സ്വർണവില കുതിച്ചുയർന്നു; റെക്കോർഡ് വർധന, ഒറ്റയടിക്ക് കൂടിയത് 1,120 രൂപ

ഇതാദ്യമായാണ് ഒരു ദിവസം കൊണ്ട് സ്വര്‍ണവില ഇത്രയധികം കൂടുന്നത്.

0
3533

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി. പവന് 1,120 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,320 രൂപ. ഗ്രാമിന് 140 രൂപ കൂടി 5,540 ആയി. വെള്ളിയാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒക്ടോബർ മാസത്തിൽ ഇതുവരെയുള്ള ഉയര്‍ന്ന നിരക്കാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്.

ആഗോള വിപണിയിൽ ഇസ്രയേൽ-ഹമാസ് യുദ്ധം സൃഷ്ടിച്ച മാറ്റമാണ് സ്വർണ വില ഉയരാൻ കാരണമായത്. ഓഹരി വിപണിയിൽ ചാഞ്ചാട്ടമുണ്ടാകുമ്പോഴെല്ലാം നിക്ഷേപകർ സുരക്ഷിത ഇടമായി സ്വർണത്തെ കാണുന്നതാണ് ഇത്തരത്തിൽ വില വർധിക്കാൻ കാരണമാകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പവന്‍ സ്വര്‍ണത്തിന് 42,000- 43,000 ഇടയില്‍ വില്‍പ്പന നടന്നിരുന്ന സ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 1,120 രൂപയാണ് ഒരു പവന് കൂടിയത്. ഇതാദ്യമായാണ് ഒരു ദിവസം കൊണ്ട് സ്വര്‍ണവില ഇത്രയധികം വര്‍ധിക്കുന്നത്. 44,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ശനിയാഴ്ചത്തെ നിരക്ക്. വെള്ളിയാഴ്ച ഗ്രാമിന് 5,400 രൂപയും പവന് 43,200 രൂപയുമായിരുന്നു വില. സ്വർണവില ഗ്രാമിന് ഒറ്റയടിക്ക് 140 രൂപ വർധിക്കുന്നത് ഇതാദ്യമായാണെന്ന് ജുവലറി ഉടമകളും പറയുന്നു. ഇതിനുമുമ്പ് ഒരിക്കൽ ഗ്രാമിന് 150 രൂപ വരെ ഒരു ദിവസം കൂടിയിരുന്നു. എന്നാല്‍, അന്ന് രണ്ട് തവണയായാണ് വില കൂടിയത്.

അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. സ്​പോട്ട് ഗോൾഡിന് വില ഔൺസിന് 1,932.40 ഡോളറായാണ് വർധിച്ചത്. 63 ഡോളറിന്റെ വർധനയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. 3.41 ശതമാനമാണ് സ്​പോട്ട് ഗോൾഡിന്റെ വിലയിലെ വർധനവ്. ഒക്ടോബര്‍ അഞ്ചിന് 41920 രൂപ എന്ന നിലയില്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ വ്യാപാരം നടത്തിയിരുന്ന സ്ഥാനത്ത് നിന്നാണ് ഒരു ദിവസം 1120 രൂപ വര്‍ധിക്കുന്ന നിലയിലേക്ക് സ്വര്‍ണവിപണി കുതിച്ചുയര്‍ന്നത്.

സാധാരണ വെള്ളിയുടെ വിലയും ഗ്രാമിന് 2 രൂപ എന്ന നിലയില്‍ വര്‍ധിച്ചിട്ടുണ്ട്. സാധരണ വെള്ളി ഗ്രാമിന് 77 രൂപയും ഹാള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 103 രൂപയിലുമാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

English Summary: Gold Price Record Hike in Kerala.