പരിസ്ഥിതി പ്രവർത്തകൻ ടി ശോഭീന്ദ്രന്‍ അന്തരിച്ചു

കേരള സർക്കാരിന്റെ വനമിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്.

0
192

കോഴിക്കോട്: പ്രശസ്‌ത പരിസ്ഥിതി പ്രവർത്തകനും ഗുരുവായൂരപ്പൻ കോളേജ് മുൻ അധ്യാപകനുമായിരുന്ന ടി ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട് കക്കോടിയിൽ പരേതരായ തൈലപ്പറമ്പത്ത് നാരായണന്റേയും അംബുജാക്ഷിയുടേയും മകനായാണ് ജനനം. ചേളന്നൂർ ഗവ. എൽപി സ്‌കൂളിലെ പ്രാഥമിക പ‍‍ഠനത്തിന് ശേഷം മലബാർ ക്രിസ്‌ത്യൻ കോളേജിലും സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലും ഉന്നത വിദ്യാഭ്യാസം നേടി. 2002ൽ ഗുരുവായൂരപ്പൻ കോളേജിൽനിന്ന് ഇക്കണോമിക്‌സ് വിഭാഗം മേധാവിയായി വിരമിച്ചു. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ച ‘വിപ്ലവം’ ദിനപത്രത്തിൽ സബ് എ‍‍ഡിറ്ററായും ഇടക്കാലത്ത്‌ ജോലിനോക്കി. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗം, കാവ്‌ സംരക്ഷണ വിദഗ്ധ സമിതി അംഗം, പ്രകൃതി സംരക്ഷണ ഏകോപന സമിതി കോ ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോ ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഇന്ദിരാ പ്രിയദർശിനി ദേശീയ വ‍ൃക്ഷമിത്ര അവാർഡ്, കേരള സർക്കാരിന്റെ വനമിത്ര അവാർഡ്, മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ, സോഷ്യൽ സർവീസ് എക്‌സലൻസ് അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: റിട്ട. പ്രൊഫസർ എം സി പത്മജ (ശ്രീനാരായണഗുരു കോളേജ്, ചേളന്നൂർ). മക്കൾ: ബോധികൃഷ്‌ണ (അസി. പ്രൊഫസർ ഫാറൂഖ് കോളേജ്), ധ്യാൻദേവ് (ഐസിഐസി പ്ര‍‍ുഡൻഷ്യൽ). മരുമക്കൾ: ഡോ. ദീപേഷ് കരിസുങ്കര (അസി.പ്രൊഫസർ ശ്രീനാരായണഗുരു കോളേജ്, ചേളന്നൂർ), റിങ്കു പ്രിയ. സംസ്‌കാരം വെള്ളി വൈകിട്ട് നാലിന് മാവൂർ റോ‍ഡ് ശ്‌മശാനത്തിൽ.

English Summary: Environmental activist T Sobhindran passed away.