ലീഗ് വിട്ടുവീഴ്ചയ്ക്കില്ല; മൂന്നാം സീറ്റ് കിട്ടിയേ പറ്റുവെന്ന് നേതൃയോഗം

മൂന്നാം സീറ്റ് വേണമെന്ന ആവശ്യം യുഡിഎഫ് യോഗത്തിൽ ഉന്നയിക്കാൻ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തി.

0
742

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു സീറ്റുകൂടി വേണമെന്ന് മുസ്ലിംലീഗ്. മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനും വിട്ടുവീഴ്ച വേണ്ടെന്നും അഖിലേന്ത്യാ നേതൃയോഗത്തിൽ ധാരണയായി. ഒക്ടോബർ അവസാനവാരം ചേരുന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിൽ ഇക്കാര്യം കർക്കശമായി ഉന്നയിക്കാനും തീരുമാനിച്ചു. കഴിഞ്ഞയാഴ്ച ചേർന്ന യുഡിഎഫ് യോഗത്തിൽ വിഷയം ലീഗ് അവതരിപ്പിച്ചുവെങ്കിലും സീറ്റ് വിഭജനം ചർച്ചയായിട്ടില്ലെന്ന കാര്യം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു കോൺഗ്രസ്.
മൂന്നാമത്തെ സീറ്റിന്റെ കാര്യത്തിൽ ഇക്കുറി വിട്ടുവീഴ്ച വേണ്ടെന്നും ഈ വിഷയത്തിലുള്ള ഉറച്ച നിലപാട് യുഡിഎഫിൽ അറിയിക്കാനും അഖിലേന്ത്യാ യോഗം തീരുമാനിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് അധികസീറ്റിന് അർഹതയുണ്ടെന്ന് ഒരാഴ്ച മുമ്പ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.

ചൊവ്വാഴ്ച സമാപിച്ച ലീഗ്‌ അഖിലേന്ത്യാ നേതൃയോഗമാണ് മൂന്നാം സീറ്റ് ആവശ്യപ്പെടാൻ തീരുമാനിച്ച് പിരിഞ്ഞത്. കഴിഞ്ഞ തവണ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് മൂന്നാം സീറ്റിനുവേണ്ടി ലീഗ് ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും കോൺഗ്രസ് അത് അംഗീകരിച്ചിരുന്നില്ല. എന്നാൽ, ഇത്തവണ മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ഉടൻ ചേരുന്ന യു ഡി എഫ് ഉന്നതാധികാര യോഗത്തിൽ ഉന്നയിക്കാൻ യോഗം പി കെ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തി. പി കെ കുഞ്ഞാലിക്കുട്ടിയാണ് മൂന്നാം സീറ്റ് വേണമെന്ന ആവശ്യം യോഗത്തിൽ അവതരിപ്പിച്ചത്. നാല് ലോകസഭാ മണ്ഡലങ്ങളുടെ പട്ടികയാണ് ലീഗ് മുന്നോട്ട് വെച്ചിട്ടുള്ളത്. വയനാട്, വടകര, കാസർകോട്, കോഴിക്കോട് എന്നിവ. ഇതിൽ വയനാട്, അല്ലെങ്കിൽ വടകര എന്നീ മണ്ഡലങ്ങൾക്കാണ് മുൻഗണന. ഇവ രണ്ടും അനുവദിച്ചില്ലെങ്കിൽ കാസർകോട് അല്ലെങ്കിൽ കോഴിക്കോട് സീറ്റ് ആവശ്യപ്പെടും. മുൻവർഷങ്ങളിൽ പലപ്പോഴും ലീഗ് വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും എന്നാൽ, ഇക്കുറി അതുവേണ്ടെന്നുമാണ് നേതൃയോഗം തീരുമാനമെടുത്തത്.

വയനാട്‌ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്നതാണ്‌ ലീഗ്‌ താൽപ്പര്യമെന്ന്‌ യോഗശേഷം പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ മലപ്പുറത്ത്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട്‌, അല്ലെങ്കിൽ വടകരയോ വേണമെന്നാണ്‌ ആവശ്യം. ‘ഇന്ത്യ’ കൂട്ടായ്‌മയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാതിരിക്കാനുള്ള സാധ്യതയും മലപ്പുറത്തെ മൂന്ന് നിയമസഭാ മണ്ഡലം വയനാട്‌ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലാണെന്നതും ലീഗ്‌ ചൂണ്ടിക്കാട്ടുന്നു. വയനാട്ടിൽ യു ഡി എഫിന്റെ വിജയത്തിൽ നിർണായക പങ്കാളിത്തം ലീഗിന്റെ വോട്ടുകളാണ്. അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് തന്നെ വേണം.

കഴിഞ്ഞയാഴ്ച ചേർന്ന യുഡിഎഫ് യോഗത്തിൽ ലീഗ് ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാൽ, സീറ്റ് വിഭജനം സംബന്ധിച്ച് അടുത്ത യോഗത്തിൽ ധാരണയുണ്ടാക്കാൻ എന്നാണ് കൺവീനർ എം എം ഹസൻ യോഗത്തെ അറിയിച്ചത്. മലപ്പുറം ജില്ലക്ക് പുറമെ വടക്കൻ കേരളത്തിൽ പുതുതായി ഒരു സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. ഇക്കാര്യം അടുത്ത യു ഡി എഫ് യോഗത്തിൽ ശക്തമായി ഉന്നയിക്കാനും തീരുമാനിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും സമാന ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും കോൺഗ്രസ് അത് അനുവദിച്ചില്ല. മൂന്നാമത്തെ സീറ്റിന്റെ കാര്യത്തിൽ ഇക്കുറി വിട്ടുവീഴ്ച വേണ്ടെന്നും യുഡിഎഫിൽ തീരുമാനമുണ്ടാക്കണമെന്നുമാണ് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെടുന്നത്.
ഇത്തവണ പൊതു തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ലീഗ് മുന്നോട്ട് വെക്കുമെന്ന് ‘നേരറിയാൻ ഡോട്ട് കോം’ സെപ്തംബർ 25 നു റിപ്പോർട്ട് ചെയ്തിരുന്നു.

English Summary: