വിഴിഞ്ഞം തുറമുഖം; കെ സുധാകരനും വി ഡി സതീശനും അങ്ങോട്ട് മാറിനിന്നാട്ടെ, കൂട്ടത്തിൽ മാധ്യമങ്ങളും

ഏഴ്‌ വർഷമായി കേരളം ഭരിക്കുന്ന പിണറായി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണ് വിഴിഞ്ഞം തുറമുഖം.

0
824

‘വേണ്ടി വന്നാൽ വിമോചനസമരം, കോൺഗ്രസ് വിഴിഞ്ഞത്തെ സമരക്കാർക്കൊപ്പം- കെ സുധാകരൻ’, ‘വിഴിഞ്ഞം സമരം തകർക്കാൻ അദാനിയും മുഖ്യമന്ത്രിയും തമ്മിൽ ഗൂഢാലോചന നടത്തി, ജീവൻ കൊടുത്തും സമരക്കാർക്ക്‌ ഒപ്പം നിൽക്കും- പ്രതിപക്ഷനേതാവ് വി ഡി സതീശൻ’. ഓർമ്മയുണ്ടോ ഈ തലക്കെട്ടുകളൊക്കെ. പിന്നാലെ കേരളത്തിലെ ‘മുക്കിയധാര’ മാധ്യമങ്ങൾ ആഘോഷിച്ച, വിടാതെ കൊണ്ടുനടന്ന തലക്കെട്ടുകൾ. വിഴിഞ്ഞത്തെ സർക്കാരിന്റെ അഭിമാനപദ്ധതി തകർക്കാൻ കേരളത്തിലെ മാധ്യമങ്ങളും പ്രതിപക്ഷവും പ്രത്യേകിച്ച് വി ഡി സതീശനും കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടും നടക്കാതെ പോയ പ്ലാനുകൾ. ഒടുവിൽ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാവുകയാണ്. വൻകിട പശ്ചാത്തല വികസന പദ്ധതിയെന്ന പ്രത്യേകതയും പ്രാധാന്യവും വിഴിഞ്ഞത്തിനുണ്ട്. കേരളത്തിലെ എല്ലാ കുത്തിത്തിരിപ്പുകാരുടെയും എല്ലാ തടസങ്ങളും മറികടന്ന് തുറമുഖം യാഥാർത്ഥ്യമാവുകയാണ്.

ദക്ഷിണേന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ സമ്പദ്ഘടനയിൽ വലിയ സ്വാധീനം ചെലുത്താൻ പോന്ന വിഴിഞ്ഞം പദ്ധതിയെ തുരങ്കം വെച്ച് ഇല്ലാതാക്കാനാണ് പ്രതിപക്ഷവും ഒരു വിഭാഗം ആളുകളും ശ്രമിച്ചത്. കെ സുധാകരനും വി ഡി സതീശനുമൊക്കെ എത്രമാത്രം വികസന വിരുദ്ധരാണ് എന്നതിന്റെ തെളിവായിരുന്നു വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട അവരുടെ ഓരോ പ്രതികരണവും. ഒടുക്കം വിമോചന സമരവുമില്ല, ജീവൻ കൊടുക്കാൻ വി ഡി സതീശൻ ഒട്ട് എത്തിയതുമില്ല. സതീശന്റെ വക പരിസ്ഥിതി ആഘാത പഠനക്ലാസ്, കടലിലെ തിര ഉയർന്നുപൊങ്ങുന്നതിലെ അസ്വാഭാവികത, ലൂസായ മണലിൽ കപ്പൽ എങ്ങനെ അടുക്കുമെന്ന ചോദ്യം, പിന്നാലെ സുധാകരന്റെയും സുരേന്ദ്രന്റെയും വക വേറെയും ചില ചോദ്യങ്ങൾ. ഏതെല്ലാം തരത്തിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ പറ്റുമോ അതിന്റെ പരാമവധി കുത്തിത്തിരിപ്പുണ്ടാക്കാൻ ’13 വർഷം പഴക്കമുള്ള ക്യാമറയുമായി’ രംഗത്തുവന്ന മീഡിയവൺ, ഒരേ കേന്ദ്രത്തിൽ നിന്നുള്ള ഒരേ സ്ക്രിപ്റ്റുമായി മനോരമയും ഏഷ്യാനെറ്റും മാതൃഭൂമിയും ജനവും 24 ഉം ഒക്കെ ആഞ്ഞുപിടിച്ച നാളുകൾ.

തുറമുഖ നഗരമെന്ന എന്ന നിലയിൽ തിരുവനന്തപുരത്തെ പുനർനിർമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന ആദ്യ കപ്പലിന് തുറമുഖം ഒക്ടോബര്‍ 15ന് മുഖ്യമന്ത്രി വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കാൻ പോകുന്നു. രാഷ്ട്രീയ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമുള്ള ഒരു സർക്കാർ മുന്നോട്ടുപോയതോടെ കേരളത്തെ ലോകത്തിനുമുന്നിൽ വീണ്ടും അടയാളപ്പെടുത്തുന്ന പദ്ധതിയാണ് യാഥാർഥ്യമാകുന്നത്. പദ്ധതി നാടിനാകെ ഗുണം ചെയ്യുന്ന ഒന്നാണെന്നും പ്രദേശത്തെ മത്സ്യതൊ‍ഴിലാളികള്‍ക്ക് ഒരു തരത്തിലും നഷ്ടങ്ങള്‍ സംഭവിക്കില്ലെന്നും അറിയാമായിരുന്നിട്ടും കോണ്‍ഗ്രസും പ്രതിപക്ഷവും ഇടതുപക്ഷ സർക്കാരിനെതിരെ സമരം ഉണ്ടാക്കിയെടുത്തു. സംസ്ഥാനത്തിന് ഉണ്ടാകുന്ന നേട്ടങ്ങളെക്കാളും വികസനത്തെക്കാളും പ്രതിപക്ഷത്തിന് താല്പര്യം സര്‍ക്കാരിനെ ഉപദ്രവിക്കുക എന്നതായിരുന്നു. അതിനായി വി‍ഴിഞ്ഞം പദ്ധതി നിലച്ചാലും സാരമില്ല എന്ന നിലപാടും കൈക്കൊണ്ടു. തുടർന്ന് ആസൂത്രിതമായി പദ്ധതിക്കെതിരെയും സർക്കാരിനെതിരെയും വ്യാജവാർത്തകളുടെ പടപ്പായിരുന്നു. പദ്ധതിക്കെതിരായ അജണ്ടയില്‍ ചില മാധ്യമങ്ങളും സജീവ പങ്കാളിത്തം വഹിച്ചു. പദ്ധതി ഉപേക്ഷിക്കേണ്ടിവരുമെന്നും സമരം തുടര്‍ന്നാല്‍ ഇടതുപക്ഷത്തിന് തിരിച്ചടിയാകമെന്നുമൊക്കെ പ്രചാരണങ്ങള്‍ നടന്നു. ചില മഞ്ഞ ഓൺലൈൻ സംഘങ്ങൾ പഠനറിപ്പോർട്ട് വരെ സ്വന്തമായി ഉണ്ടാക്കി പറഞ്ഞ് വിയർത്തു.

വിഴിഞ്ഞത്തെ മുൻനിർത്തി ഒരു രണ്ടാം വിമോചനസമരം ആയിരുന്നു പ്രതിപക്ഷത്തിന്റെ ആഗ്രഹം. നിരവധി അക്രമങ്ങൾ, ഭീഷണികൾ, മതം നോക്കി മന്ത്രിമാരെ അധിക്ഷേപിക്കൽ.. അങ്ങനെ എന്തൊക്കെ ആയിരുന്നു മനോരമയുടെ കാർമികത്വത്തിൽ കേരളത്തിലെ ഒരു സംഘം മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്തത്. ഒന്നിനുപിറകെ ഒന്നായി ഓരോ ദിവസവും അജണ്ട ഉണ്ടാക്കി പദ്ധതിയെ തകർക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ. വായിൽ കൂടി വയറിളക്കുന്ന ഷാജൻ മുതൽ സോയി വരെ പലരും പലതും മെനഞ്ഞു. ‘കേന്ദ്രം പിടിച്ചു, അടിമുടി വിറച്ചു’, ‘ഇനി പുറത്തേക്ക്’, ‘കസേര ആടിയുലയുന്നു, സർക്കാരിൽ കൂട്ടക്കരച്ചിൽ’ എന്നൊക്കെ ആയിരുന്നു ഇവരുടെ ആത്മരതിയടയൽ. എന്നിട്ടിപ്പോ എന്തായി എന്നുചോദിച്ചാൽ ‘വിഴിഞ്ഞത്തെത്തിയ കപ്പലിലെ ചൈനീസ് ജീവനക്കാർക്ക് പുറത്തിറങ്ങാനാവില്ല’ എന്ന പുതിയ തലക്കെട്ട് കൊടുത്ത് ഏഷ്യാനെറ്റ് വ്യാഴാഴ്ച നിർവൃതിയടഞ്ഞപോലെ നിർവൃതിയടയാം എന്നല്ലാതെ മറ്റൊരു ഗുണവും ഉണ്ടാകില്ല എന്നുറപ്പ്.

ഇപ്പൊ മെല്ലെ ഇതേ മാധ്യമങ്ങൾ എവിടെനിന്നോ വിശുദ്ധന്റെ ഒരു തറക്കല്ലും പൊക്കിപ്പിടിച്ച് വന്നിട്ടുണ്ട്. എന്നിട്ട് ഒരു ചളിപ്പും ഇല്ലാതെ പറയുകയാണ്, വിഴിഞ്ഞത്തിന് തറക്കല്ലിട്ടത് യുഡിഎഫ് ആണെന്ന്. ആദ്യം ഈ പദ്ധതിക്ക് തുരങ്കം വെച്ച അതേ നേതാവ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന്‌ ഒരു മാസം മുമ്പേ കേരളമാകെ കല്ലിട്ട കൂട്ടത്തിൽ 2015 ഡിസംബർ അഞ്ചിന്‌ വിഴിഞ്ഞത്തും ഒരു കല്ലിട്ടു. അവിടെ തീർന്നു. അതിനുശേഷം എങ്ങനെയൊക്കെ പദ്ധതിക്ക് തുരങ്കം വെക്കാമോ അതിന്റെ പരമാവധി തുരങ്കം വെപ്പായിരുന്നു യു ഡി എഫിന്റെ പ്രധാന പണി. അതിനായി ചില പാതിരിമാരെയും മാധ്യമങ്ങളെയും കൂട്ടി കലാപം വരെ ഉണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ ‘വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തി വെയ്ക്കുന്നതൊഴികെ വേറെന്തും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്’ എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യത്തിന്‍റെ തെളിവായി വിഴിഞ്ഞം തുറമുഖം തലയുയർത്തി നിൽക്കുന്നത്.

ഇപ്പോ‍ഴിതാ മുഖ്യമന്ത്രി പറഞ്ഞതുപോലെ പദ്ധതി യാഥാര്‍ത്ഥ്യമായി. ഇന്നിപ്പോ 7700 കോടി രൂപ പദ്ധതി ചെലവിൽ 4600 കോടി രൂപയും സംസ്ഥാന സർക്കാർ മുടക്കി വിഴിഞ്ഞം വികസനത്തിന്റെ പുതിയ കപ്പലേറുകയാണ്. സെൻഹുവ 15 എന്ന കപ്പലാണ് ചരക്കുമായി വി‍ഴിഞ്ഞം പുറംകടലില്‍ എത്തിയിരിക്കുന്നത്. ലോകത്തിലെ വലിയ ചരക്കുകപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ ക‍ഴിയുന്ന ഇന്ത്യയിലെ ഏക തുറമുഖമാണ് നമ്മുടെ കേരളത്തിലെ വി‍ഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട്. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്ന് 11 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ, 20 മീറ്റര്‍ സ്വാഭാവിക ആ‍ഴം, 400 മീറ്റര്‍ നീളമുള്ള അഞ്ച് ബര്‍ത്തുകള്‍, മൂന്ന് കിലോമീറ്റര്‍ നീളമുള്ള പുലിമുട്ട് എന്നിവയാണ് വി‍ഴിഞ്ഞം ഇന്‍റനാഷണല്‍ സീപോര്‍ട്ടിന്‍റെ പ്രത്യേകതകള്‍.

രാജ്യത്തെ ആദ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് പോർട്ട്, അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവുമടുത്തു നിൽക്കുന്ന പോർട്ട് തുടങ്ങി നിരവധി സവിശേഷതകൾ വിഴിഞ്ഞം തുറമുഖത്തിനുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്കുഗതാഗത പാതയോട് ചേര്‍ന്നുള്ള വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാവുന്നതോടെ പ്രതിവർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാവും. ഓപ്പറേഷണൽ ശേഷിയിൽ സിംഗപ്പൂർ തുറമുഖത്തേക്കാൾ വലുതാണ് വിഴിഞ്ഞം തുറമുഖം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും അനവധി തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെടാൻ പോകുന്നത്.

കഴിഞ്ഞ ഏഴ്‌ വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണിത്. അതിന്റെ ക്രെഡിറ്റ് ഇടതുപക്ഷ സർക്കാരിന് മാത്രമാണ്. കേരളത്തെ വികസനത്തിലേക്ക് നയിക്കുന്ന കപ്പിത്താൻ തന്നെയാണ് പിണറായി. അപ്പോൾ എങ്ങനെയാണ് കാര്യങ്ങൾ. എല്ലാ പ്രതിബന്ധങ്ങളേയും കുത്തിത്തിരിപ്പുകളെയും മറികടന്ന് ആദ്യ കപ്പൽ അടുക്കുമ്പോൾ ആദ്യം പറഞ്ഞ കാര്യം തന്നെയാണ് പറയാനുള്ളത്. സുധാകരനും സതീശനും പിന്നെ മാധ്യമങ്ങളുമെല്ലാം അങ്ങോട്ട് മാറി നിന്നാട്ടെ എന്ന്. ഇനി അഥവാ സങ്കടവും അസൂയയും തീരുന്നില്ലെങ്കിൽ മാറിനിന്നു കരയുകയല്ലാതെ വേറൊരു വഴിയും ഇല്ലതാനും.

English Summary: Vizhinjam Port is a dream project for Kerala.