ന്യൂസ്ക്ലിക്കിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി; പുരകായസ്തയും അമിത് ചക്രവര്‍ത്തിയും കസ്റ്റഡിയിൽ തുടരും

തങ്ങൾക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല.

0
192

ന്യൂഡൽഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകയസ്‌തയെയും ഹ്യൂമൻ റിസോഴ്‌സ് (എച്ച്ആർ) മേധാവി അമിത് ചക്രവർത്തിയെയും ഏഴു ദിവസത്തേക്ക് ഡൽഹി പൊലീസ് കസ്റ്റഡിയിൽ വിട്ട വിചാരണ കോടതി ഉത്തരവ് ഡൽഹി ഹൈക്കോടതി വെള്ളിയാഴ്‌ച ശരിവച്ചു. റിമാൻഡ് ഉത്തരവ് ചോദ്യം ചെയ്‌ത് പുർകയസ്‌തയും ചക്രവർത്തിയും സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് തുഷാർ റാവു ഗെഡേല തള്ളി. ഹര്‍ജികള്‍ നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് തുഷാര്‍ റാവു ഗഡേലയുടെ ഉത്തരവ്. ഹര്‍ജിയില്‍ ഇടപെടാന്‍ മതിയായ കാരണങ്ങളില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്. ഒക്ടോബര്‍ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രബീര്‍ പുരകായസ്തയും അമിത് ചക്രവര്‍ത്തിയും.

അറസ്റ്റിനുള്ള കാരണം രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് പ്രബീറിൻ്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും കോടതി ഹ‍ർജി തള്ളുകയായിരുന്നു. എംത്രീഎം കേസിലെ വിധി ന്യൂസ് ക്ലിക് കേസിലെ അറസ്റ്റില്‍ ബാധകമല്ലെന്നുമായിരുന്നു ഡല്‍ഹി പൊലീസിന്റെ വാദം. തങ്ങൾക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജി കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. ഒക്ടോബർ നാലിന് പുലർച്ചെയാണ് ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

English Summary: NewsClick case; Delhi HC dismisses plea by portal founder Prabir Purkayastha.