കുവൈത്തില്‍ ഇന്‍റര്‍നെറ്റ് സെൻസർഷിപ്പ് ടെൻഡർ പിൻവലിച്ച് ഉത്തരവായി

0
132

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്റർനെറ്റ് സെൻസർഷിപ്പ് ടെൻഡർ പിൻവലിച്ച് ജനറൽ കമ്മ്യൂണിക്കേഷൻസ് അതോറിറ്റി ഉത്തരവ് പുറത്തിറക്കി. കരട് നിയമം വിവാദമായതോടെയാണ് സർക്കാർ ടെൻഡർ നടപടികള്‍ താൽക്കാലികമായി നിർത്തിവച്ചത്. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് കരട് നിയമം തയാറാക്കിയത്. പുതിയ നിയമം ഇന്റർനെറ്റ് ഉപയോക്താക്കളുടെ നിരീക്ഷണത്തിന് ഇടയാക്കുമെന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ അടക്കമുള്ളവര്‍ നേരത്തെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കരട് നിയമ പ്രകാരം മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, ഐപാഡുകൾ എന്നിവയിലെ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ മേൽനോട്ടവും സര്‍ക്കാരിന് സാധ്യമാകും. നേരത്തെ പാർലമെന്റ് അംഗം ഡോ. ജിനൻ ബുഷാഹ്‌രിയാണ് ടെൻഡറുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതിഷേധം ഉയര്‍ത്തിയത്. പുതിയ നിയമ നിര്‍മ്മാണം പൗരന്മാരുടെ സ്വകാര്യത ലംഘിക്കുകയും അനാവശ്യമായ ചാരപ്രവർത്തനം സാധ്യമാക്കുകയും ചെയ്യും. അതോടൊപ്പം കരട് നിയമത്തില്‍ പറഞ്ഞിരിക്കുന്ന പല നിര്‍ദ്ദേശങ്ങളും ജനാധിപത്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ടെൻഡർ സംബന്ധിച്ച നിലപാടുകൾ പുനഃപരിശോധിക്കണമെന്ന് കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ഫഹദ് അൽ-ഷൂലയോട് നേരത്തെ ബുഷാഹ്‌രി ആവശ്യപ്പെട്ടിരുന്നു.