അമിതമായ ഫോൺവിളി ചോദ്യം ചെയ്തു; മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

സംഭവദിവസം തന്നെ മകൻ സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

0
1170

കാസർകോട്: അമിതമായ ഫോൺവിളി ചോദ്യം ചെയ്തതിന് മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണിയാണ് (63) മരിച്ചത്. മകന്‍ സുജിത്താണ് രുഗ്മിണിയെ തലയ്ക്ക് മാരകമായി അടിച്ചും ചുമരിലിടിച്ചും പരിക്കേൽപ്പിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രുഗ്മിണി ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്.

വ്യാഴാഴ്ചയാണ് സംഭവം. മകന്റെ അമിതമായ ഫോൺ വിളി ചോദ്യം ചെയ്തപ്പോൾ പ്രകോപിതനായ സുജിത്ത് രുഗ്മിണിയെ തലക്കടിച്ചുവീഴ്ത്തിയത്. രുഗ്മിണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ സുജിത്ത് രുഗ്മണിയെ ആക്രമിക്കുന്നതാണ് കണ്ടത്. തടയാന്‍ ശ്രമിച്ച അയല്‍വാസികളെ ഇയാള്‍ വീട്ടിനകത്തേക്ക് കയറാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് നാട്ടുകാര്‍ നീലേശ്വരം പൊലീസിൽ വിവരം അറിയിച്ചു. ഇന്‍സ്‌പെക്‌ടര്‍ കെ പ്രേംസദനും എസ്‌ ഐ ടി വിശാഖും സംഘവും സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ സുജിത്തിനെ കീഴടക്കിയാണ് രുഗ്മിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്‌. നില ഗുരുതരമായതിനാലാണ് പരിയാരത്തേക്ക് മാറ്റിയത്. എന്നാൽ, ശനിയാഴ്ച പുലർച്ചെ മരിച്ചു.

സംഭവദിവസം തന്നെ സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ സുജിത്തിനെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ചികിത്സക്കായി കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയച്ചു. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയപ്പോൾ മാനസിക വൈകല്യമുളളതായി ഡോക്ടർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് കോടതി മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടത്. രുഗ്മണിക്ക് മറ്റൊരു മകനുമുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വധശ്രമത്തിന് അറസ്റ്റിലായ സുജിത്തിനെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു. അതേസമയം സുജിത്ത് ലഹരിക്കടിമയാണെന്നും പറയപ്പെടുന്നു.

English Summary: Mother died after being hit by her son at Kasaragod.