തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊല; രണ്ട് ഗുണ്ടാത്തലവന്മാരെ പൊലീസ് വെടിവച്ചുകൊന്നു

എഐഡിഎംകെ നേതാവ് പാര്‍ഥിപൻ കൊലക്കേസിൽ ഒളിവിലായിരുന്നു കൊല്ലപ്പെട്ടവർ.

0
210

ചെന്നൈ: തിരുവള്ളുരില്‍ രണ്ട് ഗുണ്ടാതലവന്മാർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റുമരിച്ചു. ഷോളവാരത്ത് ആവഡി പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് കുപ്രസിദ്ധ ഗുണ്ടകളായ മുത്തു ശരവണൻ, സതീഷ് എന്നിവർ കൊല്ലപ്പെട്ടത്. മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.

എഐഡിഎംകെ നേതാവിനെ കൊലപ്പെടുത്തിയത് ഉള്‍പ്പടെ നിരവധി കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. ഇയാളുടെ സൂഹൃത്തും നിരവധി കേസുകളിലെ പ്രതിയുമാണ് കൊല്ലപ്പെട്ട മുത്തുശരവണനെന്നും പൊലീസ് പറഞ്ഞു. മുത്തു ശരവണനും സതീഷും കൊലപാതകം, പിടിച്ചുപറി, ഗുണ്ടായിസം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ്. പടിയനല്ലൂർ മുൻ പഞ്ചായത്ത് കൗൺസിൽ പ്രസിഡന്റിന്റെ കൊലപാതകം, നെല്ലൂരിലെ മുൻ പഞ്ചായത്ത് കൗൺസിൽ പ്രസിഡന്റിന്റെ കൊലപാതകം എന്നിവയുൾപ്പെടെ ഏഴ് കൊലപാതക കേസുകളിൽ മുത്തു ശരവണനെ പൊലീസ് തിരയുകയായിരുന്നു.

എഐഡിഎംകെ നേതാവ് പാര്‍ഥിപനെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതി സതീഷ് ഒളിവിലായിരുന്നു. ഒളിവിലുള്ള വിവരം അറിഞ്ഞ് ആവഡി പൊലീസ് സ്ഥലത്തെത്തി. ചോളവാരം വണ്ടല്ലൂർ പാർക്കിന് സമീപം പുത്തൂരിലും മാറമ്പുടിയിലും റൗഡികൾ പതിയിരിക്കുന്നതായി വിവരം ലഭിച്ചതിനെതുടർന്നാണ് പൊലീസ് ഇവരെ വളഞ്ഞത്. രക്ഷപ്പെടാൻ മുത്തു ശരവണൻ മാരകായുധങ്ങളുമായി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്വയരക്ഷാർത്ഥം പൊലീസ് വെടിയുതിർക്കുകയായിരുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ശരവണൻ സംഭവസ്ഥലത്തുവെച്ചും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സതീഷ് ആശുപത്രിയിലും മരിച്ചു.

മുത്തു ശരവണന്റെയും സതീഷിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. പരിക്കേറ്റ പൊലീസുകാർ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെതുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

English Summary: Two history-sheeters killed in police encounter in Tamil Nadu’s Sholavaram.