ലീഗിന്റെ പച്ചക്കൊടിക്ക് കീഴില്‍ നിന്നാല്‍ സ്വര്‍ഗത്തിന്റെ തണല്‍ കിട്ടും; സാദിഖലി തങ്ങള്‍

ഹരിത പതാകയുടെ തണല്‍ ദൈവീക സിംഹാസനത്തിൻ്റെ തണൽ വരെ നയിക്കുമെന്നും സാദിഖലി തങ്ങള്‍.

0
144

മലപ്പുറം: മുസ്ലിംലീഗിന്റെ പച്ചക്കൊടി പരലോക വിജയത്തിന് സഹായകരമാവുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍. പ്രതിസന്ധികളില്‍ പതറരുതെന്നും ഹരിത പതാകയുടെ തണല്‍ ദൈവിക സിംഹാസനത്തിൻ്റെ തണൽ വരെ നയിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. തിരൂര്‍ ആലത്തിയൂര്‍ മുസ്ലിംലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

‘മുസ്ലീംലീഗ് ആത്മീയ പാര്‍ട്ടി കൂടിയാണ്. പ്രതിസന്ധികള്‍ വന്നു കൊണ്ടിരിക്കും. അതില്‍ പതറി നമ്മള്‍ പിന്നോട്ട് പോകാന്‍ പാടില്ല. പതറാതെ പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കണം. നമ്മുടെ നേതാക്കന്മാര്‍ ഏല്‍പ്പിച്ച ഈ ഹരിത പതാകയുടെ തണല്‍ നമുക്ക് എന്നുമുണ്ടാകും. ഹര്‍ഷിന്റെ തണലിലേക്ക് വരെ അത് മുസ്ലീം സമുദായത്തെ നയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകുക’- തങ്ങള്‍ പറഞ്ഞു. സമസ്ത മുസ്ലീംലീഗ് ബന്ധം സംബന്ധിച്ച് വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.

അതിനിടെ, അധിക്ഷേപ പരാമർശം നടത്തിയ മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം). സലാമിന്റെ പരാമർശത്തിനെതിരായ പരാതി ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളോട് ഉന്നയിക്കാനും തീരുമാനിച്ചു. ലീഗ്‌ തുടരുന്ന അധിക്ഷേപം ചർച്ചചെയ്യാൻ ചൊവ്വാഴ്‌ച കോഴിക്കോട്‌ ചേർന്ന മുശാവറ യോഗത്തിലാണ്‌ തീരുമാനം.

മുശാവറയിലെ മുതിർന്ന പണ്ഡിതർ സാദിഖലി തങ്ങളെ കാണും. ലീഗ്‌ നേതാക്കൾ പരസ്യമായി നടത്തുന്ന അധിക്ഷേപത്തിലും പരിഹാസത്തിലും യോഗത്തിൽ കടുത്ത അമർഷമുയർന്നു. കഴിഞ്ഞദിവസം സാദിഖലി നടത്തിയ തല അറിയാതെ വാല്‌ ആടുന്നുവെന്ന പരാമർശവും ചർച്ചയായി. ജിഫ്രി തങ്ങളെയടക്കമുള്ള നേതാക്കൾക്കെതിരെ പരസ്യമായും സമൂഹമാധ്യമങ്ങളിലൂടെയും നടത്തുന്ന തെറ്റായ വിമർശത്തിൽ ഒറ്റക്കെട്ടായ പ്രതികരണം യോഗത്തിലുണ്ടായി.

English Summary: Under the green flag of the League you will find the shade of heaven; Sadikhali Thangal.