വികസനത്തിന്റെ കപ്പലേറി കേരളം; വിഴിഞ്ഞത്ത് ആദ്യകപ്പലിനെ വരവേൽക്കാൻ ആയിരങ്ങളെത്തും

കപ്പലിന് ഞായറാഴ്ച വാട്ടർ സല്യൂട്ടോടെ ഗംഭീര സ്വീകരണം.

0
262

തിരുവനന്തപുരം: എല്ലാ കുത്തിത്തിരിപ്പുകളെയും പ്രതിഷേധ പ്രഹസനങ്ങളെയും മറികടന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഞായറാഴ്ച വൈകിട്ട് ആദ്യകപ്പൽ അടുക്കും. ലോകത്തിനുമുന്നിൽ തിരുവനന്തപുരത്തെ പുതിയ തുറമുഖ നഗരമെന്ന നിലയിൽ അടയാളപ്പെടുത്തുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷികളാകാൻ ആയിരങ്ങളെത്തും. ചൈനയിൽ നിന്നുള്ള ഷെൻഹുവ 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. കേരളം പുതുവികസനത്തിന്റെ കപ്പലേറുന്ന അഭിമാന മുഹൂർത്തം കാണാൻ എണ്ണായിരത്തിലേറെപ്പേർ എത്തും.

വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ബർത്തിന് സമീപം സജ്ജമാക്കിയ പന്തലിലെത്തും. തുറമുഖത്തിന്റെ ലോ​ഗോ പതിപ്പിച്ച ബലൂണുകൾ പറത്തി കപ്പലിനെ വരവേൽക്കും. ഈ സമയം ടഗ്ഗുകളിൽനിന്ന്‌ വാട്ടർ സല്യൂട്ട് നൽകും. അലങ്കാരദീപങ്ങൾ തെളിക്കും. വിഴിഞ്ഞത്തെ പോർട്ട് ഓഫീസ് മന്ദിരത്തിനു സമീപം യാർഡിൽ അയ്യായിരത്തോളം പേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തലാണ് ഒരുക്കിയിരിക്കുന്നത്. ഇരുവശത്തും സ്ക്രീനുകൾ സജ്ജീകരിക്കും. പകൽ ഒന്നുമുതൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാം. പകൽ രണ്ടുമുതൽ മൂന്നുവരെ തിരുവനന്തപുരത്തുനിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആർടിസി ബസുകൾ സൗജന്യമായി സർവീസ് നടത്തും. കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്‌.

വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനാകും. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഡോ. സൂസപാക്യം, ആർച്ച് ബിഷപ് തോമസ് നെറ്റോ, പാളയം ഇമാം വി പി ഷുഹൈബ് മൗലവി,​ ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

English Summary: Vizhinjam Port inauguration on Sunday.