മൂന്നര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 100 വര്‍ഷം കഠിനതടവും 4 ലക്ഷം പിഴയും

ദൃക്സാക്ഷിയുണ്ടെന്ന അപൂര്‍വതയുള്ള കേസ് കൂടിയാണിത്.

0
168

പത്തനംതിട്ട: മൂന്നര വയസുകാരിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയ കേസില്‍ പ്രതിക്ക് നൂറ് വര്‍ഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും. പത്തനാപുരം പുന്നല കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദി (32) നെയാണ് അടൂര്‍ ഫസ്റ്റ് ട്രാക്ക് ആന്റ് സ്‌പെഷ്യല്‍ ജഡ്ജി എ സമീർ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കണം. അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ശിക്ഷ ഒരുമിച്ച് ഒരു കാലയളവ് അനുഭവിച്ചാല്‍ മതി. ദൃക്സാക്ഷിയുണ്ടെന്ന അപൂര്‍വതയുള്ള കേസ് കൂടിയാണിത്. ദൃക്സാക്ഷി എട്ടുവയസുകാരിയായ മൂത്തകുട്ടിയെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതിൽ അടൂര്‍ പൊലീസ് ആദ്യം കേസെടുത്തിരുന്നു. ഇളയകുട്ടിക്കും പീഡനം ഏല്‍ക്കേണ്ടിവന്നു എന്ന് വ്യക്തമായതിനെതുടര്‍ന്ന് രണ്ടാമത്തെ കേസെടുക്കുകയായിരുന്നു.

പ്രതി മുമ്പ് താമസിച്ചിരുന്ന ഏനാദിമംഗലത്തെ വീട്ടില്‍ വെച്ച് 2021 ഡിസംബര്‍ 18 ന് രാത്രി എട്ടരയ്ക്കാണ് കുട്ടിയെ പീഡിപ്പിച്ചത്. അടൂര്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷ് ആണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാല്‍സംഗത്തിനും, പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കുമാണ് കേസെടുത്തത്. എന്നാല്‍ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. മൂത്തകുട്ടിയെ ബലാല്‍സംഗം ചെയ്തതിന് രജിസ്റ്റര്‍ ചെയ്ത ആദ്യകേസില്‍ വിചാരണ ഇതേ കോടതിയിൽ നടക്കുകയാണ്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ അമ്മ ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞുകൊടുക്കവേ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നല്‍കിയപ്പോഴാണ് എട്ടുവയസുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയെ അറിയിച്ചത്. തുടര്‍ന്നാണ് അടൂര്‍ പൊലീസിൽ പരാതി നൽകിയത്.

ദൃക്‌സാക്ഷി ഉള്ളതിനാല്‍ അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പോക്‌സോ നിയമത്തിലെ 4 (2), 3(a) പ്രകാരം 20 വര്‍ഷം കഠിനതടവും 50000 രൂപ പിഴയും, പോക്‌സോ 4(2), 3(d) അനുസരിച്ച് 20 വര്‍ഷവും 50000 രൂപയും, പോക്‌സോ 6, 5(l) പ്രകാരം 20 വര്‍ഷവും ഒരു ലക്ഷം രൂപയും, 6, 5(m) അനുസരിച്ച് 20 വര്‍ഷവും ഒരു ലക്ഷവും, 6, 5(n) പ്രകാരം 20 വര്‍ഷവും ഒരു ലക്ഷം രൂപയും ചേര്‍ത്താണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന്‍ പതിനെട്ട് രേഖകളും പതിനേഴ് സാക്ഷികളെയും ഹാജരാക്കി. പ്രോക്‌സിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിതാ ജോണ്‍ പി ഹാജരായി.

English Summary: Hundred year imprisonment for the accused who molested girl.