സന്തോഷ് ട്രോഫി; കേരളത്തിന്റെ ഗോൾമഴ, ജമ്മു കശ്മീരിനെ ഒന്നിനെതിരേ ആറു ഗോളുകൾക്ക് തകർത്തു

മത്സരത്തിലുടനീളം ആധിപത്യം ഉറപ്പിച്ച് കേരളം.

0
342

ബെനോലിം: സന്തോഷ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിലെ മത്സരത്തിൽ ജമ്മു കാശ്മീരിനെ ഒന്നിനെതിരെ ആറുഗോളുകൾക്ക് തകർത്താണ് കേരളം ആധികാരിക ജയം സ്വന്തമാക്കിയത്. കേരളത്തിനുവേണ്ടി ജിതിൻ രണ്ടുതവണ കശ്മീർ വല കുലുക്കിയപ്പോൾ സജീഷ്, മുഹമ്മദ് ആഷിഖ്, അബ്ദു റഹീം, റിസ്വാൻ അലി എന്നിവർ ഓരോ ഗോൾ വീതം നേടി. രണ്ടാം പകുതിയിൽ ഫൈസലാണ് ജമ്മു കശ്മീരിന്റെ ആശ്വാസഗോൾ നേടിയത്.

മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ കേരളം ജമ്മുകശ്മീരിനെ ഞെട്ടിച്ചു. ജിതിനാണ് കേരളത്തിനായി വലകുലുക്കിയത്. 13-ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ കേരളം രണ്ടാം ​ഗോൾ നേടി. സജീഷാണ് കേരളത്തിനായി വലകുലുക്കിയത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ മുഹമ്മദ് ആഷിഖിലൂടെ കേരളം മൂന്നാം ഗോളടിച്ചു. 54-ാം മിനിറ്റിൽ ജിതിനിലൂടെ കേരളം ലീഡുയർത്തി. 60-ാം മിനിറ്റിൽ ഫൈസലിലൂടെയാണ് ജമ്മു കശ്മീരിന്റെ ആശ്വാസ ഗോൾ എത്തുന്നത്. 66-ാം മിനിറ്റിൽ അബ്ദു റഹീമിലൂടെ കേരളത്തിന്റെ അഞ്ചാം ഗോൾ. കളിയവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കിനിൽക്കെ റിസ്വാൻ അലി നിറയൊഴിച്ചു. ആദ്യ മത്സരത്തിൽ കേരളം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഗുജറാത്തിനെ തകർത്തിരുന്നു.

English Summary: Kerala thrashes Jammu Kashmir in Santosh Trophy.