യൂജിന്‍ പെരേരക്ക് തിരിച്ചടി; വിഴിഞ്ഞത്ത് സ്വീകരണച്ചടങ്ങിൽ പങ്കെടുക്കുമെന്ന് വിഴിഞ്ഞം ഇടവക

കരിദിനാചരണ തീരുമാനം പിൻവലിച്ചു.

0
402

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കലക്കാൻ ശ്രമിക്കുന്ന ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരക്ക് കനത്ത തിരിച്ചടി. സ്വീകരണ പരിപാടി ബഹിഷ്‌കരിക്കാനുള്ള ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ നിലപാട് വിഴിഞ്ഞം ഇടവക തള്ളി. വിഴിഞ്ഞം തുറമുഖത്തെത്തുന്ന ആദ്യ കപ്പലിന് നല്‍കുന്ന സ്വീകരണത്തിലും തുടർന്നുള്ള ചടങ്ങുകളിലും വിഴിഞ്ഞം ഇടവക പങ്കെടുക്കും. ഇടവക വികാരി നിക്കോളാസും ഇടവക കൗൺസിൽ അംഗങ്ങളുമായിരിക്കും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുക. ഇടവക കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

വിഴിഞ്ഞത്ത് ആദ്യകപ്പലിന്‌ സർക്കാർ നൽകുന്ന സ്വീകരണം ബഹിഷ്ക്കരിക്കാൻ ലത്തീൻ സഭാ വികാരി ജനറൽ ഫാദർ യൂജിൻ പെരേര ആഹ്വാനം ചെയ്തിരുന്നു. വിശ്വാസികളും കടലിന്റെ മക്കളും ചടങ്ങിൽ പങ്കെടുക്കില്ലെന്നും സർക്കാരുമായി സഹകരിക്കില്ലെന്നും യൂജിൻ പെരേര പറഞ്ഞിരുന്നു. എന്നാൽ, ഈ നിർദേശം തള്ളിയാണ് വിഴിഞ്ഞം ഇടവക സ്വീകരണ ചടങ്ങിൽ പങ്കെടുക്കുന്നത്. ലത്തീൻ സഭയോട് ആലോചിക്കാതെയാണ് ഇടവക ഒന്നടങ്കം പരിപാടിക്കെത്തുന്നതും.

മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചയില്‍ വിവിധ ആവശ്യങ്ങള്‍ വിഴിഞ്ഞം ഇടവക മുന്നോട്ടുവച്ചിരുന്നു. ഇടവക മുന്നോട്ട് വെച്ച 18 ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. 1565 വീടുകള്‍ വച്ച് നല്‍കുന്നത് ഉള്‍പ്പെടെയുളള്ളവ അംഗീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി വിഴിഞ്ഞം ഇടവക വികാരി ഫാദര്‍ ടി നിക്കോളസ് പറഞ്ഞു. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കുമെന്നും വിഴിഞ്ഞം ഇടവക വികാരി വ്യക്തമാക്കി. ആദ്യ കപ്പലിന് സ്വീകരണം നല്‍കുന്ന ദിവസം കരിദിനം ആചരിക്കാനുള്ള തീരുമാനം പിന്‍വലിക്കുകയും ചെയ്തു. തങ്ങൾ വികസനത്തിനെതിരല്ലെന്നും എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്നുമായിരുന്നു ചർച്ചക്ക് ശേഷമുള്ള ഫാ. നിക്കോളാസിന്റെ പ്രതികരണം. മന്ത്രിയിൽ നിന്നും ഉണ്ടായത് അനുകൂലമായ സമീപനമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.

English Summary: Vizhinjam port inauguration Parish will participate.