ഇസ്രയേലിന്റെ മുന്നറിയിപ്പ്; ഉത്തരവ് നടപ്പാക്കൽ അസാധ്യം: യുഎന്‍

ഉത്തരവ് നടപ്പാക്കുന്നത് കടുത്ത മാനുഷിക പ്രത്യാഘാതത്തിന് വഴിവെക്കുമെന്നും യുഎന്‍ വക്താവ്.

0
266

ഗാസ: വടക്കന്‍ ഗാസയിലുള്ള 11 ലക്ഷം പലസ്തീനികളെ 24 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കണമെന്ന ഇസ്രയേലി സൈന്യത്തിന്റെ ആവശ്യം നിലവിലെ സാഹചര്യത്തെ അത്യന്തം വിനാശകരമായ അവസ്ഥയിലേക്ക് നയിക്കുമെന്ന് യുഎന്‍ വക്താവ്. ഗാസയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 1.1 മില്യണ്‍ ആളുകളെ ബാധിക്കുന്നതാണ് ഈ നിർദേശം. ഉത്തരവ് റദ്ദാക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളില്ലാതെ ഇത്തരമൊരു നീക്കം നടത്തുന്നത് അസാധ്യമാണെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് വ്യക്തമാക്കി. എല്ലാ യുഎന്‍ ജീവനക്കാര്‍ക്കും, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവയുള്‍പ്പെടെ യുഎന്‍ സൗകര്യങ്ങളില്‍ അഭയം പ്രാപിക്കുന്നവര്‍ക്കും ഉത്തരവ് ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും വലിയ ജനവാസ കേന്ദ്രമായ ഗാസ സിറ്റിയും ജബലിയ അഭയാര്‍ത്ഥി ക്യാമ്പും ബെയ്ത് ലാഹിയ, ബെയ്ത് ഹനൂന്‍ പ്രദേശങ്ങളും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗാസയിലെ സ്ഥിതി​ഗതികൾ രൂക്ഷമായി തുടരുകയാണ്. 50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്ന് യുഎന്‍ ഭക്ഷ്യ സംഘടന അറിയിച്ചു. ഈജിപ്റ്റില്‍ നിന്നും ഗാസയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇസ്രയേല്‍ തടഞ്ഞിട്ടുണ്ട്. ടെല്‍ അവീവില്‍ വെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ആന്റണി ബ്ലിങ്കണ്‍, സാധാരണ ജനങ്ങള്‍ കൊല്ലപ്പെടാതിരിക്കാന്‍ പരമാവധി കരുതല്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു.

അതേസമയം 34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. ഇരുഭാ​ഗങ്ങളിലുമായി ഏകദേശം മൂവായിരത്തോളം പേർ കൊല്ലപ്പെട്ടു. ആയിരങ്ങൾക്ക് പരുക്കേറ്റു. ​ഗാസയിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നുവീണത്. യുദ്ധം ഇത്രയും ദിവസങ്ങൾ പിന്നിടുമ്പോൾ സമാധാന ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടില്ല. കുടിവെള്ളം, വൈദ്യുതി, മെഡിക്കല്‍ സഹായങ്ങള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്രദേശത്തു നിന്നും ജനങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുകയാണ്.
ഇസ്രയേൽ – ഹമാസ് സംഘർഷത്തിന്റെ ഫലമായി ഗാസ മുനമ്പിൽ സമാനതകളില്ലാത്ത ആക്രമണം നടത്തി ഇസ്രയേൽ സൈന്യം. ഗാസയ്ക്ക് മുകളിൽ ആറായിരത്തിലധികം ബോംബുകൾ ഇതിനോടകം വർഷിച്ചെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 3600 ൽ അധികം ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ പ്രതികരണം.

ഏകദേശം നാലായിരം ടൺ വരുന്ന സ്ഫോടക വസ്തുക്കളാണ് ഇസ്രയേൽ ഗാസയ്ക്ക് മുകളിൽ വർഷിച്ചത്. ഇസ്രയേലിന് നേരെ ഹമാസ് ആക്രമണം നടത്തിയ ഒക്ടോബർ ഏഴ് മുതൽ 12 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇസ്രയേൽ സൈനിക നടപടിയിൽ ഗാസയിൽ മാത്രം 1400 ൽ കൂടുതൽ പേർ മരിച്ചതായാണ് കണക്കുകൾ. ആറായിരത്തിൽ അധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.

കരളലിയിക്കുന്ന ദൃശ്യങ്ങളാണ് ഗാസയിൽ നിന്ന് പുറത്തുവരുന്നത്. പുനർനിർമാണം പോലും സാധ്യമല്ലാത്ത നിലയിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തകർന്ന കെട്ടിടങ്ങളും, വാഹനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഗാസയുടെ തെരുവുകൾ. വടക്കന്‍ ഗാസയില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ ഒരു ദശലക്ഷത്തിലേറെ ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ കഴിയില്ലെന്ന് ഗാസ സിറ്റിയിലെ പലസ്തീന്‍ റെഡ് ക്രസന്റ് വക്താവ് നെബല്‍ ഫര്‍സാഖ് പറയുന്നു. ആളുകള്‍ക്ക് പോകാന്‍ സ്ഥലമില്ല. പ്രദേശത്തുടനീളം ബോംബാക്രമണം നടക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളും റോഡുകളും തകര്‍ന്ന് കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആളുകളോട് മറ്റൊരു പ്രദേശത്തേക്ക് സ്വയം ഒഴിയാന്‍ ആവശ്യപ്പെടുന്നതെന്നും ഫര്‍ഖാസ് പറഞ്ഞു.

അതേസമയം, പലസ്തീനികളെ ഗാസയില്‍ നിന്ന് ഈജിപ്തിലേക്ക് മാറ്റാനുള്ള ഇസ്രയേലിന്റെ ശ്രമമാണ് ഈ നീക്കമെന്ന് ഈജിപ്ഷ്യന്‍ എംപി മുസ്തഫ ബക്രി എക്‌സില്‍ കുറിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഇതുവഴി ഫലസ്തീന്‍ പ്രശ്‌നം പൂര്‍ണ്ണമായും ഇല്ലാതാക്കപ്പെടും, ഈജിപ്ത് ഒരിക്കലും ഈ പദ്ധതിയുടെ ഭാഗമാകില്ല, പലസ്തീനികള്‍ അവരുടെ ഭൂമി വിട്ടുപോകില്ല, എന്ത് ത്യാഗം സഹിച്ചാലും അവര്‍ ഉറച്ചുനില്‍ക്കും’; മുസ്തഫ ബക്രി എക്‌സില്‍ കുറിച്ചു.