ഇസ്രയേൽ മിസൈൽ ആക്രമണം; റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

സംഭവസ്ഥലത്തെത്തിയ ഒരു അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറാണ് ഇസാം അബ്ദല്ലയെയും പരിക്കേറ്റ ആറ് പേരെയും കണ്ടത്.

0
257

ലെബനൻ: തെക്കൻ ലെബനൻ അതിർത്തിയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. റോയ്‌ട്ടേഴ്‌സ് മാധ്യമപ്രവർത്തകനായ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ എഎഫ്പിയുടെയും അൽ ജസീറയുടെയും ലേഖകരുൾപ്പടെ ആറ് മാധ്യമ പ്രവർത്തകർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങൾ രണ്ട് മണിക്കൂറുകൾക്ക് മുമ്പ് ഇസാം അബ്ദുള്ള എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

സംഭവസ്ഥലത്തെത്തിയ ഒരു അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറാണ് ഇസാം അബ്ദല്ലയെയും പരിക്കേറ്റ ആറ് പേരെയും കണ്ടത്. പിന്നാലെ അവരിൽ ചിലരെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നു. കത്തിക്കരിഞ്ഞ ഒരു കാറും ദൃശ്യങ്ങളിൽ കാണാം. അബ്ദുള്ള കൊല്ലപ്പെട്ടുവെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. തത്സമയ സിഗ്നൽ നൽകുന്ന തെക്കൻ ലെബനനിലെ റോയിട്ടേഴ്‌സ് ക്രൂവിന്റെ ഭാഗമായിരുന്നു അബ്ദുള്ള. അതിർത്തി പ്രദേശത്ത് നടന്ന ഷെല്ലാക്രമണത്തിൽ തങ്ങളുടെ രണ്ട് മാധ്യമപ്രവർത്തകരായ തേർ അൽ-സുഡാനി, മഹർ നസെ എന്നിവർക്ക് പരിക്കേറ്റതായും റോയിട്ടേഴ്‌സ് അറിയിച്ചു.