ചലച്ചിത്ര നിർമ്മാതാവ് പി വി ​ഗം​ഗാധരൻ അന്തരിച്ചു

അങ്ങാടി, വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടി, അച്ചുവിന്റെ അമ്മ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്.

0
145

കോഴിക്കോട്: മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകളുടെ നിർമാതാവ് പി വി ​ഗം​ഗാധരൻ അന്തരിച്ചു. 80 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വ്യവസായി പരേതനായ പി വി സാമിയുടെയും മാധവിസാമിയുടെയും രണ്ടാമത്തെ മകനാണ് പി വി ഗംഗാധരന്‍. മാതൃഭൂമി, കെ ടി സി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ഡയറക്ടര്‍ കൂടിയായിരുന്നു. പി വി ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവരാണ് മക്കൾ.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെ ബാനറിൽ നിരവധി ചിത്രങ്ങൾ അ​ദ്ദേഹം നിർമ്മിച്ചു. അങ്ങാടി, അഹിംസ തുടങ്ങിയ ഐ വി ശശി സിനിമകളുടെ നിർമ്മാതാവാണ്. വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടി, അച്ചുവിന്റെ അമ്മ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചു. ഗംഗാധരന്റെ നേതൃത്വത്തിലുള്ള ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ ഇരുപതിലേറെ മലയാളചലച്ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. സുജാത, മനസാ വാചാ കര്‍മ്മണാ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, ഇത്തിരി പൂവേ ചുവന്ന പൂവേ, ഒഴിവുകാലം, വാര്‍ത്ത, എന്നും നന്മകള്‍, അദ്വൈതം, ഏകലവ്യന്‍, തൂവല്‍ക്കൊട്ടാരം, കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, യെസ് യുവര്‍ ഓണര്‍ തുടങ്ങിയ സിനിമകളുടെയും നിർമ്മാതാവാണ്.

മികച്ച സിനിമകളുടെ നിർമ്മാതാവെന്ന നിലയിൽ പി വി ​ഗം​ഗാധരൻ ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കി. 2000 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ശാന്തം നിർമ്മിച്ചത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആയിരുന്നു. 2011 ൽ കോഴിക്കോട് നോർത്തിൽ നിന്ന് നിയമ സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. നിർമാതാക്കളുടെ സംഘടനയായ ഫിയാഫിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു പി വി ഗംഗാധരൻ. കെ എസ് യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നിലവിൽ എഐസിസി അം​ഗമാണ്.

മുഖ്യമന്ത്രി അനുശോചിച്ചു

പി വി ഗംഗാധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ചലച്ചിത്രരംഗം, മാധ്യമ രംഗം, വ്യവസായം തുടങ്ങി സാമൂഹ്യ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പതിറ്റാണ്ടുകളായി ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു പി വി ഗംഗാധരന്‍ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

പിവിജിയുടെ വേർപാട് വേദനാജനകം: മന്ത്രി പി എ മുഹമ്മദ് റിയാസ്

പി വി ഗംഗാധരന്റെ വേർപാടിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചനം രേഖപ്പെടുത്തി. വലിയ വേദന ഉണ്ടാക്കുന്നതാണ് പിവിജി യുടെ വേർപാട് എന്ന് മന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു. കോഴിക്കോടിന്റെ എന്ത് ആവശ്യങ്ങൾക്കും അദ്ദേഹം മുൻപന്തിയിൽ നിന്നിരുന്നു. വളരെ ചെറുപ്പം മുതൽ വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു.

English Summary: Film producer PV Gangadharan passed away.