ഹിറ്റ്‌മാൻ ഷോ; പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റിന്റെ ആധികാരികജയം

ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ എട്ടാം ജയമാണിത്.

0
472

അഹമ്മദാബാദ്: പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്‌ക്ക്‌ തകർപ്പൻ ജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ക്യാപ്റ്റൻ രോഹിത്‌ ശർമ്മയുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്‌. പാകിസ്ഥാൻ ഉയർത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.3 ഓവര്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. രോഹിത്‌ ശർമ്മ 63 പന്തിൽ 86 റൺസ്‌ നേടി. ആറ്‌ വീതം സ്‌ക്‌സും ഫോറും അടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്‌. ഇന്ത്യക്കായി ശ്രേയസ്‌ അയ്യർ അർധസെഞ്ചുറി നേടി പുറത്താകാതെ നിന്നു 53 (62). സ്‌കോർ: പാകിസ്ഥാൻ-191 (42.5), ഇന്ത്യ – 192 – 3 (30.3).

ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങിനയച്ചു. ഇന്ത്യക്കെതിരെ മെച്ചപ്പെട്ട തുടക്കമായിരുന്നു പാകിസ്ഥാന്റേത്. ആദ്യ വിക്കറ്റ് വീണപ്പോൾ സ്‌കോർ ബോർഡിൽ 41 റൺസ്. ഒരു ഘട്ടത്തിൽ 3ന് 162 എന്ന ശക്തമായ നിലയിലായിരുന്നു പാകിസ്താൻ. 42.5 ഓവറിലാണ് 191 റണ്‍സിന് പുറത്തായത്. 155-2 എന്ന ശക്തമായ നിലയില്‍ നിന്നായിരുന്നു പാക് ബാറ്റിങ് നിരയുടെ തകര്‍ച്ച. നായകൻ ബാബര്‍ അസം (50), മുഹമ്മദ് റിസ്വാന്‍ (49), ഇമാം ഉൾ ഹഖ് (36) എന്നിവർക്കാണ് പാക് ബാറ്റിംഗ് നിരയിൽ തിളങ്ങാനായത്. ഇന്ത്യയ്ക്കായി ജസ്പ്രിത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

താരതമ്യേന ചെറിയ സ്‌കോർ പിന്തുടർന്ന ഇന്ത്യ അക്രമണോത്സുക ബാറ്റിങ്ങാണ് കാഴ്ച വെച്ചത്. ഇന്ത്യയ്‌ക്കായി ഒരു വശത്ത് രോഹിത് ശർമയും മറുഭാഗത്ത് ശുഭ്മാന്‍ ഗില്ലും തകർത്തടിച്ചു. 16 റൺസിൽ നിലക്കവെ ഷഹീൻ അഫ്രീഡിയുടെ പന്തിൽ ക്യാച്ച്‌ നൽകി ഗിൽ മടങ്ങി. രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് രോഹിത് 56 റണ്‍സ് ചേര്‍ത്തതോടെ സ്‌കോർ മിന്നൽ വേഗത്തിൽ കുതിച്ചു. എന്നാൽ ഷോട്ട്‌ ബോളിൽ മോശം ഷോട്ട്‌ കളിച്ച്‌ വിരാട് കോഹ്‌ലി പുറത്തായി. രോഹിത് ശർമ്മ പുറത്തായതോടെ ക്രീസിലെത്തിയ ശ്രേയസ് അയ്യരും മികച്ച പ്രകടനം കാഴ്ചവെച്ചു. ശ്രേയസ് 62 പന്തില്‍ 53 റണ്‍സെടുത്താണ് പുറത്താകാതെ നിന്നത്. രാഹുല്‍ 19 റണ്‍സുമായി ശ്രേയസിന് മികച്ച പിന്തുണ നല്‍കി. പാകിസ്ഥാനുവേണ്ടി ഷഹീൻ അഫ്രീദി രണ്ടും ഹസൻ അലി ഒരു വിക്കറ്റും വീഴ്ത്തി.

ഇതോടെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ എട്ടാം ജയമാണിത്. പാകിസ്ഥാനോട് ഏകദിന ലോകകപ്പില്‍ തോറ്റിട്ടില്ലെന്ന
റെക്കോഡും ഇന്ത്യ നിലനിര്‍ത്തി. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തി.

English Summary: India to a record 8th win against Pakistan in ODI World Cup.