ഐഎഎസ് തലത്തിൽ അഴിച്ചുപണി; ആറ് കലക്ടർമാരെ മാറ്റി, ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി

ഹരിത വി കുമാർ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടർ, ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി.

0
471

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. ആറ് ജില്ലകളിൽ കലക്ടർമാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്ടർമാർക്കാണ് മാറ്റം. ആലപ്പുഴ കലക്ടർ ഹരിത വി കുമാറിനെ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറാക്കി. ജോൺ വി സാമുവലാണ് ആലപ്പുഴ ജില്ലാ കലക്ടർ. മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറായ എന്‍ ദേവിദാസനെ കൊല്ലം കലക്ടറാക്കി. പത്തനംതിട്ട കലക്ടർ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് എംഡിയായി മാറ്റിനിയമിച്ചു. അദീല അബ്‌ദുല്ലയ്ക്ക് പകരമാണ് നിയമനം. എ ഷിബുവാണ് പത്തനംതിട്ട കളക്ടർ. കണ്ണൂർ കലക്ടറായി അരുൺ കെ വിജയനെയും കോഴിക്കോട് കലക്ടറായി സ്‌നേഹില്‍കുമാര്‍ സിങ്ങിനെയും മലപ്പുറം കലക്ടറായി വി ആർ വിനോദിനെയും നിയമിച്ചു.

ഡല്‍ഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ ആയിരുന്ന സൗരബ് ജയിനിനെ തൊഴില്‍ നൈപുണ്യവകുപ്പ് സെക്രട്ടറിയാക്കി മാറ്റി നിയമിച്ചു. ഈ വകുപ്പിലെ സെക്രട്ടറിയായിരുന്ന അജിത് കുമാറിനെ കേരള ഹൗസ് റസിഡന്റ് കമ്മീഷണറാക്കി. ഭക്ഷ്യപൊതുവിതരണ സെക്രട്ടറിയുടെ അധികചുമതലയും അജിത് കുമാര്‍ വഹിക്കും. സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ചേതന്‍കുമാര്‍ മീണയെ കേരള ഹൗസിലെ അഡീഷണല്‍ റസിഡന്റ് കമ്മീഷണറാക്കി. മലപ്പുറം കലക്ടർ വി ആർ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറാക്കി. കൊല്ലം കളക്ടറായിരുന്ന അഫ്‌സാന പര്‍വേഷ് ആണ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍.

കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ കെ സുധീറാണ് പ്രവേശന പരീക്ഷ കമ്മീഷണര്‍. പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി അഞ്ജനക്കാണ് പിന്നോക്ക വിഭാഗ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറുടെ ചുമതല. പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശനെ ശിശുവികസനവകുപ്പ് ഡയറക്ടറാക്കി മാറ്റി നിയമിച്ചു. കെടിഡിസി എംഡി ശിഖാ സുരേന്ദ്രനെ ആരോഗ്യകുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറിയാക്കി. കെടിഡിസി എംഡി ചുമതലയും ഒപ്പം വഹിക്കണം.

English Summary: Reshuffle in IAS Level, Six district collectors transferred.