‘ഗുരുസേവയുടെ’ മറവിൽ ലൈംഗിക ചൂഷണം; ഡൽഹിയിൽ ആൾദൈവം അറസ്റ്റിൽ

പീഡനപരാതികളിൽ അന്വേഷണം നടക്കുന്നതായി പൊലീസ്.

0
222

ന്യൂഡൽഹി: ആൾദൈവം ചമഞ്ഞ് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഡൽഹി കക്ക്റോളയിൽ ആശ്രമം സ്ഥാപിച്ച് തട്ടിപ്പും ലൈംഗിക ചൂഷണവും പതിവാക്കിയ വിനോദ് കശ്യപ് എന്നയാളെയാണ് ദ്വാരക നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മാതാ മസാനി ചൗക്കി ദർബാർ എന്ന പേരിലായിരുന്നു ആശ്രമം സ്ഥാപിച്ചിരുന്നത്. ആഴ്ചകൾ തോറും ധാർമിക പ്രഭാഷണവും പ്രശ്ങ്ങൾക്ക് പരിഹാരവും നൽകുമെന്ന് പറഞ്ഞായിരുന്നു ചൂഷണം. ഡൽഹി, ലോണി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇയാളുടെ അനുയായികളിൽ ഏറെയും. ഇയാളുടെ അടുത്തേക്ക് എത്തുന്ന സ്ത്രീകളെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് പറഞ്ഞാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്.

ദ്വാരക നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ടു സ്ത്രീകൾ ഇയാൾക്കെതിരെ പീഡന പരാതി നൽകിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ പറഞ്ഞു. രണ്ട് പരാതിയിലും ഭക്തകളായ സ്ത്രീകളെ അവരുടെ പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന ഇയാൾ ക്ഷണിക്കുകയായിരുന്നു. തുടർന്ന് പരിഹാരത്തിന് ‘ഗുരുസേവ’ ചെയ്യൽ നിർബന്ധമാണെന്ന് പറഞ്ഞശേഷം ലൈംഗികമായി ഉപദ്രവിച്ചു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ വലിയ ​തിരിച്ചടി ഉണ്ടാകുമെന്നും ഇയാൾ സ്ത്രീകളെ ഭീഷണിപ്പെടുത്തി.

വന്ധ്യത മുതൽ കുടുംബത്തിലെ തർക്കങ്ങൾ വരെയുള്ള വിവിധ പ്രശ്നങ്ങളിൽ താൻ പരിഹാരം കാണുമെന്നാണ് ഇയാൾ പ്രസംഗങ്ങളിൽ വെളിപ്പെടുത്തിയിരുന്നത്. തങ്ങളുടെ പക്കൽനിന്ന് പണം കൈവശപ്പെടുത്തിയതായും ഇരകൾ പരാതിയിൽ ഉന്നയിച്ചു. തങ്ങളുടെ ആഭരണം ഉൾപ്പെടെ വിറ്റാണ് സ്ത്രീകൾ ഇയാൾക്ക് പണം നൽകിയത്. കൂടുതൽ അന്വേഷണം നടന്നുവരുകയാണ്. ആയിരക്കണക്കിന് ഫോളോവർമാരുള്ള യൂട്യൂബ് ചാനലും ഈ ആശ്രമത്തിന്റെ പേരിൽ നടത്തുന്നുണ്ട്.

English Summary: Dwarka ‘godman’ arrested for raping, blackmailing women.