ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടുവെന്ന്‌ റിപ്പോർട്ട്‌

ഇസ്രയേൽ അവകാശവാദം ഹമാസ്‌ സ്ഥിരീകരിച്ചിട്ടില്ല.

0
280

ഗാസ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടുവെന്ന്‌ റിപ്പോർട്ട്‌. ഹമാസിന്റെ വ്യോമാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുറാദ് അബു മുറാദ് ആണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. എന്നാൽ ഇക്കാര്യം ഹമാസ്‌ സ്ഥിരീകരിച്ചിട്ടില്ല.

ഇസ്രയേലിൽ റോക്കറ്റാക്രമണങ്ങൾക്ക് നേതൃത്വം നൽകിയ മുറാദ് അബു മുറാദിനെ വ്യോമാക്രമണത്തിലൂടെയാണ് കൊലപ്പെടുത്തിയതെന്നാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെടുന്നത്. ഗാസ മുനമ്പിൽ നടത്തിയ ഹമാസിന്റെ കേന്ദ്രങ്ങളെല്ലാം തകർത്തതായും ഇസ്രയേൽ അധികൃതർ പറഞ്ഞു. ഇസ്രായേലിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഏതാനം ലെബനൻ തീവ്രവാദികളെ വധിച്ചതായും റിപ്പോർട്ടുണ്ട്.

ഗാസയില്‍ മാത്രം 724 കുട്ടികളടക്കം 2215 പേര്‍ ഇതിനകം കൊല്ലപ്പെട്ടു. 15 ആരോഗ്യ പ്രവര്‍ത്തകര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഗാസയില്‍ കടന്നുകയറി റെയ്ഡുകള്‍ നടത്തിയതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. ബന്ദികളെ താമസിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് സൂചന ലഭിച്ചതായും ഇസ്രയേല്‍ അറിയിച്ചു. ഗാസയ്ക്കുള്ളിലെ റെയ്ഡ് ഹമാസ് സംഘങ്ങളെ കണ്ടെത്താനും ആയുധങ്ങള്‍ പിടിച്ചെടുക്കാനുമാണെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.

24 മണിക്കൂറിനകം വടക്കന്‍ ഗാസയിലെ ജനങ്ങള്‍ തെക്കന്‍ ഗാസയിലേക്ക് പോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് കൈയ്യില്‍ കിട്ടിയതെല്ലാം വാരിക്കെട്ടി പതിനായിരക്കണക്കിന് ആളുകൾ കൂട്ട പലായനം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ അന്ത്യശാസനം അവഗണിക്കണമെന്ന് ഹമാസ് നേതൃത്വം കഴിഞ്ഞ ദിവസം വടക്കന്‍ ഗാസയിലെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

English Summary: The Israeli army said that ground forces made “localised” raids into Gaza.