സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണവും കന്നഡ ഏഷ്യാനെറ്റിന്റെ വ്യാജവാർത്തയും; ലുലു മാൾ മാനേജർക്ക് ജോലി പോയി

തീവ്ര ഹിന്ദുത്വവാദികളുടെ നേതാവായ പ്രതീഷ് വിശ്വനാഥനാണ് ആദ്യം വ്യാജ പ്രചാരണത്തിന് തുടക്കമിട്ടത്.

0
230

കൊച്ചി: ലുലു മാളിലെ പാകിസ്ഥാന്റെ കൊടി ഇന്ത്യയുടേതിനേക്കാൾ വലുതാണെന്ന വ്യാജ വാർത്തക്ക് പിന്നാലെ മാർക്കറ്റിങ് മാനേജരുടെ ജോലി നഷ്ടപ്പെട്ടു. പത്തു വർഷത്തിലേറെയായി ലുലുവിന്റെ ബ്രാൻഡ് റെക്കഗ്നീഷൻ സംബന്ധമായ കാര്യങ്ങൾ നോക്കിയിരുന്ന ആതിര നമ്പ്യാതിരിയുടെ ജോലിയാണ് തീവ്ര ഹിന്ദുത്വവാദികളുടെ വ്യാജപ്രചാരണവും കന്നഡ ഏഷ്യാനെറ്റിന്റെ വ്യാജവാർത്തയും കാരണം നഷ്ടമായത്. ആതിര നമ്പ്യാതിരി തന്നെയാണ് ഇക്കാര്യം തന്‍റെ ലിങ്ക്ഡ് ഇന്നിലൂടെ അറിയിച്ചത്.

ഒരു പതിറ്റാണ്ട് മുഴുവൻ സ്ഥാപനത്തിനായി ജോലി ചെയ്ത തനിക്ക് വ്യാജപ്രചരണങ്ങള്‍ കാരണം ജോലി നഷ്ടപ്പെട്ടെന്നും ഇന്ത്യക്കാരിയാണെന്നതിൽ അഭിമാനിക്കുന്ന ആളാണ് താനെന്നും ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയിൽ തന്റെ രാജ്യത്തോട് അഗാധമായ സ്നേഹം പുലർത്തുന്നുണ്ടെന്നും ആതിര തന്‍റെ പോസ്റ്റിൽ പറയുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ നിന്നും വ്യക്തികളുടെ ജീവിതവും ജോലിയും ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും എല്ലാവരോടും അഭ്യര്ഥിക്കുന്നതായും അവർ പോസ്റ്റിൽ പറഞ്ഞു. തനിക്ക് ഉണ്ടായത് ഒരു നഷ്ടമാണെന്നും പക്ഷേ ഈ വെറുപ്പ് ആരെയും ബാധിക്കരുതെന്നും പറഞ്ഞാണ് ആതിര തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഏകദിന ലോകകപ്പ് പ്രമാണിച്ച് ടൂർണമെൻറിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ കൊടികൾ മാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ ഉയരത്തിൽ വെച്ചതിനാൽ ചിലത് വലുതും ചെറുതുമായാണ് ചിത്രങ്ങളിൽ കാണുന്നത്. എന്നാൽ യഥാർത്ഥത്തിൽ അവയെല്ലാം ഒരേ വലുപ്പമുള്ളവയാണ്. ഫോട്ടോയുടെ ആംഗിളിന് അനുസരിച്ച് ഇവയുടെ വലുപ്പത്തിൽ തോന്നുന്ന വ്യത്യാസം തീവ്ര ഹിന്ദുത്വവാദികൾ ദുരുപയോഗിക്കുകയായിരുന്നു. തീവ്ര ഹിന്ദുത്വവാദികളുടെ നേതാവായ പ്രതീഷ് വിശ്വനാഥനാണ് ആദ്യം വ്യാജ പ്രചാരണത്തിന് തുടക്കമിട്ടത്. ‘ഇന്ത്യൻ പതാകയ്ക്ക് മുകളിൽ പാകിസ്ഥാൻ പതാക വലിപ്പം കൂട്ടി ലുലു മാളിൽ കെട്ടിയിട്ടുണ്ടെങ്കിൽ അത് മുതലാളിയുടെ നിർദ്ദേശപ്രകാരമാണോ? എം എ യൂസഫലി മറുപടി പറയണം എന്നായിരുന്നു പ്രതീഷ് വിശ്വനാഥന്റെ കുറിപ്പ്.

‘ഒരു പഞ്ചർവാലയാകട്ടെ ശതകോടീശ്വരനാകട്ടെ അവരുടെ മധ്യകാലഘട്ട വിശ്വസമാണ് പ്രധാനം… എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ലുലു മാളിൽ നിന്നുള്ളതാണ് ഈ ഫോട്ടോ.. അവർ ഇന്ത്യൻ പതാകയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്’ എന്നുമുള്ള വ്യാജവിവരം പ്രതീഷ് വിശ്വനാഥൻ എക്‌സിൽ പങ്കുവെച്ചു. പിന്നാലെ സംഘപരിവാർ കേന്ദ്രങ്ങൾ ഇത് ഏറ്റെടുത്തു. ഇതിന്റെ വസ്തുതയൊന്നും തുറക്കാതെ ഏഷ്യാനെറ്റിന്റെ കന്നഡ വിഭാഗമായ സുവർണ ന്യൂസ് ഇത് വലിയ വാർത്തയാക്കി. അബദ്ധം തിരിച്ചറിഞ്ഞതോടെ ഏഷ്യാനെറ്റ് മലയാളം ന്യൂസ് വാർത്തയിൽ ഖേദം പ്രകടിപ്പിച്ചു. പക്ഷെ സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണത്തിൽ ഒടുവിൽ ബലിയാടായത് ആതിര നമ്പ്യാതിരി എന്ന ജീവനക്കാരി ആയിരുന്നു. ലുലു ഗ്രൂപ്പിനൊപ്പം 2014 മുതൽ ജോലി ചെയ്യുകയായിരുന്നു ആതിര.

ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ആവേശം ഉൾക്കൊണ്ട് ലുലു മാളില്‍ ഒരുക്കിയ അലങ്കാരത്തിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടന്നത്. ഇന്ത്യയുടെ ദേശീയപതാകയേക്കാള്‍ ഉയരത്തില്‍ പാകിസ്ഥാന്‍ പതാക പ്രദര്‍ശിപ്പിച്ചെന്നായിരുന്നു വ്യാജപ്രചാരണം.

ക്രിക്കറ്റ് ലോകകപ്പിൽ മത്സരിക്കുന്ന എല്ലാ ടീമുകളുടെയും പതാകകള്‍ മാളിൽ സ്ഥാപിച്ചിരുന്നു. ഇതിനൊപ്പമായിരുന്നു ഇന്ത്യയുടെയും പാകിസ്ഥാന്റെയും പതാകകളുണ്ടായിരുന്നത്. എല്ലാ രാജ്യങ്ങളുടെയും പതാക ഒരേ ഉയരത്തിലാണ് സ്ഥാപിച്ചതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പിന്നീട് പുറത്തു വന്നിരുന്നു.

മാളിന്റെ മധ്യഭാഗത്ത് മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് ഒരേ അളവിലാണ് വിവിധ രാജ്യങ്ങളുടെ പതാകകള്‍ തൂക്കിയിരുന്നത്. പതാകകളുടെ ചിത്രം മുകളിലത്തെ നിലയില്‍ നിന്ന് പകര്‍ത്തുമ്പോഴും, പാതകയുടെ വശത്തു നിന്നു ഫോട്ടോ എടുക്കുമ്പോഴും അതത് വശത്തുള്ള പതാകകള്‍ക്ക് കൂടുതല്‍ വലുപ്പം തോന്നുമെന്നും എന്നാല്‍ താഴെ നിന്ന് ചിത്രം പകര്‍ത്തുമ്പോള്‍ എല്ലാം തുല്യ അളവിലാണെന്ന് മനസിലാകുമെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ലുലു മാളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പതാകകള്‍ എടുത്തുമാറ്റുകയും ചെയ്തിരുന്നു.

English Summary: Hate propaganda by Sangh Parivar.