കെ എം ഷാജിക്ക് തിരിച്ചടി; പണം വിട്ടുകിട്ടാന്‍ ഷാജി 94.7 ലക്ഷം രൂപയുടെ ജാമ്യം നല്‍കണം

ഷാജി നൽകിയ കണക്കുകൾ തമ്മിൽ വലിയ പൊരുത്തക്കേടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

0
268

കൊച്ചി: പ്ലസ്ടു കോഴക്കേസിൽ വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ കിട്ടണമെങ്കിൽ മുസ്ലിംലീഗ് നേതാവ് കെ എം ഷാജി 94.7 ലക്ഷം രൂപയുടെ ജാമ്യം നല്‍കണം. റെയ്ഡിലൂടെ വിജിലന്‍സ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ വിട്ടുകിട്ടാന്‍ കര്‍ശന ഉപാധികളാണ് ഹൈക്കോടതി കെ എം ഷാജിക്ക് നല്‍കിയത്. വിജിലന്‍സ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപയുടെ കറന്‍സി വിട്ടുകിട്ടണമെങ്കിൽ തുല്യതുകയുടെ ദേശസാല്‍കൃത ബാങ്ക് ഗാരന്റി, തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യം, വിചാരണ കോടതിയുടെ മുന്നില്‍ നല്‍കേണ്ടിവരുന്ന ഇരട്ടി തുകയുടെ ജാമ്യം, ബാങ്ക് ഗാരന്റിക്ക് നല്‍കേണ്ടി വരുന്ന സര്‍വീസ് ചാർജ് പ്രത്യേകം എന്നിവ കെ എം ഷാജി നൽകണമെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്.

അനധികൃത സ്വത്ത് സമ്പാദനകേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിച്ചെടുത്ത പണം മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്ക് തിരിച്ചു നല്‍കാന്‍ ചൊവ്വാഴ്ചയാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ ഉത്തരവിട്ടത്. എന്നാൽ, തുക വിട്ടുകിട്ടണമെങ്കിൽ നൽകേണ്ട കർശന ഉപാധികൾ മറച്ചുവെച്ചാണ് മാധ്യമങ്ങൾ വാർത്ത കൊടുത്തത്. വിട്ടുനൽകുന്ന 47,35,500 രൂപയ്ക്ക്‌ പകരമായി രണ്ടാളുകളുടെ ബോണ്ടും തുല്യമായ തുകയുടെ ദേശസാൽകൃത ബാങ്കിൽ നിന്നുള്ള ബാങ്ക് ഗ്യാരണ്ടിയും നൽകണം. അന്വേഷണം പൂർത്തിയാക്കുമ്പോൾ ഷാജി പ്രതിയാണെങ്കിൽ കേസ് വിചാരണ തീരുന്നത് വരെ ബാങ്ക് ഗ്യാരണ്ടിക്ക് സാധുത ഉണ്ടായിരിക്കണം. കേസ് തീർപ്പാക്കുന്നതുവരെ ബാങ്ക് ഗ്യാരണ്ടി സാധുതയുള്ളതായി സൂക്ഷിക്കുന്നു എന്ന് പ്രത്യേക ജഡ്ജി ഉറപ്പാക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനുപുറമെ വളരെ നിർണായകവും സുപ്രധാനവുമായ നിരീക്ഷണങ്ങൾ ഹൈക്കോടതി നടത്തിയിട്ടുണ്ട്. അവ ഇങ്ങനെ. പിടിച്ചെടുത്ത കറന്‍സിയുടെ ഉറവിടം വിചാരണകോടതിക്ക് ബോധ്യപ്പെടണം. നികുതി നല്‍കാനുള്ള വരുമാനം ഇല്ലെന്നാണ് 2015 -2016, 2019-20 സാമ്പത്തിക വര്‍ഷങ്ങളില്‍ ആദായനികുതി റിട്ടേണില്‍ കാണിച്ചത്. നികുതി ബാധ്യതയില്ലെന്ന് കാണിച്ചതിന്റെ തൊട്ടടുത്ത സാമ്പത്തികവര്‍ഷം കെ എം ഷാജി നികുതി നല്‍കിയത് 10.47 ലക്ഷം രൂപ. ഇത്രയും തുക പെട്ടെന്ന് നികുതി ബാധ്യതയായി വരുന്നത് ആശ്ചര്യകരമെന്നാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. കെ എം ഷാജി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകളിലെ പൊരുത്തക്കേടും വിജിലന്‍സ് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 47 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫണ്ടായി ലഭിച്ചന്നായിരുന്നു ഷാജിയുടെ വാദം. ഹാജരാക്കിയത് പക്ഷേ ആറ് ലക്ഷം രൂപയുടെ രസീത് മാത്രം. പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച പണവും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും വിജിലന്‍സ് കോടതി നിരീക്ഷിച്ചു. വിജിലന്‍സ് കോടതിയുടെ നിരീക്ഷണത്തിലും വിധിയിലും പിഴവുണ്ടെന്നായിരുന്നു കെ എം ഷാജിയുടെ ആക്ഷേപം. പിടിച്ചെടുത്ത തുകയുടെ ഉറവിടത്തില്‍ ഉള്‍പ്പടെ വിജിലന്‍സ് കോടതി പ്രഥമദൃഷ്ട്യാ സംശയങ്ങള്‍ പ്രകടിപ്പിച്ചതില്‍ പിഴവില്ലെന്നാണ് ഹൈക്കോടതിയുടെ വിധി.

അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാനായി കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലായിരുന്നു വിജിലന്‍സിന്റെ റെയ്ഡ്. കെ എം ഷാജിയുടെ വീടിന്റെ കക്കൂസിൽ നിന്നും കട്ടിലിന്റെ അടിയിൽനിന്നുമായിരുന്നു അര കോടിയോളം രൂപ പിടിച്ചെടുത്തത്. ഫലത്തിൽ പിടിച്ചെടുത്ത തുക തിരികെ കിട്ടണമെങ്കിൽ 94.7 ലക്ഷം രൂപയുടെ ജാമ്യം നൽകുക മാത്രമല്ല, കോടതി ആവശ്യപ്പെടുന്ന സമയത്ത് ആ തുക ഹാജരാക്കുകയും വേണം. നിയമപരമായും രാഷ്ട്രീയമായും കെ എം ഷാജിക്ക് വലിയ തിരിച്ചടി തന്നെയാണ് തുക വിട്ടുകൊടുത്തുള്ള ഹൈക്കോടതി ഉത്തരവ്.

English Summary: KM Shaji has to pay a surety of Rs 94.7 lakh to release the money seized by the Vigilance.