ഹമാസുകാർ കുഞ്ഞുങ്ങളെ തലയറുത്തെന്ന്‌ നുണവാർത്ത; മാപ്പു പറഞ്ഞ് സിഎൻഎൻ മാധ്യമപ്രവർത്തക

കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട് ചെയ്തത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് സാറ സിഡ്‌നർ.

0
383

വാഷിംഗ്ടൺ: ഇസ്രായേലിൽ ഹമാസ് ഇസ്രയേലി കുട്ടികളുടെ തലയറുത്തെന്ന വാര്‍ത്ത വ്യാജം. പിഞ്ചുകുട്ടികളുടെ തലയറുക്കപ്പെട്ടുവെന്ന നുണവാർത്ത കൊടുത്തതിന് മാപ്പു പറഞ്ഞ് സിഎൻഎൻ മാധ്യമപ്രവർത്തക സാറ സിഡ്‌നർ. കുട്ടികളെ ഹമാസ് ക്രൂരമായി കൊലപ്പെടുത്തിയെന്ന്‌ തുടർച്ചയായി വാർത്ത കൊടുത്തത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സിഡ്‌നർ മാപ്പപേക്ഷിച്ചുള്ള കുറിപ്പിൽ പറഞ്ഞു. സമൂഹ മാധ്യമമായ എക്സിലാണ് സാറ സിഡ്‌നർ മാപ്പ് പറഞ്ഞ് വിശദീകരണം നൽകിയത്.

ഇസ്രയേലിൽ റോക്കറ്റാക്രമണത്തിനുപിന്നാലെ ഹമാസ് പിഞ്ചുകുഞ്ഞുങ്ങളുടെ തലയറുത്തു എന്നായിരുന്നു വ്യാജവാർത്ത. വടക്കന്‍ ഇസ്രായേലില്‍ തലയറുക്കപ്പെട്ട നിലയില്‍ 40 കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു സിഎന്‍എന്നിന്റെ വ്യാജ വാര്‍ത്ത. വാര്‍ത്ത സംബന്ധിച്ച് സ്ഥിരീകരണം നടത്താതെ ഇസ്രായേലിന്റെ വ്യാജ ആരോപണം ഇവര്‍ ഏറ്റെടുക്കുകയായിരുന്നു. ഹമാസ് 40 ഓളം ഇസ്രയേലി കുട്ടികളുടെ തലയറുത്തെന്നും കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ഇസ്രയേൽ പ്രതിരോധസേന കണ്ടെത്തിയെന്നും വാർത്തയിൽ പറഞ്ഞിരുന്നു. ഇത് ഏറ്റുപിടിച്ചു ചില പാശ്ചാത്യ മാധ്യമങ്ങൾ തങ്ങളുടെ മനോധർമത്തിനനുസരിച്ച് വാർത്ത കൊടുക്കുകയായിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചുവെന്നുവരെ വാർത്ത കൊടുത്തുകളഞ്ഞു ചില മാധ്യമപ്രവർത്തകർ. മണിക്കൂറുകൾക്കകം വ്യാജവാർത്ത ലോകമെമ്പാടും പടർന്നു. പാശ്ചാത്യ മാധ്യമങ്ങളുടെ വാർത്ത ഏറ്റെടുത്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെന്നുവരെ തട്ടിവിട്ടു. എന്നാൽ, വൈറ്റ് ഹൗസ് ഇക്കാര്യം പിന്നീട് നിഷേധിച്ചു.

കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് വാർത്താ എജൻസി ‘അനഡോലു’ റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് മാപ്പപേക്ഷിച്ചും നേരത്തെ കൊടുത്തത് കള്ളവാർത്തയാണെന്നും പറഞ്ഞ് വിശദീകരണവുമായി സാറ സിഡ്‌നർ രംഗത്തെത്തിയത്. ‘തത്സമയ വാർത്ത അവതരിപ്പിക്കുന്നതിനിടെയാണ് ഹമാസ്, ഇസ്രയേലി കുട്ടികളുടെ തലയറുത്ത് കൊലപ്പെടുത്തിയെന്നത് സ്ഥിരീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ ഇത് സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് ഇപ്പോൾ ഇസ്രയേൽ സർക്കാർ പറയുന്നത് എന്റെ വാക്കുകൾ ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നു, എന്നോട് ക്ഷമിക്കണം’- സാറ എക്‌സില്‍ കുറിച്ചു.

സാറയുടെ മാപ്പുപറച്ചിലിന് പിന്നാലെ കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. വ്യോമാക്രമണത്തിൽ മാധ്യമപ്രവർത്തകർ വരെ കൊല്ലപ്പെട്ടിട്ടും ഇസ്രയേലിനോട് മാധ്യമങ്ങൾ കാട്ടുന്ന പക്ഷപാതിത്വത്തിൽ രൂക്ഷ വിമർശനവും പ്രതിഷേധവും ഒരുപോലെ ഉയരുന്നുണ്ട്. യുദ്ധം പോലുള്ള സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കണമെന്നും ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടി.

English Summary: CNN Reporter Sara Sidner apologizes reporting misinformation Hamas beheaded babies.