‘റിപ്പോര്‍ട്ടര്‍ ചാനലാണല്ലേ..? എങ്കില്‍ പൊള്ളും’; മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിന് സർക്കാരിനെ കരിവാരിത്തേക്കരുത്- മുഖ്യമന്ത്രി

കള്ളവാർത്തയിലൂടെ മാധ്യമങ്ങൾ അപകീർത്തിപ്പെടുത്തുന്നത്‌ നാടിനെയാണെന്നും മുഖ്യമന്ത്രി.

0
163

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമന തട്ടിപ്പ് കേസിൽ കള്ളവാർത്ത സൃഷ്ടിച്ചതിനെതിരെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് അന്വേഷിച്ചു കണ്ടെത്തട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെ മനഃപൂര്‍വം താറടിക്കാന്‍ ശ്രമം നടക്കുന്നു. മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരത്തിന് സര്‍ക്കാരിനെ കരിവാരിത്തേക്കരുത്. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ആരും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ ഉള്‍പ്പെടുന്നില്ല. കേസിലെ പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

കള്ളവാർത്തയ്‌ക്ക്‌ വൻ പ്രചാരണം നൽകി ശുദ്ധമായി പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. ആരോഗ്യവകുപ്പ് നിപയെ പ്രതിരോധിച്ച് ജയിച്ച് യശസോടെ നിൽക്കുന്ന സമയത്താണ് ഇല്ലാത്ത കാര്യം കെട്ടിച്ചമക്കാൻ ശ്രമമുണ്ടായത്. പരാതി ഉന്നയിച്ച ആളുകൾക്കെല്ലാം അതിൽ പങ്കുണ്ടെന്നാണ് മനസിലാകുന്നത്. അവർ അവിടേക്ക് എത്താൻ മറ്റാരെങ്കിലും പിന്നിൽ പ്രവർത്തിച്ചോയെന്നാണ് അറിയാനുള്ളത്. കള്ളവാർത്തയ്ക്ക് മാധ്യമങ്ങൾ വലിയ പ്രചാരണം നൽകി. ഈ രീതിയിലാണോ പോകേണ്ടതെന്ന് സ്വയംവിമർശനപരമായി കാണണം. ഇത് സർക്കാരിനെ താറടിക്കുന്നത് മാത്രമല്ല. ഇത് നാടിനെയാണ് അപകീർത്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രതിപക്ഷമാണ്, അല്ലാതെ ഭരണപക്ഷമല്ല. ഉള്ളത് പറയുമ്പോൾ മറ്റെയാൾക്ക് തുള്ളല് എന്ന രീതിയാണ് ഇവിടെ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ ചിലർ വരുമ്പോൾ വലിയ മാധ്യമങ്ങളെ മറികടക്കാനുള്ള മത്സരത്തിന് ശുദ്ധമായി നടക്കുന്ന മന്ത്രിയെയും ഓഫീസിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കേണ്ടതില്ലല്ലോ. കള്ളവാർത്തയ്ക്ക് പരമാവധി പ്രചാരണം കൊടുക്കാൻ ശ്രമിച്ചു. തിരുത്ത് കൊടുക്കുന്നത് എങ്ങനെയാണ്? വീഴ്‌ച തുറന്ന് സമ്മതിക്കാൻ മാധ്യമങ്ങൾ ഇപ്പോഴും തയ്യാറായിട്ടില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ മാധ്യമങ്ങളുടെ ഉപദേശം തേടിയാണോ പ്രവര്‍ത്തിക്കുന്നത്. എങ്ങോട്ടാണ് നമ്മുടെ രാഷ്ട്രീയം മാറുന്നത് എന്നാണ് ശ്രദ്ധിക്കേണ്ടത്. കെപിസിസി യോഗത്തില്‍ രാജ്യത്തെ തന്നെ ഉന്നതനായ പിആര്‍ വിദഗ്ധനെ പങ്കെടുപ്പിക്കുന്നു. ഇതിലൂടെ ഏത് രീതിയിലുള്ള മാറ്റമാണ് കൊണ്ടുവരാന്‍ സാധിക്കുക. ഇല്ലാകഥകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക. അതിന് ആശയം നല്‍കുക. അതിന് വലിയ തോതില്‍ പണം നല്‍കുക. ആളുകളെ നല്‍കുക, പ്രലോഭനങ്ങള്‍ നടത്തുക. ഇതാണ് സംഭവിക്കുന്നത്. ഇത് മാതൃകാപരമാണോ എന്ന് ആലോചിക്കണം എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

English Summary: Fake News; Pinarayi Vijayan against Reporter TV.