അടിമാലി: അടിമാലി ടൗണിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷാണ് മരിച്ചത്. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ 10നാണ് അടിമാലി സെന്റർ ജംഗ്ഷനിൽ വെച്ച് പെട്രോളൊഴിച്ചു തീ കൊളുത്തി ജിനീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. അടിമാലി അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജിനീഷ്. വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്തെത്തുടർന്നാണ് ജിനീഷ് സ്വയം തീ കൊളുത്തിയത്.
അടിമാലിയിലെ ഹോട്ടലുകളിൽ ജോലി ചെയ്യുകയായിരുന്ന ജിനേഷിന് അമ്മയും ഒരു സഹോദരനും മാത്രമാണ് ഉള്ളത്. സഹോദരനും വിവാഹം കഴിച്ചിട്ടില്ല. വിവാഹം നടക്കാത്തതിൽ പല സുഹൃത്തക്കളോടും യുവാവ് വിഷമം പങ്കുവെച്ചിരുന്നു. ഇതാകാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ചൊവ്വാഴ്ച ജിനീഷ് അടിമാലി സെൻട്രൽ ജംഗ്ഷനിലുള്ള ഹൈമാസ് ലൈറ്റിന് താഴെ എത്തുകയും കൈയിലുള്ള പെട്രോൾ ശരീരത്തിലൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചാക്ക് നനച്ചും മണൽവാരിയെറിഞ്ഞും തീ അണയ്ക്കാൻ ശ്രമം നടത്തി. എങ്കിലും തൊലി മുഴുവൻ നഷ്ടപ്പെട്ട് ഗുരുതരമായി ഇയാൾക്ക് പൊള്ളലേറ്റിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ ചികിത്സക്കിടെ ശനിയാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)
English Summary: Youth dies after setting himself on fire in Adimali.