചനയുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ).

English Summary: Father committed suicide after killing son in Alappuzha.