സെമി കേഡർ എന്നാൽ ഇങ്ങനെയാണ്. വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞും ഒപ്പമുള്ളവരെ ഞെട്ടിച്ചും നടക്കലല്ല, അതിനു അതിന്റെതായ ഒരിതുണ്ട്. ഇടക്ക് ആളുകളെ ചിരിപ്പിക്കണം, ചുമ്മാ ചിരിപ്പിച്ചാൽ പോരാ, നല്ല തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കണം. അതാണ് യഥാർത്ഥ സെമി കേഡറിസം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനുപിന്നാലെ സുധാരേട്ടനും സതീശേട്ടനും നാട്ടുകാരെ നല്ലോണം ചിരിപ്പിച്ചിരുന്നു. മൈക്ക് പിടിച്ചുവാങ്ങാനും പ്രശംസിക്കുന്നത് തടയാനും വേണ്ടിയുള്ള ആ സെമി കേഡറിസം കണ്ട നാട്ടുകാർ മൊത്തം ചിരിച്ചു. പക്ഷെ ഒടുക്കം മാത്രം സുധാരേട്ടൻ ചെറുതായി ചമ്മി. ഇംഗ്ലീഷ് ചോദ്യം കേട്ടപ്പോ സുധാരേട്ടൻ ആ തല തിരിക്കുന്നത് ഒരു ഒന്നൊന്നര തമാശയായിരുന്നു. പ്രശംസിക്കുന്നത് ഇഷ്ടമല്ലാത്തതുകൊണ്ട് ‘എന്നോടല്ല, ചേട്ടനോടാ’ എന്ന് പറഞ്ഞ് സതീശേട്ടനും ആളുകൾക്കൊപ്പം കുലുങ്ങിചിരിച്ചു. അതിനുശേഷം ഇന്നാണ് സുധാരേട്ടൻ വീണ്ടും കേരളത്തെയാകെ ചിരിപ്പിച്ചത്.
സംഗതി എന്താണെന്നല്ലേ. വിഴിഞ്ഞം പദ്ധതി തന്നെ. പിണറായിയും എൽഡിഎഫും ഡിവൈഎഫ്ഐ പ്രവർത്തകരുമൊക്കെ വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാതെ പോയത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യംകൊണ്ട് മാത്രമാണ് എന്നാണ് പുതിയ വെളിപ്പെടുത്തൽ. ശരിക്കും ചിരിച്ച് തലക്കടിയേറ്റ പോലെയായി. ഇത് കേട്ടോണ്ടിരിക്കുന്ന മാധ്യമങ്ങൾക്ക് പിന്നെ വസ്തുത ഒന്നും വേണ്ടാത്തതുകൊണ്ട് അതെടുത്ത് വാർത്തയാക്കി പൂശി വായനക്കാരെയും കേൾവിക്കാരെയും ചിരിപ്പിച്ചു. സുധാരേട്ടനും സതീശേട്ടനും ‘സെമി കേഡർ പ്രോ’ ആണെങ്കിൽ മാധ്യമങ്ങൾ ഒരു ‘സെമി കേഡർ ലൈറ്റ്’ എങ്കിലും ആകണമല്ലോ. അതുകൊണ്ട് വസ്തുതയുടെ (അല്ലേലും മാധ്യമങ്ങൾക്ക് ഇല്ലാത്തതും അതാണ്) ഒരു തരിമ്പെങ്കിലും ഈ പറഞ്ഞതിൽ ഉണ്ടോ എന്ന് ആരും ചോദിച്ചുമില്ല. ‘തിരുവാ’ ആയതുകൊണ്ട് ‘എതിർവാ’ ഒരിക്കലും മാധ്യമങ്ങൾക്ക് ഉണ്ടാകാറില്ല.
അപ്പോ സുധാരേട്ടന്റെ തമാശയിലേക്ക് തന്നെ വരാം. കേരളത്തിന്‍റെ വികസന സ്തംഭമായി മാറേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി നാലു വര്‍ഷം വൈകിപ്പിച്ച് കനത്ത നഷ്ടം വരുത്തിയശേഷം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണം നടത്തുന്നു എന്നായിരുന്നു ആ വലിയ സത്യം. ‘വേണ്ടി വന്നാൽ വിമോചനസമരം, കോൺഗ്രസ് വിഴിഞ്ഞത്തെ സമരക്കാർക്കൊപ്പം- കെ സുധാകരൻ’, ‘വിഴിഞ്ഞം സമരം തകർക്കാൻ അദാനിയും മുഖ്യമന്ത്രിയും തമ്മിൽ ഗൂഢാലോചന നടത്തി, ജീവൻ കൊടുത്തും സമരക്കാർക്ക് ഒപ്പം നിൽക്കും- പ്രതിപക്ഷനേതാവ് വി ഡി സതീശൻ’ എന്നൊക്കെ തലക്കെട്ട് കൊടുത്ത ടീമുകളാണ് പഞ്ചപുച്ഛമടക്കി കേട്ട് ചിരിച്ചത്. വി എന്ന് പറഞ്ഞപ്പോ തന്നെ വിമോചന സമരം എന്നും ‘വി ഡി സതീശൻ രംഗത്ത് വിഴിഞ്ഞം സമരം ആളിപ്പടരും’ എന്നൊക്കെ ബെല്ലില്ലാതെ ബ്രേക്കും ഫ്ലാഷും കൊടുത്ത മുന്തിയ മാധ്യമ പുംഗവന്മാരാണ് ഇരുന്നു ഒരു ഉളുപ്പുമില്ലാതെ കേട്ട് ചിരിച്ചത്. വ്യാജവാർത്ത ഉണ്ടാക്കുന്ന ടെൻഷനിടയിൽ ഇങ്ങനെ കേക്കുന്നത് ചിലപ്പോ ഒരു റിലാക്സേഷൻ തരുന്നുണ്ടാവും, അതുകൊണ്ട് പത്രക്കാരും ചിരിച്ചു.
പിന്നാലെ അടുത്ത നഗ്നസത്യം സുധാരേട്ടൻ വിളിച്ചുപറഞ്ഞു. അതിങ്ങനെ. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നെങ്കില്‍ നേരത്തെ നിശ്ചയിച്ചതുപോലെ 2019ല്‍ തന്നെ പദ്ധതി യാഥാര്‍ത്ഥ്യമാകുമായിരുന്നു. 2015ല്‍ പരിസ്ഥിതി അനുമതി ഉള്‍പ്പെടെ എല്ലാ അനുമതികളും വാങ്ങിയെടുക്കുകയും കോടതി കേസുകള്‍ തീര്‍ക്കുകയും സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുകയും പുനരധിവാസ പാക്കേജ് നടപ്പാക്കുകയും ചെയ്ത് പണി തുടങ്ങിയ ശേഷമാണ് യുഡിഎഫ് അധികാരം വിട്ടത്. 2019ല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ പാകത്തിലുള്ള എല്ലാ നടപടികളും അന്ന് പൂര്‍ത്തിയാക്കിയിരുന്നു. പിടിപ്പുകേടിന്‍റെ പര്യായമായ പിണറായിക്കും സംഘത്തിനും അതുമായി മുന്നോട്ടുപോകാനായില്ല.
റാംജിറാവ് സ്പീക്കിങ്ങിൽ കടുവാകുളം ആന്റണിയുടെ കഥാപാത്രം പറഞ്ഞപോലെ ആകെപ്പാടെ കൺഫ്യൂഷൻ ആയല്ലോ. ശരിക്കും ഉമ്മൻചാണ്ടി അര മണിക്കൂർ മുമ്പേ വിഴിഞ്ഞം പദ്ധതി പൂർത്തീകരിച്ചിരുന്നു. അതാണ് ഇപ്പോൾ 15 ന് ഉദ്‌ഘാടനം ചെയ്യുന്നത്. കോൺഗ്രസുകാർ വിമോചന സമരവും തീവെപ്പും ജീവൻ കൊടുക്കലും ആളിപ്പടർത്തലുമെല്ലാം നടത്തിയത് വേറെ വിഴിഞ്ഞത്താണ്. അത് വേറെ വിഴിഞ്ഞം തുറമുഖ പദ്ധതിയാണ്. അതാണ് സുധാരേട്ടൻ ചൂണ്ടിക്കാട്ടിയത്.
എൽഡിഎഫ് സർക്കാരും യുഡിഎഫ് സർക്കാരും തമ്മിലുള്ള പ്രകടമായ വ്യത്യാസവും സുധാരേട്ടൻ എടുത്തുപറയുന്നുണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെ കല്ലിടാൻ ഇതിനുമുമ്പ് ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ.? എൽഡിഎഫ് സർക്കാരിന്റെ വിഴിഞ്ഞത്ത് കടൽക്കരയിൽ ഒരു വിശുദ്ധ തറക്കല്ലുണ്ട്. 2006 സെപ്തംബർ 18ന്, വിഴിഞ്ഞം പദ്ധതിക്ക് അനുമതി നേടിയെടുക്കാൻ ശ്രമിക്കുമെന്ന് അന്ന് എൽഡിഎഫ് സർക്കാരിൽ തുറമുഖ മന്ത്രിയായിരുന്ന എം വിജയകുമാർ നിയമസഭയിൽ പറയുന്നു. 2009 നവംബർ 13 ന് വി എസ് അച്യുതാനന്ദൻ സർക്കാർ വിഴിഞ്ഞം പദ്ധതി പഠനത്തിനായി ഐഎഫ്‌സിയെ നിയമിക്കുന്നു. 2012 ഒക്ടോബറിൽ വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടി സർക്കാർ അട്ടിമറിക്കുന്നതിനെതിരെ ഉള്ള പ്രക്ഷോഭം കോടിയേരി ഉദ്ഘാടനം ചെയ്യുന്നു. അടുത്തവർഷം ഏപ്രിലിൽ വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്നതിനെതിരെ എൽഡിഎഫ് പ്രക്ഷോഭം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് മനുഷ്യചങ്ങല.
എൽഡിഎഫ് കനത്ത പ്രക്ഷോഭം ഉയർത്തിയതോടെ 2009 ൽ വിഎസ് സർക്കാർ ഐഎഫ്‌സിയെ പഠനത്തിന് ചുമതലപ്പെടുത്തിയ പദ്ധതി ആറുവർഷം ഉമ്മൻചാണ്ടി അടയിരുന്നശേഷം ധൃതിപ്പെട്ട് 2015 പകുതിയോടെ ടെൻഡർ വിളിച്ച് അദാനിയെ ഏൽപ്പിക്കുന്നു. അദാനിയുമായുള്ള കരാറിൽ അഴിമതി ഉണ്ട്, പക്ഷെ തങ്ങൾ അധികാരത്തിൽ വന്നാലും കരാറിൽ നിന്നു മാറില്ല, കാരണം പദ്ധതി വൈകുന്നത് സംസ്ഥാനത്തിന് ഗുണകരമല്ല എന്ന നിലപാട് പിണറായി വിജയൻ പ്രഖ്യാപിക്കുന്നു. അന്ന് കേന്ദ്രത്തെയടക്കം ഉപയോഗപ്പെടുത്തി പദ്ധതിക്ക് തുരങ്കം വെച്ച വിശുദ്ധനേതാവ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് ഒരു മാസം മുമ്പേ കേരളമാകെ കല്ലിട്ട കൂട്ടത്തിൽ 2015 ഡിസംബർ അഞ്ചിന് വിഴിഞ്ഞത്തും ഒരു കല്ലിട്ടു. സംഗതി അവിടെ തീർന്നു. അല്ലാതെ പുണ്യാളന്റെ പേരിടാൻ മാത്രം തറക്കല്ല് പോലും അവിടെ ഉറച്ചുനിന്നില്ല.
യുഡിഎഫ് സർക്കാർ അങ്ങനെയാണ്. എവിടെയെങ്കിലും ഒഴിഞ്ഞ സ്ഥലം കണ്ടാലുടൻ അവിടെ കല്ലിടും. എന്നിട്ട് പറയും ഇത് ഞങ്ങടെ ചാണ്ടി സെർ ഇട്ട കല്ലാണെന്ന്. അങ്ങനെ കല്ലിട്ട്, കല്ലിട്ട് കണ്ണൂർ വിമാനത്താവളം ഉണ്ടാക്കി, കല്ലും സിമന്റും ഒന്നുമില്ലാതെ പാലാരിവട്ടം പാലം ഉണ്ടാക്കി, ഒടുക്കം ദേ വിഴിഞ്ഞം തുറമുഖം വരെയും. ഇടക്ക് അഴീക്കല്‍ തുറമുഖ പദ്ധതി എന്നൊന്തോ പറഞ്ഞിട്ടുണ്ട് സുധാരേട്ടൻ. ഇതാണ് യഥാർത്ഥ സെമി കേഡറിസം. വിമോചനസമരത്തിന് കോപ്പുകൂട്ടും, പിന്നെ ജീവൻ കൊടുക്കാൻ റെഡിയാകും, വസ്തുത മറച്ചുവെക്കും, സംഗതി നടന്നുകഴിയുമ്പോ ഞങ്ങടെ ചാണ്ടീ സെർ എന്നും പറയും. ചിരിപ്പിക്കാൻ ഓരോരോ കാരണങ്ങൾ എന്നല്ലാതെ എന്തുപറയാൻ.
English Summary: LDF and the CPI-M have always stood for Vizhinjam.