കോടികളുടെ സ്വർണ-വജ്രാഭരണ കവർച്ച; അന്തർ സംസ്ഥാനസംഘത്തെ സാഹസികമായി പിടികൂടി പൊലീസ്

സംഘത്തലവനും കൊടും ക്രിമിനലുമായ മുഹമ്മദ് സൽമാനെ യുപിയിലെ ബിജിനൂർ ജില്ലയില്‍ നിന്നാണ് പിടികൂടിയത്.

0
276
അറസ്റ്റിലായ മുഹമ്മദ് സൽമാൻ, റിസ്വാൻ സൈഫി, ആരീഫ് എന്നിവർ.

ആലപ്പുഴ: മാന്നാറില്‍ പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്ന് കോടികളുടെ സ്വർണ-വജ്രാഭരണങ്ങള്‍ കവർന്ന കേസിൽ അന്തർ സംസ്ഥാന സംഘത്തെ മാന്നാർ പൊലീസ് അതിസാഹസികമായി പിടികൂടി. ഉത്തര്‍പ്രദേശിലെ ബിജിനൂര്‍ ജില്ലയിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് സൽമാൻ (34), ആരീഫ് (30), റിസ്വാൻ സൈഫി (27) എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം അറസ്‌റ്റ്‌ ചെയ്‌തത്. യുപി, തെലങ്കാന, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്. റിയാസത്ത് അലി (34), മുഹമ്മദ് ഹസർ (40) എന്നിവർ ഒളിവിലാണ്.

സംഘത്തലവനും കൊടും ക്രിമിനലുമായ മുഹമ്മദ് സൽമാനെ യുപിയിലെ ബിജിനൂർ ജില്ലയില്‍ നിന്നാണ് പിടികൂടിയത്. ബിജിനൂർ ജില്ലാ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയ ശേഷം കേരളത്തിൽ എത്തിക്കുകയായിരുന്നു. പ്രത്യേക അന്വേഷകസംഘങ്ങൾ ഡൽഹിയിലെത്തി താമസിച്ച് സൈബർസെല്ലിന്റെ സഹായത്തോടെ പ്രതികളുടെ നീക്കങ്ങൾ കൃത്യമായി മനസിലാക്കി ഉത്തർപ്രദേശിലെത്തി. പ്രതികളെ പിടികൂടാൻ യുപി പൊലീസിന്റെ സഹായം തേടി. ഇവർ കൊടുംകുറ്റവാളികൾ ആണെന്ന്‌ അവിടെ വച്ചാണ്‌ മനസിലായത്‌. യുപി പൊലീസിനൊപ്പം രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിൽ കരിമ്പിൻകാട്ടിൽനിന്ന്‌ മുഹമ്മദ് സൽമാനെ പിടികൂടി. പിന്നാലെ പൊലീസ് ഹൈദരാബാദിലെത്തി റിസ്വാൻ സൈഫിയെയും ബംഗളൂരുവിൽനിന്ന്‌ ആരിഫിനെയും പിടികൂടി. സംഘത്തിലുള്ള ബാക്കി രണ്ടുപേർ മോഷണമുതലുകൾ പങ്കുവച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ പോയെന്ന്‌ പിടിയിലായവർ പറഞ്ഞു.

പിടിയിലായ ആരിഫ് മോഷണം നടന്ന വീടുകൾക്ക് 200 മീറ്റർ അടുത്ത്‌ ജെന്റ്‌സ് ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു. വീട്‌ അടഞ്ഞുകിടക്കുന്ന വിവരം ആരിഫ് മുഖാന്തരമാണ് മറ്റ് പ്രതികൾ അറിഞ്ഞതും ഇയാളാണ് ഇവരെ മാന്നാറിലേക്ക് ക്ഷണിച്ചതും. എല്ലാവരും മാന്നാറിലെത്തി കൃത്യം നിർവഹിച്ച് മടങ്ങി.

ബഹ്റൈനിൽ ബിസിനസ് നടത്തുന്ന രാജശേഖരൻ പിള്ളയുടെ കുട്ടമ്പേരൂരിലെ വീട്ടിലും ഡോ. ദിലീപ്കുമാറിന്റെ വീട്ടിലും കഴിഞ്ഞ മാസം 23 ന് രാത്രിയിലാണ് മോഷ്ടാക്കള്‍ എത്തിയത്. വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ചുകളും ഉൾപ്പെടെ കോടികളുടെ സാധനങ്ങള്‍ പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ചു. സംഭവത്തെത്തുടർന്ന് പ്രത്യേക അന്വേഷകസംഘം രൂപീകരിച്ച് മൂന്നായി തിരിഞ്ഞ് പ്രതികൾക്കായി അന്വേഷണം നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ശാസ്‌ത്രീയ തെളിവുകളും എല്ലാം വിരൽചൂണ്ടിയത് അന്യസംസ്ഥാന കുറ്റവാളികളിലേക്കായിരുന്നു.

തുടർന്ന് മാന്നാർ എസ്എച്ച്ഒ ജോസ് മാത്യുവിന്റെയും എസ്ഐ സി എസ് അഭിരാമിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം നിരന്തരം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. മാന്നാർ എസ്എച്ച്ഒ ജോസ് മാത്യു, എസ്ഐമാരായ സി എസ് അഭിരാം, സുധീപ്, മോഹൻകുമാർ, ക്രൈം ബ്രാഞ്ച് എഎസ്ഐ സുധീർ, എഎസ്ഐ മധു, സീനിയർ സിപിഒമാരായ ഉണ്ണികൃഷ്‌ണപിള്ള, മുഹമ്മദ് ഷെഫീക്ക്, അരുൺ ഭാസ്‌കർ, സാജിദ്, സിദ്ദിഖ് ഉൾ അക്ബർ, സിപിഒ ഹരിപ്രസാദ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷകസംഘമാണ് പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്.

English Summary: Heist of crores of gold and diamonds; Police caught the inter-state gang.