നിയമലംഘനം; കുവൈറ്റിൽ പരിശോധന ശക്തം, നാല് ബ്യൂട്ടി ക്ലിനിക്കുകൾ അടച്ചുപൂട്ടി

വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.

0
110

കുവൈറ്റ് സിറ്റി: ആരോഗ്യനിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകളിലെ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ആരോഗ്യ നിയമങ്ങള്‍ ലംഘിച്ച നാല് ബ്യൂട്ടി ക്ലിനിക്കുകൾ അടച്ചുപൂട്ടി. പിടികൂടിയവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. രാജ്യത്തെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് പരമപ്രധാനമാണെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം സുരക്ഷാ പരിശോധനക്കിടെ കുവൈറ്റിൽ അറസ്റ്റിലായ മലയാളി നേഴ്‌സുമാർ ഉൾപ്പെടെയുള്ളവർ അടുത്തിടെയാണ് ജയിൽ മോചിതരായത്. 23 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇവർക്ക് മോചനം ലഭിച്ചത്. ആരോഗ്യനിയമങ്ങൾ പാലിക്കാതെ ഇറാനിയൻ പൗരൻ നടത്തിയ ക്ലിനിക്കിലെ പരിശോധനക്കിടെയായിരുന്നു നടപടികൾ. ആരോഗ്യ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും പിടികൂടുന്നവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും.

English Summary: Beauty Clinics Shut Down For Violating MoH Regulations.