കോട്ടയത്ത് അമോണിയ കയറ്റിയ ടാങ്കർ ലോറി തോട്ടിലേയ്ക്ക് മറിഞ്ഞു; കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം

എലിക്കുളം മഞ്ചക്കുഴി ഭാഗത്തുള്ളവർക്കാണ് ജാഗ്രത നിർദേശം നൽകിയിട്ടുള്ളത്.

0
169

കോട്ടയം: എലിക്കുളം തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജഗ്‌ഷനിൽ അമോണിയ കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞു. അമോണിയ തോട്ടിലേയ്ക്ക് വീണ് മീനുകൾ ചത്തുപൊന്തി. വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെയാണ് അപകടം നടന്നത്. വാഹനം ക്രൈയിൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും വൈദ്യുതിലൈനുകൾ സമീപത്തുള്ളതിനാൽ സാധിച്ചില്ല.

ട്രാൻസ്ഫോർമറിന് സമീപമാണ് ടാങ്കർലോറി മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം തലകീഴായിട്ടാണ് മറിഞ്ഞത്. എലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കിൽ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു.

അമോണിയ സമീപത്തെ കിണറുകളിലേക്കും പടരുകയാണ്. അതേസമയം, കിണർ വെള്ളം ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്നും ആരും പരിഭ്രമിക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. വെള്ളത്തിന് ഗന്ധമോ, നിറംമാറ്റമോ ശ്രദ്ധയിൽപെട്ടാൽ കിണർ തേകുകയും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് കിണർ ശുദ്ധീകരിക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

English Summary: Lorry with ammonia overturned in a canal in Kottayam.